വാഹനാപകടം; പത്ത് മാസത്തിൽ പൊലിഞ്ഞത് 3050 ജീവൻ
text_fieldsപാലക്കാട്: വാഹനാപകടങ്ങളിൽ സംസ്ഥാനത്ത് ഈ വർഷം ഒക്ടോബർ വരെ മരിച്ചത് 3050 പേർ. 41,372 അപകടങ്ങളുണ്ടായതായും പൊലീസിന്‍റെ കണക്കിൽ പറയുന്നു. 47,002 പേർക്കാണ് ഇത്രയും അപകടങ്ങളിലായി പരിക്കേറ്റത്. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് അപകടങ്ങളും മരണങ്ങളും ഈ വർഷം കുറവാണ്.
2020 മുതൽ 2024 വരെയുള്ള അഞ്ച് വർഷം 18,583 പേർക്കാണ് റോഡിൽ ജീവൻ പൊലിഞ്ഞത്. മിക്ക അപകടങ്ങൾക്കും കാരണം ഡ്രൈർമാരുടെ അശ്രദ്ധയാണ്. 2024ലുണ്ടായ അപകടങ്ങളിൽ 17 മരണങ്ങൾക്ക് കാരണം മദ്യപിച്ച് വാഹനം ഓടിച്ചതാണ്. 51 പേർക്ക് ഗുരുതര പരിക്കേറ്റു. വാഹനം ഓടിക്കുമ്പോൾ ഫോൺ ഉപയോഗിച്ച് രണ്ട് അപകടങ്ങളുണ്ടായി. രണ്ട് പേർ മരിച്ചു.
കഴിഞ്ഞവർഷം കൂടുതൽ അപകടങ്ങൾ സംഭവിച്ചത് സാധാരണ റോഡുകളിലാണ്- 2036 എണ്ണം. 2120 മരണങ്ങളുമുണ്ടായി. സംസ്ഥാനപാതയിൽ 831 അപകടങ്ങളും ദേശീയപാതയിൽ 830 അപകടങ്ങളുമാണ് സംഭവിച്ചത്. സംസ്ഥാന-ദേശീയപാതകളിൽ എ.ഐ കാമറ ഉൾപ്പെടെയുള്ള നിരീക്ഷണ സംവിധാനങ്ങളുള്ളതിനാൽ അമിതവേഗതക്കും അശ്രദ്ധക്കും കുറവുണ്ട്. എന്നാൽ, സാധാരണ റോഡുകളിൽ ഇത്തരം നിരീക്ഷണങ്ങളില്ല.
ഇരുചക്രവാഹനങ്ങൾ മൂലമാണ് അധികം അപകടങ്ങൾ നടന്നത്- 1044. ഇത്രയും അപകടങ്ങളിലായി 1088 പേർക്ക് മരണം സംഭവിച്ചു. 124 അപകടങ്ങളിൽ കെ.എസ്.ആർ.ടി.സി ബസുകളാണ് അപകടത്തിൽപെട്ടത്. കാർ-779, ലോറി-312, സ്വകാര്യ ബസ്-255, ഓട്ടോറിക്ഷകൾ-255, സ്കൂട്ടർ-354 എന്നിങ്ങനെയാണ് മറ്റ് കണക്കുകൾ. രാത്രിയിലാണ് കൂടുതൽ അപകടങ്ങളും.
പാലക്കാട് ജില്ലയിൽ ഈ വർഷം ഒക്ടോബർ വരെ 2253 അപകടങ്ങളും 221 മരണങ്ങളുമുണ്ടായി. 2506 പേർക്ക് പരിക്കേറ്റു. 2016 മുതൽ 2024 വരെയുള്ള ഒമ്പത് വർഷത്തിൽ 22,144 അപകടങ്ങളാണുണ്ടായത്. 3074 പേർക്ക് മരണം സംഭവിച്ചു. 2019ലാണ് കൂടുതൽ അപകടങ്ങളും മരണങ്ങളുമുണ്ടായത്. 2419 അപകടങ്ങളിലായി 397 പേർ മരിച്ചു. കഴിഞ്ഞ രണ്ട് വർഷങ്ങളിൽ മൂവായിരത്തിലധികം വാഹനാപകടങ്ങളാണ് ജില്ലയിൽ ഉണ്ടായത്. അമിതവേഗതയും അശ്രദ്ധയുമാണ് അപകടങ്ങൾക്ക് വഴിയൊരുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

