സിവിൽ സ്റ്റേഷനിലെ കെട്ടിടങ്ങൾ സീലിങ് അടർന്ന് അപകടാവസ്ഥയിൽ
text_fieldsപാലക്കാട് സിവിൽ സ്റ്റേഷനിലെ താഴത്തെ നിലയിൽ സീലിങ്ങിലെ സിമന്റ് അടർന്ന് കമ്പി പുറത്തുകാണുന്നു
പാലക്കാട്: ദിനംപ്രതി നൂറുകണക്കിനാളുകൾ വന്നുപോകുന്ന ഭരണസിരാകേന്ദ്രമായ സിവിൽ സ്റ്റേഷനിൽ കെട്ടിടങ്ങളുടെ സീലിങ് അടർന്ന് അപകടാവസ്ഥയിൽ. സിമന്റെല്ലാം അടർന്നുപോയി ഇരുമ്പുകമ്പി പുറത്തുവന്ന നിലയിലാണുള്ളത്. താഴത്തെ നിലയിൽ രജിസ്ട്രേഷൻ വകുപ്പ് മുതൽ ഒന്നാം നിലയിലേക്കുള്ള കോണിപ്പടി വരെ വിവിധ ഭാഗങ്ങളിലായി സിമന്റ് അടർന്നുപോയിട്ടുണ്ട്. രജിസ്ട്രേഷനും മറ്റുമായി നിത്യേന നിരവധി പേരാണ് രജിസ്ട്രേഷൻ വകുപ്പിന് മുന്നിൽ ഉണ്ടാകാറുള്ളത്.
ഇവർക്ക് പുറമേ മുദ്രപത്രങ്ങൾ വിൽക്കുന്നവരും രാവിലെ മുതൽ വൈകീട്ട് വരെ ഈ വരാന്തയിലാണിരിക്കുന്നത്. താഴത്തെ നിലക്ക് പുറമേ കെട്ടിടത്തിന്റെ മറ്റു ഭാഗങ്ങളിലും സീലിങ് അടർന്നുപോയി പൊട്ടിപ്പൊളിഞ്ഞ് കമ്പി പുറത്തുകാണുന്നുണ്ട്. മഴ പെയ്താൽ ഈ ഭാഗത്ത് ചോർന്ന് മഴവെള്ളം ഒലിച്ച് വരാന്തയിൽ കെട്ടിനിൽക്കാറുണ്ട്. വെള്ളം കാണാതെ കാൽവഴുതി വീഴാനുള്ള സാധ്യതയുമുണ്ട്. കലക്ടറുടെ ചേംബർ ഒഴികെ ഭാഗങ്ങളിൽ മിക്കയിടത്തും ശോച്യാവസ്ഥയാണുള്ളത്. ചിലയിടങ്ങളിൽ പ്രാവുകളുടെ വിസർജ്യം നിറഞ്ഞ് മലിനമായി കിടക്കുന്നുണ്ട്.
മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായും ശുചിത്വ ഡ്രൈവിന്റെ ഭാഗമായും മാത്രമാണ് ഇവിടെ ശുചീകരണം നടക്കാറുള്ളത്. ഏറ്റവും മുകളിലെ നിലയിലെ തറയിൽ വിരിച്ച ഇന്റർലോക്ക് കട്ടകൾ പൊട്ടിയിട്ടുണ്ട്. ദിവസവും വിവിധ ആവശ്യങ്ങൾക്കായി നിരവധി പേരാണ് സിവിൽ സ്റ്റേഷനിലെത്തുന്നത്. സീലിങ്ങിലെ സിമന്റ് അടർന്നത് അപകടഭീഷണിയായി തുടരുമ്പോഴും ഇവിടെയുള്ള ഒട്ടേറേ വകുപ്പുകളും ഉന്നത ഉദ്യോഗസ്ഥരുമൊന്നും ഇത് ശ്രദ്ധിച്ച മട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

