കാഞ്ഞിക്കുളം സത്രംകാവ് ഭഗവതി ക്ഷേത്രത്തിൽ നിന്ന് സ്വർണവും പണവും കവർന്നു
text_fieldsകാഞ്ഞിക്കുളം സത്രംകാവ് ഭഗവതി ക്ഷേത്രത്തിൽ കയറിയ മോഷ്ടാവിന്റെ സി.സി.ടി.വി ദൃശ്യം
മുണ്ടൂർ: കാഞ്ഞിക്കുളം സത്രംകാവ് ഭഗവതി ക്ഷേത്രത്തിൽ മോഷണം. പണവും സ്വർണാഭരണങ്ങളും നഷ്ടപ്പെട്ടു. ക്ഷേത്രം ഓഫിസിലെ വാതിൽ കുത്തി പൊളിച്ചാണ് മുഖം മറച്ച മോഷ്ടാവ് അകത്ത് കടന്നതെന്ന് സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമായിട്ടുണ്ട്. അലമാരയിൽ സൂക്ഷിച്ച താക്കോൽ ഉപയോഗിച്ചാണ് ലോക്കർ തുറന്ന് ബാഗിനുള്ളിലെ പണവും സ്വർണവും കവർന്നത്. ഭണ്ഡാരങ്ങൾ കമ്പി പാര ഉപയോഗിച്ച് കുത്തിതുറന്ന നിലയിലാണ്. ക്ഷേത്രത്തിന് വഴിപാടായി ലഭിച്ച സ്വർണാഭരണങ്ങളും പണവുമാണ് നഷ്ടപ്പെട്ടത്.
ശനിയാഴ്ച വൈകീട്ട് ഭണ്ഡാരം തുറക്കാനിരിക്കുകയായിരുന്നു. ശനിയാഴ്ച രാവിലെ ഓഫീസ് തുറക്കാനെത്തിയ ജീവനക്കാരനാണ് സംഭവം ആദ്യമായി കണ്ടത്. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് പി.വി. അനൂപ് കുമാറിന്റെ പരാതിയിൽ കോങ്ങാട് പൊലീസ് അന്വേഷണം തുടങ്ങി.

