ശുചിത്വ നിലവാരത്തിൽ രണ്ടാം സ്ഥാനം; കൂകിപ്പാഞ്ഞ് ഷൊർണൂർ നഗരസഭ
text_fieldsഷൊർണൂർ: ശുചിത്വ നിലവാരത്തിൽ ഷൊർണൂർ നഗരസഭക്ക് സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനവും ദേശീയ തലത്തിൽ നൂറ്റിയെട്ടാം സ്ഥാനവും ലഭിച്ചു. സ്വഛ് സർവേക്ഷൺ ശുചിത്വ സർവേ റാങ്കിങ്ങിൽ മികച്ച നേട്ടം നഗരസഭക്ക് കിട്ടിയ അംഗീകാരമാണെന്ന് ഭരണസമിതി അംഗങ്ങൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കേന്ദ്ര പാർപ്പിട - നഗരകാര്യ മന്ത്രാലയത്തിന് കീഴിൽ സ്വഛ് ഭാരത് മിഷന്റെ (അർബൻ) ഭാഗമായി നഗരങ്ങളുടെ ശുചിത്വ നിലവാരം അളക്കുന്നതിനുള്ള സർവേയാണിത്.
2023ൽ ദേശീയ തലത്തിൽ 3267ാം റാങ്കും സംസ്ഥാന തലത്തിൽ അറുപതാം സ്ഥാനവുമാണ് നഗരസഭക്ക് ലഭിച്ചിരുന്നത്. കേരളത്തിലെ ആദ്യ മാലിന്യമുക്ത നഗരസഭയായ ഷൊർണുർ നഗരസഭക്ക് സംസ്ഥാന ചരിത്രത്തിലാദ്യമായി ജി.എഫ്.സി ത്രീ സ്റ്റാർ ലഭിച്ച മൂന്നു നഗരസഭകളിൽ ഇടം പിടിക്കാനും സാധിച്ചു. കഴിഞ്ഞ വർഷം ശുചിത്വ - മാലിന്യ സംസ്കരണ മേഖലയിൽ നടത്തിയ മികച്ച പ്രവർത്തനങ്ങളാണ് വലിയ മുന്നേറ്റം നടത്താൻ നഗരസഭയെ പ്രാപ്തമാക്കിയത്.
മോഡൽ ഖരമാലിന്യ സംസ്കരണ പ്ലാന്റ് (എം.സി.എഫ്.ആർ.ആർ.എഫ്), ഹരിത കർമ സേനയുടെ നേതൃത്വത്തിൽ നൂറ് ശതമാനം വാതിൽപ്പടി സേവനങ്ങൾ, വൃത്തിയുള്ള ജലാശയങ്ങളും പൊതുയിടങ്ങളും, ശുചിത്വ - മാലിന്യ സംസ്കരണ സന്ദേശങ്ങളടങ്ങിയ ചുമർ ചിത്രങ്ങൾ, നഗര സൗന്ദര്യ വൽക്കരണ പ്രവർത്തനങ്ങൾ, സാനിറ്ററി വേസ്റ്റ് ശേഖരണം, കെട്ടിട നിർമാണ അവശിഷ്ട മാലിന്യങ്ങൾ ശേഖരിക്കാനുള്ള കളക്ഷൻ പോയിന്റ്, പൊതുയിടങ്ങളിലെയും ജലാശയങ്ങളുടെ സമീപത്തും സ്ഥാപിച്ചിട്ടുള്ള ബിന്നുകൾ, സ്വഛ്ഭാരത് മിഷൻ മാലിന്യ മുക്തം നവകേരളം കാമ്പയിനുകളുടെ ഭാഗമായി സംഘടിപ്പിച്ച വിവിധ പരിപാടികൾ, സീറോ വേസ്റ്റ് -ഗ്രീൻ പ്രോട്ടോകോൾ പ്രവർത്തനങ്ങൾ, പുനരുപയോഗം പ്രോൽസാഹിപ്പിക്കുന്നതിന്റെ ഭാഗമായി സ്ഥാപിച്ച ആർ.ആർ സെന്ററുകൾ, ശുചിത്വ മിഷന്റെ നേതൃത്വത്തിൽ നടത്തിയ പ്രീ അസെസ്മെന്റ് സർവ്വേയും പരിഹാര മാർഗങ്ങളും തുടങ്ങിയ പ്രവർത്തനങ്ങൾ നഗരസഭയെ മുന്നിലെത്തിക്കുന്നതിന് സഹായിച്ചു.
2024 ൽ നിയമ ലംഘകർക്കെതിരെ 10.75 ലക്ഷം രൂപയാണ് എൻഫോഴ്സ്മെൻറ് സ്ക്വാഡ് പിഴയിനത്തിൽ ഈടാക്കിയത്. നഗരസഭ ചെയർമാൻ എം.കെ. ജയപ്രകാശ്, വൈസ് ചെയർപേഴ്സൺ പി.സിന്ധു, സ്ഥിരം സമിതി ചെയർമാൻമാരായ എസ്.ജി. മുകുന്ദൻ, കെ.എം. ലക്ഷ്മണൻ, കൗൺസിലർ പി. പ്രസാദ്, നഗരസഭ സെക്രട്ടറി പി.എസ്. രാജേഷ്, ശിവൻ, വിനോദ് കുമാർ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

