നഗരസഭക്ക് സ്വകാര്യ സ്ഥാപനങ്ങളുടെ വാടക കുടിശ്ശിക കോടികൾ
text_fieldsപാലക്കാട്: നഗരത്തിലെ സർക്കാർ സ്ഥാപനങ്ങൾക്ക് പുറമേ സ്വകാര്യ സ്ഥാപനങ്ങളും വാടകയിനത്തിൽ നഗരസഭക്ക് നൽകാനുള്ളത് രണ്ട് കോടിയിലധികം രൂപ. നഗരസഭയുടെ കീഴിലുള്ള വിവിധ കോംപ്ലക്സുകളിലായി പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളെല്ലാം ചേർന്നാണ് ഇത്രയും തുക അടക്കാനുള്ളത്. വർഷങ്ങളായുള്ള കുടിശ്ശികയാണിത്.2019 മുതൽ വാടക കുടിശ്ശികയുള്ളവരുണ്ട്. പതിനായിരങ്ങൾ മുതൽ ലക്ഷങ്ങൾ വരെയാണ് പലർക്കും കുടിശ്ശികയുള്ളത്.
പി.ഡി.എ കോംപ്ലക്സിൽ പ്രവർത്തിക്കുന്ന ഒരു സ്വകാര്യ സ്ഥാപനം മാത്രം ഒരു കോടിയിലധികം രൂപയാണ് വാടക നൽകാനുള്ളത്.എന്നാൽ സ്വകാര്യ സ്ഥാപനങ്ങളെ വഴിവിട്ട് സഹായിക്കുന്നതിന്റെ ഭാഗമായാണ് കുടിശ്ശിക പിരിക്കുന്നതിൽ നഗരസഭ വൻവീഴ്ച വരുത്തിയതെന്നും പ്രതികാര നടപടി സ്വീകരിക്കുന്നത് സർക്കാർ സ്ഥാപനമായ സുൽത്താൻപേട്ട ലൈബ്രറിയോട് മാത്രമാണെന്നും സംസ്കാര സാഹിതി ജില്ല ചെയർമാൻ ബോബൻ മാട്ടുമന്ത ആരോപിച്ചു.
സർക്കാർ സ്ഥാപനങ്ങളും സ്വകാര്യ സ്ഥാപനങ്ങളും കോടികൾ വാടക കുടിശ്ശിക വരുത്തിയിട്ടും ഇത് കൃത്യമായി പിരിച്ചെടുക്കാനുള്ള നടപടി നഗരസഭ സ്വീകരിക്കുന്നില്ല.ഇതിനിടയിൽ പല സ്വകാര്യ വ്യക്തികളും കോടതിയെ സമീപിച്ച് വാടക ഒടുക്കാൻ സമയം നീട്ടിവാങ്ങുന്നതും പതിവാണ്. നഗരസഭയുടെ മൗനസമ്മതത്തിലാണ് അനുകൂല വിധി സമ്പാദിക്കുന്നതെന്നും ഇതിനു പിന്നിലും അഴിമതിയാണെന്നും ബോബൻ മാട്ടുമന്ത ആരോപിച്ചു.
കുടിയിറക്കൽ ഭീഷണിയിലുള്ള സുൽത്താൻപേട്ട ലൈബ്രറിക്ക് കുടിശ്ശിക അടക്കാതെ പുതിയ സ്ഥലം അനുവദിക്കില്ലെന്നും അനുവദിച്ചാൽ ഓഡിറ്റിങ്ങിൽ പ്രശ്നം വരുമെന്നാണ് ചെയർപേഴ്സൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. എന്നാൽ മൂന്ന് കോടി രൂപ ലൈബ്രറി സെസ് ഇനത്തിൽ നഗരസഭ സംസ്ഥാന ലൈബ്രറി കൗൺസിലിന് നൽകാനുണ്ട്.
വർഷത്തിൽ രണ്ടുതവണയായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പിരിച്ചെടുക്കുന്ന ലൈബ്രറി സെസ് വിവരങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ റവന്യൂ വരവ് രേഖപ്പെടുത്തുന്ന രജിസ്റ്റർ ഓഫ് റസീറ്റ്സിൽ പ്രത്യേകമായി ചേർക്കണമെന്നും ആദ്യപാദത്തിലെ സെസ് ഏപ്രിൽ 30നകവും രണ്ടാം പാദത്തിലേത് നവംബർ 30നകവും ലൈബ്രറി കൗൺസിലിന് കൈമാറണമെന്നുമാണ് നിയമം.വസ്തു നികുതിക്കൊപ്പം ലൈബ്രറി സെസ് ഇനത്തിൽ പിരിച്ച മൂന്നു കോടി രൂപ എവിടെ പോയെന്ന് നഗരസഭ വ്യക്തമാക്കണമെന്നും ബോബൻ മാട്ടുമന്ത ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

