ചൂട് 39.3 ഡിഗ്രി ജില്ല ചുട്ടുപൊള്ളുന്നു
text_fieldsപാലക്കാട്: കുംഭച്ചൂടിൽ ജില്ല പൊള്ളുന്നു. ചൂട് ക്രമാതീതമായി ഉയർന്നതോടെ പുറത്തിറങ്ങാനാവാതെ ജനം വിയർക്കുകയാണ്. മുണ്ടൂർ ഐ.ആർ.ടി.സിയിലെ താപമാപിനിയിൽ രേഖപ്പെടുത്തിയ 39.3 ഡിഗ്രി സെൽഷ്യസാണ് ജില്ലയിലെ ചൊവ്വാഴ്ചത്തെ ഉയർന്ന താപനില. കുറഞ്ഞ ചൂട് 25.6 ഡിഗ്രിയും ആർദ്രത 33.3 ശതമാനവും രേഖപ്പെടുത്തി. ഒരാഴ്ച മുമ്പും മുണ്ടൂരിൽ 39 ഡിഗ്രി രേഖപ്പെടുത്തിയിരുന്നു. മലമ്പുഴ അണക്കെട്ട് പ്രദേശത്ത് 38.2 ഡിഗ്രി സെൽഷ്യസാണ് ചൊവ്വാഴ്ചത്തെ കൂടിയ താപനില. കുറഞ്ഞത് 25.9 ഡിഗ്രിയും ആർദ്രത 37 ശതമാനവും രേഖപ്പെടുത്തി.
കഴിഞ്ഞദിവസവും ഇവിടെ 38 ഡിഗ്രിയായിരുന്നു ഉയർന്ന ചൂട്. പട്ടാമ്പി ആർ.എ.ആർ.എസിൽ ചൊവ്വാഴ്ച കൂടിയ താപനില 36.4 ഡിഗ്രി രേഖപ്പെടുത്തി. കുറവ് 22.8 ഡിഗ്രിയാണ്. ആർദ്രത രാവിലെ 99 ശതമാനമായിരുന്നു. തിങ്കളാഴ്ച 38.2 ഡിഗ്രിയായിരുന്നു പട്ടാമ്പിയിലെ കൂടിയ ചൂട്. ചൊവ്വാഴ്ച അൽപം കുറഞ്ഞു. താപനില 40 ഡിഗ്രിയോട് അടുത്തതോടെ കനത്ത ചൂടാണ് ജില്ലയിൽ അനുഭവപ്പെടുന്നത്. രാവിലെ മുതൽ തന്നെ ചൂടിന് ശക്തി കൂടുന്നുണ്ട്. പകൽ പുറത്തിറങ്ങാനാവാത്ത വിധം അസഹ്യമായ ചൂടാണ് അനുഭവപ്പെടുന്നത്. ചൂടിന് ആശ്വാസമേകാൻ പാതയോരങ്ങളിൽ ശീതളപാനീയം-കരിക്ക്-തണ്ണിമത്തൻ വിൽപന സജീവമായിട്ടുണ്ട്.
ചൂടുമൂലം ശരീരത്തിലെ ജലനഷ്ടത്തിലൂടെ നിര്‍ജലീകരണം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഇടക്കിടെ ശുദ്ധജലം കുടിക്കണം. ശാരീരിക അധ്വാനമനുസരിച്ചും വിയര്‍പ്പ് തോത് അനുസരിച്ചും കൂടുതല്‍ വെള്ളം കുടിക്കണം. ജില്ലയിൽ ഇതിനോടകം രണ്ട് സൂര്യാഘാത കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പകൽ പുറത്തിറങ്ങുമ്പോൾ വളരെയധികം ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പിന്റെ നിർദേശവുമുണ്ട്.
ഡാമുകളിൽ ജലനിരപ്പ് കുറഞ്ഞു
മഴക്കാലത്ത് പരമാവധി സംഭരണശേഷിയോട് അടുത്ത് ജലനിരപ്പുണ്ടായിരുന്ന ഡാമുകളിൽ നിലവിൽ വെള്ളത്തിന്റെ അളവ് കുറഞ്ഞു. 115.06 മീറ്റർ പരമാവധി സംഭരണശേഷിയുള്ള മലമ്പുഴ ഡാമിൽ ചൊവ്വാഴ്ച 105.05 മീറ്ററാണ് ജലനിരപ്പ്. കഴിഞ്ഞ മൂന്നുമാസത്തിലധികമായി മലമ്പുഴയിൽനിന്ന് ഇടതു-വലതുകര കനാലുകൾ വഴി കൃഷിക്ക് ജലവിതരണം നടത്തുന്നുണ്ട്.
ഡാമിൽനിന്ന് പാലക്കാട് നഗരസഭയിലേക്കും സമീപ പഞ്ചായത്തുകളിലേക്കും കുടിവെള്ള വിതരണവും നടത്തുന്നുണ്ട്. ഡാമിലെ ജലനിരപ്പ് കുറയുന്നത് കുടിവെള്ളം കിട്ടാക്കനിയാക്കുമോ എന്ന ആശങ്ക ഉയർത്തുന്നു. വേനൽ ആരംഭത്തിൽ തന്നെ കനത്ത ചൂടാണ് ജില്ലയിൽ അനുഭവപ്പെടുന്നത്. ജില്ലയിലെ മറ്റു ഡാമുകൾ, ചൊവ്വാഴ്ചത്തെ ജലനിരപ്പ്, ബ്രാക്കറ്റിൽ പരമാവധി സംഭരണശേഷി: വാളയാർ ഡാം-194.60 മീ., (203 മീ.), കാഞ്ഞിരപ്പുഴ ഡാം-91.50 മീ., (97.50 മീ.), മീങ്കര ഡാം-151.36 മീ., (156.36 മീ.), പോത്തുണ്ടി ഡാം-93.92 മീ., (108.20 മീ.), ചുള്ളിയാർ ഡാം-143.56 മീ., (154.08 മീ.), മംഗലം ഡാം-67.38 മീ., (77.88 മീ.), മൂലത്തറ ഡാം-181.65 മീ., (184.70 മീ.).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

