ജൽജീവൻ പണിതു, റോഡ് തകർന്നു; അപകടങ്ങൾ തുടരുമ്പോഴും പുതുനഗരത്ത് പരിഹാര നടപടി കടലാസിൽ
text_fieldsപുതുനഗരം: പുതുനഗരം ടൗണിൽ തകർന്ന റോഡ് നന്നാക്കാനുള്ള നടപടികൾ കടലാസിൽ ഒതുങ്ങുന്നു. റോഡിലെ കുഴികൾ കാരണം രാത്രിയും പകലും ഒരേപോലെ അപകടങ്ങൾ തുടരുമ്പോഴും പൊതുമരാമത്ത് അധികൃതർക്ക് അനക്കമില്ല. ഇതിനെതിരെ പഞ്ചായത്തും നാട്ടുകാരും പൊതുമരാമത്ത് വകുപ്പിന് വീണ്ടും പരാതി നൽകി. ജല അതോറിറ്റിയുടെ ജൽജീവൻ മിഷൻ പദ്ധതിക്കായി കുടിവെള്ള പൈപ്പ് സ്ഥാപിക്കാൻ കുത്തിപ്പൊളിച്ച റോഡ് കുഴികൾ നികത്തി റീടാർ ചെയ്യാത്തതാണ് കഴിഞ്ഞ നാല് മാസമായി പ്രദേശവാസികളെ ദുരിതത്തിലാക്കിയത്.
റോഡിലെ കുഴികളിൽ വീണ് അപകടങ്ങൾ വർധിക്കുമ്പോൾ അധികൃതർ നോക്കുകുത്തിയായി നിൽക്കുകയാണ്. പുതുനഗരം ജങ്ഷനിൽ നിന്ന് പഞ്ചായത്ത് ഓഫിസ് കടന്നുപോകുന്ന റോഡിൽ രാത്രിയും പകലും ഇരുചക്ര വാഹനയാത്രക്കാർ നിരന്തരം അപകടങ്ങളിൽപെടുന്നുണ്ട്. 300 മീറ്ററിലധികം നീളമുള്ള ഈ റോഡിലെ ഗർത്തങ്ങൾ വലുതായതോടെ പരാതികളും ഏറി. കഴിഞ്ഞ മാസം റോഡിലെ കുഴികൾ അടക്കാനുള്ള ചെറിയ ശ്രമങ്ങൾ നടത്തിയെങ്കിലും കുഴികളുടെ ആഴം വർധിക്കുകയാണുണ്ടായത്.
റോഡ് തകർച്ചക്കെതിരെ വിവിധ തലങ്ങളിൽനിന്ന് അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്. പൊതുമരാമത്ത് പാലക്കാട് എക്സിക്യുട്ടീവ് എൻജിനീയർ ഓഫിസിലെ ഉദ്യോഗസ്ഥർക്കാണ് പുതുനഗരം പഞ്ചായത്ത് പ്രസിഡന്റ് എ. ബാബു, സ്ഥിരം സമിതി അംഗം അബ്ദുൾ റഷീദ് ഹാജി എന്നിവർ പരാതി നൽകിയത്. പാരന്റ്സ് കോഓഡിനേഷൻ ഫോറം ഭാരവാഹികളായ ജമീല, ബേബി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവും പൊതുമരാമത്ത് എക്സിക്യുട്ടീവ് എൻജിനീയർക്ക് ഭീമ ഹർജി നൽകി. ചിറ്റൂർ പൊതുമരാമത്ത് വകുപ്പ് അധികൃതർക്കും പരാതി നൽകിയിട്ടുണ്ട്.
റോഡിലെ കുഴികളിലെ കല്ലും ചെളിയും തെറിച്ച് വിദ്യാർഥികളുടെ ദേഹത്ത് വീഴുന്നത് ഇവിടെ പതിവായിരിക്കുകയാണ്. 5000ത്തിലധികം വിദ്യാർഥികൾ വന്നുപോകുന്ന പുതുനഗരത്ത് റോഡ് തകർച്ച ശാശ്വതമായി പരിഹരിച്ചില്ലെങ്കിൽ അപകടങ്ങൾ കൂടുതൽ വർധിക്കാൻ ഇടയാക്കും. അധികൃതരുടെ ഭാഗത്തുനിന്നുള്ള ഈ അനാസ്ഥ തുടർന്നാൽ ശക്തമായ സമരപരിപാടികളിലേക്ക് കടക്കുമെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകി.

