കോട്ടായിയിൽ അഞ്ച് വർഷം മുമ്പ് നിർമാണം തുടങ്ങിയ സർക്കാർ ആശുപത്രി കെട്ടിടം ഇനിയും പൂർത്തിയായില്ല
text_fieldsഅഞ്ച് വർഷമായി നിർമാണം നടക്കുന്ന കോട്ടായി
കുടുംബാരോഗ്യ കേന്ദ്രം കെട്ടിടം
കോട്ടായി: അഞ്ച് വർഷം മുമ്പ് നിർമാണം തുടങ്ങിയ സർക്കാർ ആശുപത്രി കെട്ടിടം ഇനിയും പൂർത്തിയായില്ല. കോട്ടായി കുടുംബാരോഗ്യകേന്ദ്രത്തിൽ സൗകര്യങ്ങളില്ലാതെ രോഗികളും ജീവനക്കാരും വീർപ്പുമുട്ടുകയാണ്. നിലവിലുള്ള ഓടിട്ട കെട്ടിടം കാലപ്പഴക്കത്താൽ ഏതുനിമിഷവും തകർന്നു വീഴാവുന്ന നിലയിലാണ്.
ഇതോടെയാണ് എം.എൽ.എ ഫണ്ടിൽനിന്ന് 50 ലക്ഷം ചെലവഴിച്ച് പുതിയ കെട്ടിടം നിർമാണം തുടങ്ങിയത്. വർഷങ്ങൾ അഞ്ച് കഴിഞ്ഞിട്ടും കെട്ടിടം പണി പൂർത്തിയായില്ല. കെട്ടിടത്തിന്റെ പണി ഏതാണ്ട് പൂർത്തീകരിച്ചെന്നും ഇനി കാബിൻ വേർതിരിക്കുന്ന പണിയാണ് ബാക്കിയുള്ളതെന്നും അത് നാഷണൽ ഹെൽത്ത് മിഷന്റെ ചുമതലയാണെന്നും പഞ്ചായത്ത് പ്രസിഡന്റെ എ.സതീഷ് പറഞ്ഞു.
എം.എൽ എ ഫണ്ടിൽനിന്ന് 30 ലക്ഷം കൂടി അനുവദിച്ചിട്ടുണ്ടെന്നും ഇത് ഉപയോഗിച്ച് പുതിയ കെട്ടിടത്തിന്റെ മുകളിൽ കെട്ടിടം പണിയുമെന്നും പ്രസിഡന്റ് പറഞ്ഞു. ഇതിനു പുറമെ ഇപ്പോൾ ഒ.പി പ്രവർത്തിക്കുന്ന പഴയ ഓടിട്ട കെട്ടിടം പൊളിച്ച് നീക്കി അതേ സ്ഥാനത്ത് പുതിയ മറ്റൊരു കെട്ടിടം പണിയാൻ സർക്കാർ ഒരു കോടി രൂപ കൂടി അനുവദിച്ചിട്ടുണ്ട്.

