പൂട്ടിയിട്ട വീട്ടില്‍നിന്ന് 27 പവൻ സ്വര്‍ണവും പണവും കവര്‍ന്ന കേസിലെ പ്രതി അറസ്റ്റിൽ
text_fieldsമണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് ശിവന്‍കുന്നില്‍ പൂട്ടിയിട്ട വീട്ടില്‍നിന്ന് സ്വര്‍ണവും പണവും കവര്‍ന്ന കേസിലെ പ്രതിയെ മണ്ണാര്‍ക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ചെലവൂര്‍ മായനാട് താഴെചപ്പങ്ങതോട്ടത്തില്‍ സി.ടി. ഷാലുവാണ് (39) അറസ്റ്റിലായത്. നിരവധി മോഷണക്കേസുകളില്‍ പ്രതിയാണ് ഇയാൾ. തമിഴ്നാട് ഉദുമല്‍പേട്ടയിലെ ഭാര്യവീട്ടിലേക്ക് പോകുന്നതിനിടെയാണ് ഉദുമല്‍പേട്ട ബസ് സ്റ്റാന്‍ഡില്‍വെച്ച് സി.ഐ എം.ബി. രാജേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയശേഷം, മോഷ്ടിച്ച സ്വര്‍ണം വിറ്റുവെന്നുപറയുന്ന മലപ്പുറത്തെ ജ്വല്ലറിയിലേക്ക് തെളിവെടുപ്പിനായി കൊണ്ടുപോയി.
മേയ് 31നാണ് ശിവന്‍കുന്ന് ശ്രീലയത്തില്‍ റിട്ട. അധ്യാപകന് ശ്രീധരന്റെ വീട്ടിൽ കവര്‍ച്ച നടന്നവിവരം പുറത്തറിയുന്നത്. 27.2 പവന് സ്വര്‍ണവും 12,500 രൂപയും നഷ്ടപ്പെട്ടതായാണ് പരാതി. ശ്രീധരനും ഭാര്യയും ബംഗളൂരുവിലെ മകന്റെ വീട്ടിലേക്ക് പോയതായിരുന്നു. മുന്‍വശത്തെ വാതിലിന്റെ താഴ് മുറിച്ചാണ് മോഷ്ടാവ് അകത്തുകയറിയത്. തുടര്‍ന്ന് മുകളിലെയും താഴെയുമുള്ള മുറികളിലെ അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണവും പണവും കവരുകയായിരുന്നു.
വാതില്‍ തുറന്നുകിടക്കുന്നതുകണ്ട് അയല്‍വാസിയായ സ്ത്രീ വീട്ടുകാരെ വിളിച്ചുനോക്കിയിട്ടും പ്രതികരണമുണ്ടാകാത്തതിനെ തുടര്‍ന്ന് സമീപത്തുള്ളവരെ അറിയിച്ചു. വിവരമറിയിച്ചപ്രകാരം പൊലീസെത്തി പരിശോധിച്ചപ്പോഴാണ് മോഷണം നടന്നതായി സ്ഥിരീകരിച്ചത്. വീട്ടില്‍നിന്നും കവര്‍ന്ന ടാബ് സമീപത്തെ റോഡില്‍ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധനയും നടത്തിയിരുന്നു. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചിരുന്നു. ഇതില്‍നിന്നും മോഷ്ടാവിനെക്കുറിച്ചുള്ള സൂചന ലഭിച്ചു.
പകല്‍സമയം വാഹനത്തിലെത്തി ഗേറ്റും വീടിന്റെ വാതിലും പൂട്ടിക്കിടക്കുന്ന വീടുകള്‍ നോക്കിവെച്ച് രാത്രിയില്‍ എത്തി വീട്ടുകാര്‍ ഇല്ലെന്ന് ഉറപ്പാക്കി മോഷണം നടത്തുകയാണ് രീതി. മോഷണം നടത്തിയശേഷം പ്രതി നടന്നുപോവുന്നതിന്റെ ദൃശ്യങ്ങൾ പൊലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് മോഷണക്കേസുകളില്‍ പിടിയിലായവരുടെ പേരുവിവരങ്ങളും ചിത്രങ്ങളും ശേഖരിച്ചാണ് പ്രതിയിലേക്കെത്തിയതെന്ന് സി.ഐ പറഞ്ഞു.എസ്.ഐ ജസ്വിൻ ജോയ്, എ.എസ്.ഐമാരായ പ്രശോഭ്, സതീഷ്കുമാര്‍, എസ്.സി.പി.ഒമാരായ ഗിരീഷ്, റംഷാദ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

