ബാലികയെ പീഡിപ്പിച്ച കേസിൽ രണ്ട് പ്രതികൾക്ക് തടവും പിഴയും
text_fieldsപാലക്കാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതികൾക്ക് തടവും പിഴയും ശിക്ഷ. ഒന്നാംപ്രതി കോട്ടത്തറ ആനക്കട്ടി ഇന്ദുജ(24), രണ്ടാംപ്രതി അഗളി ഭൂതികുമാർ(28) എന്നിവരെയാണ് വിവിധ വകുപ്പുകളിലായി ശിക്ഷിച്ചത്. ഇന്ദുജക്ക് വിവിധ വകുപ്പുകളിലായി 18 വർഷം വെറും തടവും 60,000 രൂപ പിഴയും ഭൂതികുമാറിന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പിഴയടക്കാത്ത പക്ഷം ഒന്നാംപ്രതി ഏഴുമാസം അധികം വെറും തടവും രണ്ടാംപ്രതി ഒരു വർഷം അധികം കഠിനതടവും അനുഭവിക്കണം. മൂന്നാം പ്രതി അഗളി ഭൂതി മനീഷിനെ (ലാച്ചി) തെളിവുകളില്ലാത്തതിനാൽ വെറുതെ വിട്ടു.
പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ പോക്സോ കോടതി ജഡ്ജി ടി. സഞ്ജുവാണ് ശിക്ഷ വിധിച്ചത്. 2018 മേയ് 19ന് ഒന്നാംപ്രതി അതിജീവിതയെ വീട്ടിൽനിന്ന് കൂട്ടിക്കൊണ്ടുപോയി മെയ് 23 വരെ പല പ്രതികൾക്കും പീഡിപ്പിക്കാൻ ഒത്താശ നൽകി. രണ്ടാംപ്രതി ലൈംഗികമായി പീഡിപ്പിക്കുകയും മൂന്നാം പ്രതി കൂട്ടുനിൽക്കുകയും ചെയ്തു എന്നാണ് പ്രോസിക്യൂഷൻ വാദം. അന്നത്തെ എസ്.ഐ രാജേഷ് അയോടൻ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു.
എസ്.ഐ അശോകൻ, എസ്.എ ഷാജഹാൻ , സി.പി.ഒമാരായ പ്രിൻസ്, ഗോപകുമാർ, ബീന എന്നിവർ അന്വേഷണ ഉദ്യോഗസ്ഥനെ സഹായിച്ചു. പ്രോസിക്യൂഷനായി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ടി. ശോഭന ഹാജരായി. ഷോളയൂർ പൊലീസ് സ്റ്റേഷൻ സി.പി.ഒമാരായ രതീഷ് കുമാർ, ഷാജി, ലൈസൻ ഓഫിസർ എ.എസ്.ഐ സതി എന്നിവർ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു. പ്രോസിക്യൂഷൻ 13 സാക്ഷികളെ വിസ്തരിച്ച് 21 രേഖകൾ ഹാജരാക്കി. പ്രതികൾ പിഴ അടച്ചാൽ തുക ഇരക്ക് നൽകാനും അതിജീവിതക്ക് അധിക ധനസഹായം നൽകാനും വിധിച്ചു.

