നാളെയുടെ ശാസ്ത്രജ്ഞർ ഇവിടെയുണ്ട്! ഇന്നൊവേഷൻ സോൺ ശ്രദ്ധേയമായി
text_fieldsപാലക്കാട് ഗവ. മോയൻ മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ശാസ്ത്രോത്സവത്തിന്റെ സുവനീർ ‘താരാപഥം’ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രകാശനം ചെയ്തപ്പോൾ
പാലക്കാട്: യുവപ്രതിഭകളുടെ ആശയങ്ങളാൽ സമ്പന്നമായ ‘ഇന്നൊവേഷൻ സോൺ’ സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവ വേദിയിൽ ശ്രദ്ധേയമായി. ഭാരതമാത ഹയർ സെക്കൻഡറി സ്കൂളിൽ പ്രത്യേകം സജ്ജീകരിച്ച പവലിയനിൽ ആരംഭിച്ച ‘വൈ.ഐ.പി (യങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം) ശാസ്ത്രപഥം 7.0’ ലെ സംസ്ഥാന വിജയികളുടെ പ്രദർശനത്തിലാണ് നാളത്തെ ശാസ്ത്രലോകത്തേക്ക് വെളിച്ചമേകുന്ന കണ്ടുപിടിത്തങ്ങൾ ശ്രദ്ധ നേടിയത്.
യുവാക്കളിലെ നൂതന ആശയങ്ങളെ വിദഗ്ധരുടെ സഹായത്തോടെ വളർത്തിയെടുക്കുന്നതിന് കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ ഡിസ്ക്) ആരംഭിച്ചിട്ടുള്ള പദ്ധതിയാണ് വൈ.ഐ.പി. പദ്ധതി എട്ടാം ഘട്ടത്തിലേക്ക് (8.0) കടന്നെങ്കിലും ഇതാദ്യമായാണ് ശാസ്ത്രോത്സവ വേദിയിൽ പ്രദർശനമായി നടത്തുന്നത്. വിവിധ ജില്ലകളിൽനിന്നുള്ള വിദ്യാർഥികളുടെ 19 സ്റ്റാളുകളിലായാണ് പ്രദർശനം നടക്കുന്നത്. പാലക്കാട് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് കെ. ബിനുമോൾ പ്രദർശനം ഉദ്ഘാടനം ചെയ്തു. വിദ്യാർഥികൾ അവതരിപ്പിക്കുന്ന ആശയങ്ങളെ മേഖലയിലെ വിദഗ്ധരുടെ സഹായത്തോടെ പരിശീലനം നൽകി നാടിന് ഗുണകരമായ കണ്ടുപിടിത്തങ്ങളായി വളർത്തുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ആറ് മുതൽ ഏഴ് മാസം കൂടുമ്പോൾ മൂല്യനിർണയം നടത്തി ആവശ്യമായ നിർദേശങ്ങളും ഇവർക്ക് നൽകും. കൂടാതെ വിദ്യാർഥികൾക്ക് പ്രോത്സാഹനമായി മികച്ച പ്രൊജക്ടിന് ജില്ലതലത്തിൽ 25,000 രൂപയും സംസ്ഥാനതലത്തിൽ 50,000 രൂപയും സമ്മാനമായി നൽകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

