അടച്ചിട്ട വീടുകളിലെ കവർച്ച; അന്തർ സംസ്ഥാന മോഷ്ടാവ് അറസ്റ്റിൽ
text_fieldsമണിമാരൻ
പാലക്കാട്: കൽമണ്ഡപം പ്രതിഭനഗറിൽ അടച്ചിട്ട മൂന്നുവീടുകളിൽനിന്ന് 7.8 ലക്ഷം രൂപ കവർന്ന അന്തർ സംസ്ഥാന മോഷ്ടാവ് അറസ്റ്റിൽ. വാറങ്കൽ ഖോരേക്കുണ്ട കീർത്തി നഗർ സ്വദേശി സെട്ടിമണി എന്ന മണിമാരനെയാണ് (41) കസബ പൊലീസ് അറസ്റ്റ് ചെയ്തത്.
ആന്ധ്രപ്രദേശ്, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിലായി എഴുപതിലധികം കവർച്ചകേസുകളിലെ പ്രതിയായ മണിമാരൻ തമിഴ്നാട് മേട്ടുപ്പാളയം കാരമട സ്റ്റേഷൻ പരിധിയിൽ 25 പവൻ സ്വർണം കവർന്ന കേസിൽ പിടിയിലായിരുന്നു. കസബ പൊലീസ് മേട്ടുപ്പാളയത്ത് എത്തി പ്രതിയെ ചോദ്യം ചെയ്യുകയും പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തു.
മുഖവും ശരീരഭാഗങ്ങളും മറച്ച് 14ന് രാത്രി 12നുശേഷം പ്രതിഭനഗറിലെത്തി മൂന്ന് വീടുകളിൽ നിന്നായി യഥാക്രമം ഏഴര ലക്ഷം, 25000, 5000 രൂപ വീതം മോഷ്ടിക്കുകയായിരുന്നു. ചുറ്റുമുള്ള നിരവധി സി.സി ടി.വി കാമറകൾ പരിശോധിച്ച പൊലീസ് ലോഡ്ജ്, വാടക വീടുകൾ എന്നിവയിൽ തെരച്ചിൽ നടത്തുകയും നൂറിലധികം വാഹനങ്ങളുടെ വിവരങ്ങൾ തിരഞ്ഞുമാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
പ്രതിയെ തിരിച്ചറിയുന്ന സി.സി.ടി.വി ദൃശ്യങ്ങളും വിവരങ്ങളും കാരമടൈ സ്റ്റേഷൻ ഉൾപ്പെടെ തമിഴ്നാട്ടിലെ എല്ലാം സ്റ്റേഷനിലേക്കും കൈമാറിയിരുന്നു. കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തമിഴ്നാട് കാരമടൈ പൊലീസ് പ്രതിയായ മണിമാരനെ കവർച്ചക്കിടെ പിടികൂടിയത്.
കോയമ്പത്തൂർ സെൻട്രൽ ജയിലിൽനിന്ന് പ്രതിയെ കസ്റ്റഡിയിൽ വാങ്ങി പാലക്കാട് ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന്റെ മുമ്പിൽ ഹാജരാക്കി.
തെളിവെടുപ്പും മറ്റ് അന്വേഷണവും നടത്തിയ ശേഷം പ്രതിയെ തിരിച്ച് കോയമ്പത്തൂർ ജയിലിൽ എത്തിക്കും. പാലക്കാട് കസബ പൊലീസ് ഇൻസ്പെക്ടർ എം. സുജിത്ത്, എസ്.ഐമാരായ എച്ച്. ഹർഷാദ്, കെ.പി. വിപിൻ രാജ്, റഹിമാൻ, കാദർ പാഷ, എസ്.സി.പി.ഒമാരായ ആർ. രാജീദ്, ആർ. രഘു, ബിജു എന്നിവരാണ് കേസന്വേഷിച്ച സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

