വീഴ് മലയുടെ താഴ്വരക്ക് എന്നും ചെഞ്ചുവപ്പ്
text_fieldsആലത്തൂർ മണ്ഡലം
ആലത്തൂർ: വീഴ് മലയുടെ താഴ്വരയും കാർഷികമേഖലയുമായ ആലത്തൂർ നിയമസഭ നിയോജക മണ്ഡലം രൂപവത്കരണ കാലം മുതൽ ഇടതിനൊപ്പമാണ് സഞ്ചരിച്ചിരുന്നത്. 1991ലെ ഒരു ചാഞ്ചാട്ടം മാത്രമാണ് മണ്ഡലത്തിന്റെ ചുവപ്പൻ കൂട്ടിന് അപവാദം.
1957 മുതൽ 1970 വരെ സി.പി.എമ്മിലെ ആർ. കൃഷ്ണനായിരുന്നു നെല്ലറ ഗ്രാമമായ ആലത്തൂരിനെ പ്രതിനിധീകരിച്ചത്. 1977ൽ ഇ.എം.എസ്. നമ്പൂതിരിപ്പാടായിരുന്നു ഇവിടെ മത്സരിച്ചത്. അതുവരെ പട്ടാമ്പിയിൽ മത്സരിച്ചിരുന്ന ഇ.എം.എസ് അവിടെ വിജയസാധ്യത കുറഞ്ഞെന്ന ആശങ്കയുടെ പേരിലായിരുന്നു ആലത്തൂരിലേക്ക് മാറിയത്. എന്നാൽ, ആലത്തൂരിൽ കോൺഗ്രസിലെ വി.എസ്. വിജയരാഘവനോട് മത്സരിച്ച ഇ.എം.എസ് കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നുവെന്ന് പറയാം. 1999 വോട്ട് മാത്രമായിരുന്നു ഇ.എം.എസിന്റെ ഭൂരിപക്ഷം.
ആ തെരത്തെടുപ്പ് എല്ലാവരിലും ഞെട്ടലുളവാക്കി. എന്നാൽ, തൊട്ടടുത്ത തെരഞ്ഞെടുപ്പുകളിൽ സി.പി.എം ആ ക്ഷീണം മാറ്റിയെടുത്തു. 1980ലും 1982ലും സി.പി.എമ്മിലെ സി.ടി. കൃഷ്ണൻ യഥാക്രമം 5982 വോട്ടും 11,314 വോട്ടും ഭൂരിപക്ഷം നേടി.
1987ൽ സി. രാമചന്ദ്രൻ മാസ്റ്ററെ പരാജയപ്പെടുത്തി സി.പി.എമ്മിലെ സി.കെ. രാജേന്ദ്രൻ വിജയിച്ചു. പക്ഷെ ഭൂരിപക്ഷം സർവകാല റെക്കോർഡിലേക്ക് താഴ്ന്നു. 1211 ആയിരുന്നു അന്നത്തെ ഭൂരിപക്ഷം. അതിന് ശേഷം1991ലാണ് മണ്ഡലം സി.പി.എമ്മിന് കൈമോശം വന്നത്. അന്ന് യു.ഡി.എഫിലെ എ.വി. ഗോപിനാഥായിരുന്നു 336 വോട്ടിന്റെ കുറഞ്ഞ ഭൂരിപക്ഷത്തിൽ വലിയ വിജയം നേടിയത്. പരാജയപ്പെട്ടത് സി.പി.എമ്മിലെ വി. സുകുമാരൻ മാസ്റ്ററും. 1996ൽ മണ്ഡലം തിരിച്ചുപിടിച്ച സി.പി.എമ്മിന് പിന്നീടുള്ള തെരഞ്ഞെടുപ്പുകളിലെല്ലാം വിജയമായിരുന്നു. നിലവിൽ ആലത്തൂർ നിയമസഭ മണ്ഡലത്തിലെ ഏഴ് ഗ്രാമപഞ്ചായത്തുകളിലും എൽ.ഡി.എഫാണ് ഭരിക്കുന്നത്.
2021 നിയമസഭ തെരഞ്ഞെടുപ്പ്
കെ.ഡി. പ്രസേനൻ സി.പി.എം 74653
പാളയം പ്രദീപ് ഐ.എൻ.സി 40535
പ്രശാന്ത് ശിവൻ ബി.ജെ.പി 18349
ഭൂരിപക്ഷം 34,118
ആരാകും സ്ഥാനാർത്ഥി ?
നിലവിലെ എം.എൽ.എ കെ.ഡി. പ്രസേനന് സാധ്യതയില്ലെങ്കിൽ വി. പൊന്നുകുട്ടന്റെ പേരാണ് എൽ.ഡി.എഫിന്റെ മുൻഗണയിലുള്ളത്. യു.ഡി.എഫിൽ നിലവിലെ ജില്ല പഞ്ചായത്ത് മെമ്പറും ഡിസിസി സെക്രട്ടറിയുമായ കെ.എം. ഫെബിനാണ് പറഞ്ഞുകേൾക്കുന്നതിലെ പ്രമുഖ പേര്. ഡി.സി.സി സെക്രട്ടറി കുഴൽമന്ദത്തെ കൃഷ്ണദാസ്, കെ.പി.സി.സി മെമ്പർ വി. സുദർശൻ, ആലത്തൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.വി. കണ്ണൻ എന്നിവരുടെ പേരുകളും പരിഗണിക്കുന്നുണ്ട്.
എൻ.ഡി.എയിൽ കഴിഞ്ഞ തവണ മത്സരിച്ച പ്രശാന്ത് ശിവൻ, എ.കെ. ഓമനക്കുട്ടൻ, എം.കെ. ലോകനാഥൻ, നിലവിലെ നിയോജക മണ്ഡലം പ്രസിഡന്റ് എം.ബി. ശ്രീനിവാസൻ എന്നിങ്ങനെ പേരുകളാണ് പരിഗണിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

