നെല്ല് സംഭരണം; ജില്ലയിൽ രണ്ടാംഘട്ട തുക വിതരണമാരംഭിച്ചു
text_fieldsപാലക്കാട്: താങ്ങുവിലക്ക് നെല്ല് സംഭരിച്ച വകയിൽ സപ്ലൈകോയിൽ നിന്ന് പണം ലഭിക്കാനുള്ള കർഷകർക്ക് തുക വിതരണം തുടങ്ങി. കർഷകരുടെ വിവരങ്ങൾ ബാങ്കുകൾക്ക് നൽകിയതായി സപ്ലൈകോ പറഞ്ഞു. രണ്ടാം ഘട്ടം വിതരണത്തോടെ ജില്ലയിലെ 99 ശതമാനം പേർക്കും തുക ലഭിക്കും. ജനുവരി ആറ് വരെ പി.ആർ.എസ് പരിശോധന പൂർത്തിയാക്കിയ കർഷകർക്കാണ് പണം ലഭിക്കുക.
28,257 കർഷകർക്കായി 179.12 കോടി രൂപയാണ് വിതരണം ചെയ്യുന്നത്. ഇതിൽ ബാങ്കുകളുടെ കൺസോർട്യത്തിൽ നിന്ന് വായ്പയായി ലഭിച്ച 150 കോടി രൂപയിൽ നിന്ന് 74.2 കോടി രൂപ ഒന്നാംഘട്ടത്തിൽ കർഷകർക്ക് നൽകിയിരുന്നു. ഇനി ആയിരത്തോളം കർഷകർക്കായി നാല് കോടിയോളം രൂപയാണ് നൽകാനുള്ളത്. 39 മില്ലുകളാണ് നെല്ലെടുത്തത്.
ജില്ലയിൽ ഒന്നാം വിള സംഭരണം 99 ശതമാനം പൂർത്തിയായി. 65,092 മെട്രിക് ടൺ നെല്ലളന്നു. 183.56 കോടി രൂപയാണ് ജില്ലയിലെ കർഷകർക്ക് ലഭിക്കേണ്ടത്. കൺസോർട്യത്തിൽ ഉൾപ്പെടുന്ന എസ്.ബി.ഐ, കനറാ ബാങ്കുകളിൽ 95 ശതമാനം കർഷകരും അക്കൗണ്ടെടുത്തെന്നാണ് സപ്ലൈകോയുടെ കണക്ക്.
അതിനാൽ കഴിഞ്ഞ രണ്ടാംവിളക്കാലത്തേത് പോലെ പുതിയ അക്കൗണ്ട് തുറക്കലടക്കമുള്ള കാലതാമസമുണ്ടാകില്ലെന്നാണ് പ്രതീക്ഷ. അതേസമയം, ബാങ്കിലെ ജീവനക്കാരുടെ കുറവ് പണം അക്കൗണ്ടുകളിലേക്ക് വരവ് വെയ്ക്കുന്നതിന് കാലതാമസം വരുത്തുന്നതായി പരാതിയുണ്ട്. ജീവനക്കാർ കുറവുള്ള ശാഖകളിൽ ദിവസവും നിശ്ചിത എണ്ണം കർഷകരുടെ അക്കൗണ്ടിലേക്ക് മാത്രമാണ് തുക വിതരണം നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

