സപ്ലൈകോ സംഭരണം വൈകുന്നു; നെല്ലിന് കാവലിരുന്ന് മടുത്ത് കർഷകർ
text_fieldsമാത്തൂർ: രണ്ടാം വിള കൊയ്തു കഴിഞ്ഞ് മാസം മൂന്ന് കഴിഞ്ഞിട്ടും നെല്ല് സംഭരിക്കാൻ സപ്ലൈകോ അധികൃതർ എത്താത്തതിനാൽ നെല്ലിന് കാവലിരുന്ന് മടുത്ത് കർഷകർ. ജില്ലയിലെ നെല്ലറയായ കോട്ടായി, മാത്തൂർ, പെരിങ്ങോട്ടുകുറുശ്ശി, കുത്തനൂർ മേഖലയിലെ കർഷകരാണ് രാപകൽഭേദമെന്യേ നെല്ലിന് കാവലിരിക്കുന്നത്.
തുടരെ വേനൽമഴ പെയ്യുന്നതിനാൽ നെല്ല് നനയാതെ സൂക്ഷിക്കാൻ കർഷകർ പാടുപെടുകയാണ്. നെല്ലുസംഭരണ ഏജന്റിനെ വിളിച്ചാൽ ഉടനെ വരുമെന്നാണ് മാസങ്ങളായുള്ള മറുപടി. ഭൂരിഭാഗം കർഷകരും നെല്ല് സൂക്ഷിക്കാനിടമില്ലാത്തതിനാൽ മുറ്റത്ത് കൂട്ടിയിട്ടിരിക്കുകയാണ്. മഴക്കാറ് കാണുമ്പോൾ ആധിയിലാകുകയാണ് കർഷകർ. നെല്ല് സംഭരണം വേഗത്തിലാക്കുമെന്നും കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കുമെന്നും കഴിഞ്ഞ ദിവസം പാലക്കാട്ട് മുഖ്യമന്ത്രിയും കൃഷിമന്ത്രിയും കർഷകർക്ക് വാഗ്ദാനം നൽകിയിരുന്നെങ്കിലും എല്ലാം ജലരേഖയാണെന്നാണ് കർഷകരുടെ പരാതി.
കൃഷിയെ മാത്രം ജീവിതമാർഗമായി സ്വീകരിച്ച കർഷകരോട് കൃഷി വകുപ്പും സംസ്ഥാന സർക്കാരും അലംഭാവ നയമാണ് സ്വീകരിക്കുന്നതെന്നും ഇത്തരം സമീപനം നിലവിലുള്ള കർഷകരെ കൂടി ഈ മേഖലയിൽനിന്ന് അകറ്റാനാണ് സാധ്യതയെന്നും കർഷക കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ജി. ശിവരാജൻ മാത്തൂരും ജില്ല സെക്രട്ടറി പി.വി. പങ്കജാക്ഷനും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

