സ്കൂൾ വാഹന പരിശോധന; ഒറ്റപ്പാലത്ത് 27 എണ്ണത്തിന് ഫിറ്റ്നസ് നിഷേധിച്ചു
text_fieldsഒറ്റപ്പാലം: അധ്യയനവർഷം ആരംഭിക്കുന്നതിന്റെ ഭാഗമായി നടന്ന സ്കൂൾ ബസുകളുടെ പരിശോധനയിൽ 27 ബസുകൾക്ക് ഫിറ്റ്നസ് നൽകാതെ മോട്ടോർ വാഹന വകുപ്പ് തിരിച്ചയച്ചു. ഒറ്റപ്പാലം സബ് റീജനൽ-ട്രാൻസ്പോർട്ട് ഓഫിസിന് കീഴിൽ വരുന്ന ഒറ്റപ്പാലം ഷൊർണൂർ മേഖലകളിലെ ബസുകളാണ് പരിശോധനക്ക് ഹാജാരാക്കിയത്. ചിനക്കത്തൂർ കാവ് മൈതാനിയിൽ നടന്ന പരിശോധനക്ക് ഹാജരാക്കിയ 122 വാഹനങ്ങളിൽ 27 എണ്ണത്തിനാണ് മോട്ടോർ വാഹന വകുപ്പ് അനുമതി നിഷേധിച്ചത്.
പരിശോധനക്ക് ശേഷം ‘ചെക്ക്ഡ് ഒ.കെ’ സ്റ്റിക്കർ പതിച്ച വാഹനങ്ങൾക്ക് മാത്രമേ നിരത്തിലിറങ്ങാൻ അനുമതിയുള്ളൂ. ഫിറ്റ്നസ് നൽകാതെ തിരിച്ചയച്ച വാഹനങ്ങളുടെ ന്യൂനതകൾ പരിഹരിച്ച് വീണ്ടും ഹാജരാക്കിയാൽ പരിശോധനക്ക് ശേഷം ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അനുവദിക്കുമെന്നും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
ജി.പി.എസ് സംവിധാനം, അപകടമുണ്ടാകുന്ന പക്ഷം കൺട്രോൾ റൂമുമായി ബന്ധപ്പെടാനുള്ള പാനിക് ബട്ടൺ, വാഹനത്തിന്റെ ടയറിന്റെ കാര്യക്ഷമത, ഇലക്ട്രിക്കൽ-മെക്കാനിക്കൽ നിലവാരം, പെയിന്റ്, സീറ്റ് അറേഞ്ച് മെന്റ്, സ്പീഡ്എം ഗവർണർ, വിദ്യ വാഹൻ രജിസ്ട്രേഷൻ, ഫസ്റ്റ് എയ്ഡ് ബോക്സ്, അഗ്നിശമനോപകരണം, ഹെൽപ് ലൈൻ നമ്പറുകളുടെ പ്രദർശനം, ഡ്രൈവറുടെ എക്സ്പീരിയൻസ്, ലൈസൻസ്, അനുബന്ധ രേഖകൾ എന്നീ മാനദണ്ഡങ്ങളിലാണ് പ്രധാനമായും പരിശോധന നടന്നത്. ഒറ്റപ്പാലം ജോയിന്റ് ആർ.ടി.ഒ കെ.ബി. രഘു, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ പി.എ. അജിത്ത് കുമാർ, വി.കെ. വൽസൻ, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ കെ.ആർ. രഞ്ജൻ, അരുൺ ആർ. സുരേന്ദ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ശനിയാഴ്ചത്തെ പരിശോധന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

