തേൻ കൃഷിയിലും വിജയഗാഥ രചിച്ച് വിദ്യാർഥികൾ
text_fieldsതേൻ കൃഷി പരിപാലിക്കുന്ന കരിമ്പ ജി.എച്ച്.എസ്.എസ് വിദ്യാർഥികൾ
കല്ലടിക്കോട്: തേൻ കൃഷിയിൽ വിജയഗാഥ രചിച്ച് കരിമ്പ ജി.എച്ച്.എസ്.എസ് വിദ്യാർഥികൾ. എൻ.എസ്.എസിന്റെ ‘ഹരിതഭൂമി’ പ്രവർത്തനത്തിന്റെ ഭാഗമായാണ് കൃഷിയിറക്കിയത്. വ്യത്യസ്തമായ കൃഷിരീതി എന്ന ചിന്തയാണ് തേൻ കൃഷി എന്ന ആശയത്തിലേക്ക് കുട്ടികളെ എത്തിച്ചത്. തേൻ കൃഷിയിൽ മുൻപരിചയമുള്ള ജയ് അക്ഷിത് എന്ന വളന്റിയർ ആണ് ആശയം മുന്നോട്ട് വെച്ചതും കൃഷിക്ക് നേതൃത്വം നൽകിയതും. 2024 ഒക്ടോബറിലാണ് കൃഷി ആരംഭിച്ചത്.
അധ്യാപകൻ സി.എസ്. രാജേഷിന്റെ സ്കൂളിന്റെ സമീപത്തെ തോട്ടത്തിലാണ് കൃഷി നടത്തിയത്. ജയ് അക്ഷതിന്റെ മാതാപിതാക്കൾ കൃഷി ആരംഭിക്കാനാവശ്യമായ സൗകര്യങ്ങൾ ചെയ്തു. ആഴ്ച തോറും തേനീച്ചക്ക് ആവശ്യമായ ഭക്ഷണം നൽകുന്നതുൾപ്പെടെ എല്ലാ പ്രവർത്തനങ്ങളും വളന്റിയേഴ്സ് തന്നെയാണ് ചെയ്തത്. ആദ്യമൊക്കെ തേനീച്ച പെട്ടിയുടെ അടുത്ത് വരാൻ പോലും പേടിയുണ്ടായിരുന്ന കുട്ടികൾക്ക് പിന്നീട് അതെല്ലാം നല്ല താൽപര്യമായി മാറി.
എല്ലാ വളന്റിയർമാരും പ്രവർത്തനങ്ങളിൽ പങ്കാളികളായി. കേരളത്തിൽ തന്നെ അപൂർവമായാണ് എൻ.എസ്.എസ് യൂനിറ്റിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾ തേൻ കൃഷി ചെയ്യുന്നത്. ആദ്യ വിളവെടുപ്പ് കരിമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം റംലത്ത് അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് കെ. രാധാകൃഷ്ണൻ, പ്രിൻസിപ്പൽ ബിനോയ് എൻ ജോൺ, പ്രോഗ്രാം ഓഫിസർ എം. അരുൺ രാജ്, അധ്യാപകരായ സി.എസ്. രാജേഷ്, വി.എം. കുമാരൻ, എൻ.എസ്.എസ് ലീഡർ ആൽവിൻ, ജെയ് അക്ഷിത് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

