ഷൊർണൂരിൽ വയോധികയുടെ മാല കവർന്ന കേസിൽ നാലുപേർ പിടിയിൽ
text_fieldsസ്വർണമാല കവർന്ന കേസിൽ പിടിയിലായവർ
ഷൊർണൂർ: ഷൊർണൂർ പോസ്റ്റ് ഓഫിസിനടുത്തുള്ള വ്യാപാര സ്ഥാപനത്തിൽ വെച്ച് വയോധികയുടെ രണ്ട് പവൻ സ്വർണമാല കവർന്ന കേസിൽ നാല് പ്രതികൾ പിടിയിലായി. തമിഴ്നാട് തിരുവല്ലൂർ പൊളിവാക്കം സ്വദേശി രതി (46), വിരുതനഗർ രാജപാളയം സ്വദേശി പ്രിയ (39), ഇരുവരുടെയും ഭർത്താക്കൻമാരായ ഇളയരാജ (46), ഗണേശ് (39) എന്നിവരാണ് അറസ്റ്റിലായത്.
നവംബർ മൂന്നിന് ഉച്ചക്ക് പന്ത്രണ്ടോടെ പരാതിക്കാരിയായ വയോധിക സാധനങ്ങൾ വാങ്ങാൻ ഷൊർണൂർ പോസ്റ്റ് ഓഫിസിനടുത്തുള്ള വ്യാപാര സ്ഥാപനത്തിൽ നിൽക്കുന്ന സമയത്ത് പ്രതികളായ രതിയും പ്രിയയും മാല മോഷ്ടിക്കാൻ ശ്രമിക്കുകയും മാല കൊളുത്തഴിഞ്ഞു വീഴുന്നത് കണ്ട വയോധിക അതെടുത്ത് ബാഗിൽ വെച്ചപ്പോൾ പ്രതികൾ തന്ത്രപൂർവം മാല സൂക്ഷിക്കാനെന്ന് പറഞ്ഞ് ബാഗിൽ കൈയിട്ട് മാല കൈവശപ്പെടുത്തുകയുമായിരുന്നു.
ഷോർണൂർ പൊലീസ് അന്വേഷണം നടത്തിയതിൽ പ്രതികൾ ഇതേ ദിവസം ഒറ്റപ്പാലം ഗവ. ആശുപത്രിയിൽ ക്യൂവിൽ നിൽക്കുകയായിരുന്ന മറ്റൊരു വയോധികയുടെ രണ്ടര പവൻ സ്വർണമാലയും കവർന്നതായി കണ്ടെത്തി. വൈകീട്ടോടെ തൃശൂർ മണ്ണുത്തിയിലെത്തി സമാന രീതിയിൽ മറ്റു രണ്ട് സ്ത്രീകളുടെ സ്വർണമാലകൾ കൂടി അപഹരിച്ചതായും മനസ്സിലായി. തുടർന്ന് ഷൊർണൂർ പൊലീസും സബ് ഡിവിഷൻ ക്രൈം സ്ക്വാഡും ചേർന്നു നടത്തിയ വിശദമായ അന്വേഷണത്തിൽ പ്രതികളെ തിരിച്ചറിഞ്ഞു.
കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തതിൽ മോഷണ മുതലുകൾ വിറ്റുകിട്ടിയ 5,20,000 രൂപ വാടകവീട്ടിൽ സൂക്ഷിച്ചത് കണ്ടെടുത്തു. അന്വേഷണത്തിൽ ഇരു പ്രതികളും മൂന്നും നാലും പ്രതികളായ ഇളയരാജ, ഗണേഷ് എന്നിവരുടെ പ്രേരണയിലാണ് കൃത്യം നടത്തിയതെന്നും മോഷ്ടിച്ച സ്വർണാഭരണങ്ങൾ അവർക്ക് വിൽപനക്കായി കൈമാറിയതായും കണ്ടെത്തി.പ്രതികളെ പ്രാഥമിക നടപടികൾക്ക് ശേഷം ഒറ്റപ്പാലം ജെ.എഫ്.സി.എം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പാലക്കാട് ജില്ല പൊലീസ് മേധാവി അജിത് കുമാർ, ഷൊർണൂർ ഡി.വൈ.എസ്.പി എൻ. മുരളീധരൻ എന്നിവരുടെ നേതൃത്വത്തിൽ എസ്.എച്ച്.ഒ. വി. രവികുമാർ, സബ് ഇൻസ്പെക്ടർമാരായ കെ.ആർ. മോഹൻദാസ്, പി. സേതുമാധവൻ, സബ് ഡിവിഷൻ ക്രൈം സ്ക്വാഡിലെയും ഷൊർണൂർ ഷാഡോ പൊലീസ് സംഘത്തിലെയും ഉദ്യോഗസ്ഥരായ എ. എസ്.ഐമാരായ അബ്ദുൽ റഷീദ്, രാജീവ്, അനിൽകുമാർ, എസ്.സി.പി.ഒമാരായ ടി. സജീഷ്, നൗഷാദ് ഖാൻ, റിയാസ്, സി.പി.ഒ പ്രജിത, ഡിന്റു എന്നിവരാണ് അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

