ശമ്പള വർധനയില്ലാതെ സ്കൂൾ പാചക തൊഴിലാളികൾ; വർഷങ്ങളായി ദിവസവേതനം 600 രൂപ
text_fieldsപാലക്കാട്: സ്കൂൾ വിദ്യാർഥികൾക്ക് പുതുക്കിയ മെനു പ്രകാരമുള്ള ഉച്ചഭക്ഷണം വിതരണം തുടങ്ങിയെങ്കിലും ശമ്പളത്തിൽ വർധനവോ പുതുമയോ ഇല്ലാതെ സ്കൂൾ പാചക തൊഴിലാളികൾ. വർഷങ്ങളായി 600 രൂപ ദിവസക്കൂലിക്കാണ് പാചക തൊഴിലാളികൾ പണിയെടുക്കുന്നത്. 2011ൽ നൂറുരൂപയായിരുന്ന വേതനം 2025 എത്തിയിട്ടും 600 രൂപയിലേ എത്തിയിട്ടുള്ളൂ.
വേതനം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പാചക തൊഴിലാളികൾ നിരവധി നിവേദനങ്ങളും പരാതികളും അധികൃതർക്ക് നൽകിയിട്ടും നടപടിയുണ്ടായിട്ടില്ല. നിലവിൽ 500 കുട്ടികൾക്ക് ഒരു തൊഴിലാളിയാണ് ഉച്ചഭക്ഷണം തയാറാക്കുന്നത്. അധികം വരുന്ന കുട്ടി ഒന്നിന് 25 പൈസയാണ് നൽകുന്നത്. സ്കൂൾ അവധി ദിവസങ്ങളിൽ വേതനം ലഭിക്കില്ല. തുച്ഛമായ വരുമാനത്തിലാണ് സംസ്ഥാനത്തെ 14,000ത്തോളം വരുന്ന പാചക ത്തൊഴിലാളികൾ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്.
രാവിലെ ഏഴുമണിയാകുമ്പോഴേക്കും സ്കൂളിൽ എത്തി പച്ചക്കറികൾ അരിയുന്നതും പുതുക്കിയ മെനു പ്രകാരമുള്ള ഭക്ഷണം തയാറാക്കുന്നതും വൈകീട്ട് പോകുന്നതിന് മുമ്പ് പാത്രങ്ങളെല്ലാം കഴുകി വൃത്തിയാക്കി വെക്കുന്നതുമെല്ലാം ഒരു പാചക തൊഴിലാളി ഒറ്റക്കാണ്. സഹായത്തിനായി ആരെയെങ്കിലും വെച്ചാൽ അവർക്ക് വേതനത്തിന്റെ പകുതി കൊടുക്കേണ്ടി വരും. ഇത് സാമ്പത്തിക പ്രയാസം സൃഷ്ടിക്കുന്നു.
രാവിലെ 11.20ന് പാൽ, മുട്ട, പൊടിയരികഞ്ഞി, ഉച്ചക്ക് ഊൺ, സാമ്പാർ, തോരൻ, എരിശ്ശേരി, ലെമൺ റൈസ്, തക്കാളി റൈസ്, ഫ്രൈഡ് റൈസ്, ഇലക്കറികൾ, വിവിധം തരം ചമ്മന്തികൾ, കോളിഫ്ലവർ കറി, സോയ കറി തുടങ്ങി വിശാലമായ മെനുവാണ് ഈ അധ്യയന വർഷം വിദ്യാർഥികൾക്കായി സർക്കാർ പ്രഖ്യാപിച്ചത്. എന്നാൽ, പാചക തൊഴിലാളികൾക്ക് കൃത്യമായ പരിശീലനം നൽകാതെയാണ് പുതിയ മെനു നടപ്പാക്കുന്നതെന്ന് ആക്ഷേപം ഉയർന്നിരുന്നു.
വർഷങ്ങളായി ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് വിരമിക്കുമ്പോൾ ആനുകൂല്യം പോലും നൽകാറില്ലെന്നും 34 വർഷമായി പത്തിരിപ്പാലയിലെ സ്കൂളിൽ പാചക തൊഴിലാളിയായ ലീലാവതി പറയുന്നു. മെനു പരിഷ്കരിച്ചതിനൊപ്പം തുച്ഛമായ വേതനത്തിൽ അധ്വാനിക്കുന്ന തൊഴിലാളികൾക്ക് വേതനം വർധിപ്പിക്കാൻ കൂടി സർക്കാർ തയാറാകണമെന്നാണ് ആവശ്യം ഉയരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

