മണ്ണെണ്ണ പ്രതിസന്ധി തീരുന്നില്ല
text_fieldsപാലക്കാട്: ജില്ലയിൽ കാലങ്ങളായി മുടങ്ങിക്കിടന്നിരുന്ന മണ്ണെണ്ണ വിതരണം പൊതുവിതരണ വകുപ്പ് പുനരാരംഭിച്ചപ്പോഴും പ്രതിസന്ധിക്ക് കുറവായില്ല. ജില്ലയിൽ പലയിടത്തും മണ്ണെണ്ണ വിതരണത്തിലെ ആദ്യ മൂന്ന് മാസത്തിലെ വിതരണം കൃത്യമായി പൂർത്തീകരിക്കാനാവാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമായത്.
കാർഡ് ഒന്നിന് മൂന്ന് മാസത്തിൽ അര ലിറ്ററാണ് അനുവദിച്ചിട്ടുള്ളത്. ഒന്നാം ക്വാർട്ടറിൽ എണ്ണ വിതരണം താളംതെറ്റിയതിനാൽ രണ്ടാം ക്വാർട്ടർ കൂടി ഉൾപ്പെടുത്തി ബിൽ മെഷീനിൽ ഒരു ലിറ്റർ എന്ന പ്രിന്റ് വന്നത് മൂലം ചിലയിടങ്ങളിൽ ഒരു ലിറ്ററും മറ്റിടങ്ങളിൽ അര ലിറ്ററുമാണ് വിതരണം ചെയ്തത്.
ഈ ആശയകുഴപ്പമാണ് മണ്ണെണ്ണ വിതരണത്തെ പ്രതിസന്ധിയിലാക്കിയത്. വേണ്ടത്ര മണ്ണെണ്ണ ലഭ്യമല്ലാത്തതും കിട്ടിയ എണ്ണ ഒരു ലിറ്റർ എന്ന തോതിൽ വിതരണം ചെയ്തതും ക്ഷാമം രൂക്ഷമാക്കി. രണ്ടാം ക്വാർട്ടറിൽ അനുവദിച്ച മണ്ണെണ്ണ കടകളിലേക്ക് വിതരണം പൂർത്തിയാകുകയും എന്നാൽ കടകളിൽ നിന്ന് അളവിൽ കൂടുതൽ വിറ്റുപോവുകയും ചെയ്തതിനാൽ ബാക്കിയുള്ള കാർഡ് ഉടമകൾക്ക് മണ്ണെണ്ണ ലഭിക്കുകയില്ല എന്നത് കടയുടമകളെയും പ്രതിസന്ധിയിലാക്കും.
പഴയ കണക്കുവെച്ചാണ് മണ്ണെണ്ണ ലഭിക്കുന്നത് എന്നതിനാൽ പുതിയ കാർഡ് ഉടമകൾക്കും മണ്ണെണ്ണ ലഭിക്കാത്ത അവസ്ഥയാണുള്ളത്. ആദ്യ ക്വാർട്ടറിലെ വാതിൽപടി വിതരണ പ്രതിസന്ധിയും കാരണമായി. ജില്ലയിൽ മണ്ണാർക്കാട് താലൂക്കിലുള്ള ഒരു ഏജൻസിക്ക് മാത്രമാണ് നിലവിൽ വിതരണ ലൈസൻസ് ഉള്ളത്.
അട്ടപ്പാടി മേഖലയിൽ മഞ്ഞ കാർഡുകളും എൻ.ഇ കാർഡുകളും കൂടുതലുള്ളതിനാൽ കൂടുതൽ അളവിൽ മണ്ണെണ്ണ വിതരണം നടത്തേണ്ടിയിരുന്നതിലാണ് മണ്ണാർക്കാട്ടെ വിതരണ ഏജൻസി ലൈസൻസ് പുതുക്കി വന്നിരുന്നത്. മറ്റ് താലൂക്കുകളിലെ എല്ലാ വിതരണക്കാരും വിതരണ വാഹനങ്ങൾ കൂടി ഒഴിവാക്കിയിരുന്നു. വിതരണ ലൈസൻസികളുടെ കുറവ് കാരണം ആദ്യക്വാർട്ടറിലെ വാതിൽപടി വിതരണം പൂർത്തിയാക്കാനായിരുന്നില്ല.
നിലവിൽ വാതിൽപടി വിതരണം പൂർത്തിയാക്കിയെങ്കിലും ഇപോസ് മെഷീനിലെ സാങ്കേതിക തകരാറാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. ഓണക്കാലത്തെങ്കിലും സാധാരണകാർക്ക് മണ്ണെണ്ണ ലഭ്യമാകാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നാണ് പൊതുഅഭിപ്രായം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

