സ്കൂള്‍ ഐ.ടി മേള ഈ വര്‍ഷം മുതല്‍ പുതിയ ഓപറേറ്റിങ് സിസ്റ്റത്തിൽ
text_fieldsപാലക്കാട്: പുതുക്കിയ ഐ.സി.ടി പാഠ്യപദ്ധതി നടപ്പാക്കിയ സാഹചര്യത്തില്‍ അനിമേഷന്‍ നിർമാണവും സ്ക്രാച്ച് പ്രോഗ്രാമിങ്ങും ഉള്‍പ്പെടെ എല്ലാ മത്സരങ്ങളും ഈ വർഷം മുതൽ പുതിയ സോഫ്റ്റ്വെയറിൽ സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവത്തിന്റെ ഭാഗമായി നടക്കും.
ഓപൺ ടൂൺസ് സോഫ്റ്റ്വെയര്‍ ഉപയോഗിച്ചാണ് 20 സെക്കൻഡില്‍ കുറയാത്ത ഒരു ചലച്ചിത്രം ഒരു മണിക്കൂറിനുള്ളില്‍ കുട്ടികള്‍ തയാറാക്കേണ്ടത്. പത്ത് മിനിറ്റ് മുമ്പ് വിഷയം നല്‍കും.
അമേരിക്കയിലെ മാസച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി തയാറാക്കിയ 'സ്ക്രാച്ചിന്റെ പുതിയ പതിപ്പായ ടർബോവാർപ് (TurboWarp) സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് ഗെയിമുകളും അനിമേഷനുകളും തയാറാക്കുന്നതാണ് സ്ക്രാച്ച് പ്രോഗ്രാമിങ്ങിലെ മാറ്റം. ഹൈസ്കൂള്‍, ഹയര്‍സെക്കൻഡറി വിഭാഗങ്ങളില്‍ നിലവിലുള്ള ഐ.ടി ക്വിസ്, ഡിജിറ്റല്‍ പെയിന്റിങ്, വെബ്പേജ് നിര്‍മാണം, പ്രസന്റേഷന്‍ ഇനങ്ങള്‍ തുടരും. പ്രസന്റേഷൻ മത്സരത്തിന് മുന്‍കൂട്ടി നല്‍കുന്ന ആശയം അടിസ്ഥാനമാക്കി ഏതെങ്കിലും വിഷയം മത്സരാർഥികള്‍ക്ക് നല്‍കും.
മള്‍ട്ടിമീഡിയാ പ്രസന്റേഷന്‍ തയാറാക്കിയശേഷം അഞ്ചു മിനിറ്റില്‍ അത് അവതരിപ്പിക്കണം. ഈ വർഷം പ്രധാന തീം ‘ശാസ്ത്രവും മാനവികതയും’ എന്നതായിരിക്കും. മലയാളം ടൈപ്പിങ് മത്സരത്തിൽ വേഗതക്കും ലേഔട്ടിനും പകുതി വീതം മാര്‍ക്കുകള്‍ ലഭിക്കും. പാഠ്യപദ്ധതിയിൽ മലയാളം കമ്പ്യൂട്ടിങ്ങിന്റെ ഭാഗമായി ഉപയോഗിക്കുന്ന പൂർണ എക്സ്റ്റൻഡ് കീബോർഡ് അടിസ്ഥാനമായിട്ടായിരിക്കും നടക്കുക. അധ്യാപകര്‍ക്ക് ഐ.സി.ടി ടീച്ചിങ് എയിഡ്സ് മത്സരവും നടക്കും.
സ്കൂള്‍-ഉപജില്ല-ജില്ല-സംസ്ഥാനതലത്തിൽ ഇങ്ങനെ ലഭിക്കുന്ന മെച്ചപ്പെട്ട ഡിജിറ്റല്‍ ഉള്ളടക്കം 'സമഗ്ര' വിഭവപോര്‍ട്ടലില്‍ അപ് ലോഡ് ചെയ്യും.
പൊതുവിദ്യാലയങ്ങളിൽ നിന്ന് തെരഞ്ഞെടുക്കുന്ന 400 കുട്ടികളും 60 അധ്യാപകരുമാണ് സംസ്ഥാനമേളയില്‍ പങ്കെടുക്കുന്നത്. ഐ.ടി മേളകളിലെ മത്സരങ്ങളെല്ലാം പൂര്‍ണമായും സ്വതന്ത്ര സോഫ്റ്റ് വെയര്‍ ഉപയോഗിച്ചായിരിക്കും. അഭിരുചിയും കഴിവും ഉള്ള മുഴുവന്‍ കുട്ടികള്‍ക്കും പങ്കെടുക്കാന്‍ കഴിയുന്ന വിധത്തില്‍ സോഫ്റ്റ്വെയറുകളും പഠന മൊഡ്യൂളുകളും കൈറ്റ് സ്കൂളുകള്‍ക്ക് ലഭ്യമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

