സമ്പൽസമൃദ്ധിയുടെ ഓർമകളുമായി അത്തം പിറന്നു
text_fieldsപാലക്കാട്ടെ വിൽപനക്കെത്തിയ പൂക്കൾ
പാലക്കാട്: ഐശ്വര്യവും സമ്പൽസമൃദ്ധിയും നിറഞ്ഞ നല്ല നാളിന്റെ ഓർമ പുതുക്കലുമായി ഒരു ഓണം കൂടി വരവായി. ഇന്ന് അത്തം. അത്തം തൊട്ട് പത്താംനാൾ തിരുവോണം. പഞ്ഞക്കർക്കടകത്തിന്റെ കാറും കോളും മാറി പുതുവർഷ പുലരിയുമായി വന്നെത്തുന്ന ചിങ്ങമാസം മലയാളികൾക്ക് ആണ്ട് പിറപ്പാണ്. ഒരു കാലത്ത് സമൃദ്ധിയുടെ വിളവെടുപ്പ് കാലമായിരുന്നു ചിങ്ങം. അതിന്റെ പ്രതീകമായാണ് ഇല്ലംനിറ നടക്കുന്നത്.
ഓണാഘോഷം തുടങ്ങുന്നത് പൂക്കളം ഇടുന്നതോടെയാണ്. തുമ്പപ്പൂ,ചെമ്പരത്തി, തെച്ചിപ്പൂ, തുളസി, സുഗന്ധി, നിത്യകല്യാണി, ഓണപ്പൂവ് തുടങ്ങിയ പൂക്കൾ ശേഖരിച്ച് പൂവിടുന്ന കുട്ടികൾ ഗ്രാമീണ കാഴ്ചയാണ്. പട്ടണ പ്രദേശങ്ങളിൽ വില കൊടുത്ത് വാങ്ങുന്ന ജമന്തിയും മല്ലികയും മറ്റുമാണ് കൂടുതലായും ഉപയോഗിക്കപ്പെടുന്നത്. ഇന്ന് ഗ്രാമ- നഗര വ്യത്യാസമില്ലാതായി. ഗ്രാമത്തിലും നഗരത്തിലും അധികവും വരവ് പൂക്കൾ തന്നെയാണ്. ചില സ്ഥലങ്ങളിൽ കുടുംബശ്രീ മുൻകൈയെടുത്ത് പൂകൃഷി ചെയ്യുന്നുണ്ടെങ്കിലും നാമമാത്രമാണ്.
യഥാർഥ പൂക്കളെപോലെതന്നെ പ്ലാസ്റ്റിക് പൂക്കളും ഇന്ന് സുലഭമാണ്. പ്ലാസ്റ്റിക് പൂക്കളം നാല് വലുപ്പത്തിൽ മാർക്കറ്റിലുണ്ട്. വലുപ്പത്തിനനുസരിച്ച് 150, 300, 400, 600 രൂപക്കാണ് ചില്ലറ വിൽപന. യഥാർഥ പൂവിനെ വെല്ലുന്ന മഞ്ഞ, ഓറഞ്ച് കളറുകളിലുള്ള പൂക്കൾക്ക് തന്നെയാണ് ആവശ്യക്കാരേറെ. പ്ലാസ്റ്റിക് പൂക്കളങ്ങൾ വിദേശത്തേക്കും ധാരാളം പോകുന്നതായി പാലക്കാട് പൂമാർക്കറ്റിലെ കളർഫുൾ ഡക്കറേഷൻ ഉടമ ഷാജി പറഞ്ഞു. യഥാർഥ പൂക്കൾക്കും വിൽപന ഒട്ടും കുറവില്ല. മാർക്കറ്റിൽ ധാരാളം പൂക്കൾ വന്നതിനാൽ വില കുറവാണെന്ന് പൂമാർക്കറ്റിലെ ഹക്കീമിന്റെ ഉടമസ്ഥതയിലുള്ള ഐശ്വര്യ ഫ്ലവേഴ്സിലെ വിൽപനക്കാരൻ ധനഞ്ജയ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

