മുഖം മിനുക്കി പട്ടാമ്പി; കൂൾ സിറ്റി മുതൽ സിഗ്നൽ വരെയുള്ള റോഡ് നവീകരണം പുരോഗമിക്കുന്നു
text_fieldsപട്ടാമ്പിയിൽ റോഡ് നവീകരണം പുനരാരംഭിച്ചപ്പോൾ
പട്ടാമ്പി: മുഖം മിനുക്കി പട്ടാമ്പി ഒരുങ്ങുന്നു. വാദപ്രതിവാദങ്ങൾക്കൊടുവിൽ റോഡ് നവീകരണം പൂർണതയിലേക്കടുക്കുകയാണ്. മേലെ പട്ടാമ്പി കൂൾ സിറ്റി മുതൽ സിഗ്നൽ വരെയുള്ള ഭാഗത്തിന്റെ ടാറിങ് കഴിഞ്ഞ ദിവസം രാത്രി ആരംഭിച്ചു. തകർന്ന റോഡിലെ യാത്രാദുരിതം അനുഭവിച്ചുവന്നവർക്ക് സന്തോഷം പകരുന്നതാണ് പുതിയ കാഴ്ച. മഴയും വാട്ടർ അതോറിറ്റി, ഇലക്ട്രിസിറ്റി വകുപ്പുകളുടെ ഉദാസീനതയും മാറിമാറി തടസ്സങ്ങളുയർത്തി നീണ്ടുപോയ നവീകരണമാണ് പുനരാരംഭിച്ചിരിക്കുന്നത്.
തകർന്ന റോഡിൽ നിന്നുയരുന്ന പൊടിപടലങ്ങൾക്കിടയിൽ യാത്രക്കാരും വ്യാപാരികളും ഒരുപോലെ ശ്വാസംമുട്ടി. അവസാനം കഴിഞ്ഞ താലൂക്ക് വികസന സമിതി യോഗത്തിൽ ഇനിയൊട്ടും കാത്തിരിക്കാനാവില്ലെന്നു പറഞ്ഞ മുഹമ്മദ് മുഹ്സിൻ എം.എൽ.എ ടാറിങ് ആരംഭിക്കാൻ കെ.ആർ.എഫ്.ബിക്ക് നിർദേശം നൽകി. അതിന് വാട്ടർ അതോറിറ്റിയും വൈദ്യുതി വകുപ്പും തടസ്സമാവരുതെന്നും താക്കീത് നൽകി.
ഇരുവകുപ്പുകളും ഉണർന്നതോടെ പ്രവൃത്തികൾക്ക് ആക്കംകൂടി. നവീകരണത്തിന്റെ ഭാഗമായി മേലെ പട്ടാമ്പി കൽപക മുതൽ സിഗ്നൽ വരെ റോഡ് പൂർണമായും അടച്ചത് വീണ്ടും പ്രശ്നമായി. ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന്റെ ശോഭായാത്രക്ക് തടസ്സം നേരിടുമെന്ന പരാതി കൂടി പരിഗണിച്ച് ഞായറാഴ്ച രാത്രി മുതൽ ഗതാഗതത്തിന് നിരോധനം ഏർപ്പെടുത്തി പ്രവൃത്തി തുടങ്ങി. ടൗണിലെ റോഡ് ഏറ്റവും കൂടുതൽ തകർന്ന ഭാഗമാണ് ഇപ്പോൾ പുനരുദ്ധരിക്കുന്നത്.
മികച്ച സൗകര്യത്തോടെയാണ് പ്രവൃത്തി നടന്നുവരുന്നത്. ടൗണിലെ കൈയേറ്റങ്ങൾ കൂടി താമസംകൂടാതെ ഒഴിപ്പിച്ചെടുത്ത് ബസ് സ്റ്റാൻഡ് വരെയുള്ള നവീകരണം ഇതേ രീതിയിൽ നടപ്പായാൽ പട്ടാമ്പിയുടെ പേരുദോഷം മാറ്റാനാവും. നിള - ഐ.പി.ടി റോഡ് നവീകരണത്തിന്റെ ഭാഗമായുള്ള പ്രവൃത്തിയാണ് നടന്നുവരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

