വിദൂരസ്വപ്നമായി സ്റ്റേഡിയം; ബൈപാസ്-ജില്ല ആശുപത്രി റോഡ്
text_fieldsസ്റ്റേഡിയം ബൈപാസ്-ജില്ല ആശുപത്രി റോഡ്
പാലക്കാട്: സ്റ്റേഡിയം ബൈപാസ്-ജില്ല ആശുപത്രി റോഡ് ഇപ്പോഴും വിദൂര സ്വപ്നം മാത്രം. റോഡ് നിർമാണത്തിനായി തുക വകയിരുത്തിയെങ്കിലും പാളയപ്പേട്ടക്ക് സമീപം നാലേമുക്കാൽ സെന്റ് ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച അനിശ്ചിതത്വമാണ് പദ്ധതിയുടെ ഭാവി തുലാസിലാക്കുന്നത്.
ഭൂമി ഏറ്റെടുക്കാൻ പണമില്ലെന്നാണ് നഗരസഭയുടെ പക്ഷം. ഇതേത്തുടർന്ന് ജില്ല പഞ്ചായത്തിനെ സമീപിച്ചെങ്കിലും അവിടെ നിന്നും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്ന് കൗൺസിലർ അനുപമ ‘മാധ്യമ’ത്തോട് പറഞ്ഞു.
ബൈപ്പാസ് യാതാർഥ്യമായാൽ നഗരത്തിൽ നിന്ന് ഗതാഗത കുരുക്കില്ലാതെ ജില്ല ആശുപത്രിയിലേക്കെത്താൻ ഏറെ സഹായകരമാകും. ജില്ല ആശുപത്രിയിലേക്കും ജില്ല വനിതാ ശിശു ആശുപത്രിയിലേക്കുള്ള പ്രധാന സമാന്തര റോഡ് കൂടിയാണിത്.
ആരേറ്റെടുക്കും അഞ്ചുസെന്റ്?
റോഡ് നിർമാണത്തിനായി ഏറ്റെടുക്കേണ്ട ഭൂമിയുടെ ഉടമസ്ഥർ ഇതിനകം വിട്ടുനൽകാനുള്ള സന്നദ്ധത നഗരസഭയെ അറിയിച്ചിരുന്നു. 38 ലക്ഷം ന്യായ വില കണക്കാക്കിയ സ്ഥലത്തിന് ഇരട്ടിയോളം വില നൽകിവേണം ഏറ്റെടുക്കാൻ. കോർട്ട് റോഡിൽ ഗതാഗത തടസ്സമുണ്ടായാൽ നിലവിൽ ജില്ല ആശുപത്രിയിലേക്കും വനിതാ ശിശു ആശുപത്രിയിലേക്കുമുള്ള പോക്കുവരവ് കുരുക്കിലാകും. ബൈപാസ് പ്രവൃത്തികൾ പൂർത്തീകരിച്ച് സജ്ജമാക്കിയാൽ ഇതിന് പരിഹാരമാവും.
നേരത്തെ പൊതുമരാമത്ത് വകുപ്പ് തുക അനുവദിച്ച പദ്ധതിയാണ് സ്തംഭിച്ച് ഇപ്പോൾ കുണ്ടും കുഴിയും നിറഞ്ഞ് മൺപാതയായി കിടക്കുന്നത്. സ്ഥലം നഗരസഭ ഏറ്റെടുത്ത് നൽകിയാൽ പ്രവൃത്തികൾ ആരംഭിക്കാനാകും. ജില്ല ആശുപത്രിയിൽ പുതിയ കെട്ടിട നിർമാണം പുരോഗമിക്കുകയാണ്. ഇവിടേക്കുള്ള വലിയ വാഹനങ്ങളടക്കം ഈ മൺപാത വഴിയാണ് എത്തുന്നത്. ഇതോടെ റോഡിൽ മൺതിട്ടകൾ രൂപപ്പെട്ട് യാത്ര കൂടുതൽ ദുഷ്കരമായതായി നാട്ടുകാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

