കനത്ത ചൂട്: വിദ്യാലയങ്ങളിലെ ഓഫ് ലൈൻ ക്ലാസുകൾ നിർത്തിവെക്കാൻ ഉത്തരവ്
text_fieldsപാലക്കാട്: ഉയർന്ന അന്തരീക്ഷ താപനില പരിഗണിച്ച് ജില്ലയിലെ സ്കൂളുകൾ, പ്രഫഷനൽ/ടെക്നിക്കൽ കോളജുകൾ, കോച്ചിങ് സെന്ററുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഓഫ്ലൈൻ ക്ലാസുകൾ ഏപ്രിൽ 20 മുതൽ താൽക്കാലികമായി നിർത്തിവെക്കാൻ ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൻ കൂടിയായ കലക്ടർ ഉത്തരവിട്ടു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ 24 മണിക്കൂറിനകം ഓൺലൈൻ ക്ലാസുകൾ ആരംഭിക്കണമെന്നും നിർദേശമുണ്ട്.
എന്നാൽ, നേരത്തേ നിശ്ചയിച്ച പരീക്ഷകളും പ്രാക്ടിക്കൽ ക്ലാസുകളും കുടിവെള്ളം, ഒ.ആർ.എസ് ലായനി എന്നിവ ഉറപ്പാക്കികൊണ്ട് നടത്താം. ഒഴിച്ചുകൂടാൻ പറ്റാത്തതും ഓൺലൈനിൽ സാധ്യമാകാത്തതുമായ ലാബോറട്ടറി, ക്ലിനിക്കൽ, പ്രാക്ടിക്കൽ പരീക്ഷകൾ ചെറിയ ബാച്ചുകളായി രണ്ട് മണിക്കൂറിൽ കൂടാത്ത സമയ പരിധിക്കുള്ളിൽ മതിയായ വെന്റിലേഷനോടെയും മിതമായ താപനില ഉറപ്പാക്കിക്കൊണ്ടും നടത്താം.
ജില്ലയിലെ ഉയർന്ന യു.വി ഇൻഡക്സ് ഏഴായതിനാൽ സൂര്യാഘാതം, നിർജലീകരണം എന്നിവക്കുള്ള സാധ്യതത പരിഗണിച്ചാണ് ഉത്തരവ്. താപനില 37 ഡിഗ്രി സെൽഷ്യസോ അതിൽ താഴെയോ തുടർച്ചയായ രണ്ട് ദിവസങ്ങളിൽ രേഖപ്പെടുത്തിയാൽ മാത്രമേ ഉത്തരവ് പിൻവലിക്കുകയുള്ളൂവെന്നും കലക്ടർ വ്യക്തമാക്കി.
സർവകലാശാല/ബോർഡുകൾ അംഗീകരിച്ച പ്ലാറ്റ്ഫോമുകളിലൂടെ ക്ലാസുകൾ, പരീക്ഷകൾ ഉൾപ്പെടെയുള്ള അക്കാദമിക് പ്രവർത്തനങ്ങൾ നടത്താം. ഓൺലൈൻ ഉപാധികളിലൂടെ മാത്രം വിദ്യാർഥികൾക്ക് ക്ലാസുകൾ നൽകണം.
ഒരു വിദ്യാർഥിക്കും അക്കാദമിക തലത്തിൽ നഷ്ടമുണ്ടാകരുതെന്നും ഉത്തരവിൽ പറയുന്നു. ഉത്തരവ് ലംഘിക്കുന്നതായി ശ്രദ്ധയിൽപെട്ടാൽ ഡിസ്ട്രിക്ട് എമർജൻസി ഓപറേഷൻ സെൻറർ ഹെൽപ് ലൈൻ നമ്പറായ 1077ൽ ബന്ധപ്പെടാം. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ ഡിസാസ്റ്റർ മാനേജ്മെന്റ് ആക്ട് 2005 പ്രകാരം നടപടി സ്വീകരിക്കുമെന്നും കലക്ടർ വ്യക്തമാക്കി.
ചൂടിന് നേരിയ കുറവ്; 39.8 ഡിഗ്രി
പാലക്കാട്: 40 ഡിഗ്രി സെൽഷ്യസിൽ തിളച്ചുമറിഞ്ഞ ജില്ലക്ക് ഞായറാഴ്ച നേരിയ ആശ്വാസം. ഉയർന്ന താപനില 39.8 ഡിഗ്രി സെൽഷ്യസായി കുറഞ്ഞു. മലമ്പുഴ അണക്കെട്ട് പരിസരത്താണ് കൂടിയ താപനില 39.8 ഡിഗ്രി രേഖപ്പെടുത്തിയത്. കുറഞ്ഞ താപനില 27.4 ഡിഗ്രിയും ആർദ്രത 48 ശതമാനവും രേഖപ്പെടുത്തി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മലമ്പുഴയിൽ ചൂട് 40 ഡിഗ്രി കടന്നിരുന്നു. പകൽ പുറത്തിറങ്ങാനാവാത്ത വിധം ചൂടാണ് കഴിഞ്ഞ ദിവസങ്ങളിൽ അനുഭവിച്ചത്. ഞായറാഴ്ച ചൂടിന് നേരിയ ശമനമുണ്ടെങ്കിലും ആർദ്രത കൂടിയതിനാൽ ഉഷ്ണത്തിന് കുറവില്ല.
ചൂട് കനത്തതോടെ ഭാരതപ്പുഴ ഉൾപ്പെടെയുള്ള പുഴകൾ വറ്റിവരണ്ടു. മഴക്കാലത്ത് നിറഞ്ഞൊഴുകിയിരുന്ന നിളയിൽ ഇപ്പോൾ ഒരിറ്റു ജലമില്ല. പാലത്തിന് താഴെയും മറ്റും മണൽത്തിട്ടകളും പാഴ്ചെടികളും കുറ്റിക്കാടുകളും നിറഞ്ഞിരിക്കുകയാണ്. തടയണകൾക്ക് സമീപം മാത്രമാണ് അൽപമെങ്കിലും വെള്ളമുള്ളത്. പടിഞ്ഞാറൻ മേഖലയുടെ പ്രധാന കുടിവെള്ള ആശ്രയമാണ് ഭാരതപ്പുഴ. പുഴ വരണ്ടത് ഇവിടെയുള്ള കുടിവെള്ള പദ്ധതികൾക്ക് തിരിച്ചടിയാകുന്നുണ്ട്.
സാധാരണ പുഴയിലേക്ക് മലമ്പുഴ ഡാമിൽനിന്ന് വെള്ളം തുറന്നുവിടാറുണ്ട്. എന്നാൽ, ഡാമിലും ജലനിരപ്പ് കുറഞ്ഞുവരുന്ന സാഹചര്യത്തിൽ ഇത്തവണ രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടേണ്ടി വരുമോ എന്ന ആശങ്കയിലാണ് ജനങ്ങൾ. ജലസേചനത്തിനും പുഴവെള്ളത്തെ ആശ്രയിക്കുന്നതിനാൽ വേനൽ മഴ പെയ്തില്ലെങ്കിൽ കൃഷിയും അവതാളത്തിലാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

