Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകേറിനിരങ്ങി ക്വാറി...

കേറിനിരങ്ങി ക്വാറി ലോറികൾ; ശ്വാസത്തിന് പിടഞ്ഞ് വെങ്ങന്നൂർ ഗ്രാമം

text_fields
bookmark_border
കേറിനിരങ്ങി ക്വാറി ലോറികൾ; ശ്വാസത്തിന് പിടഞ്ഞ്  വെങ്ങന്നൂർ ഗ്രാമം
cancel
camera_alt

വെ​ങ്ങ​ന്നൂ​രി​ലെ റോ​ഡ് കീ​ഴ​ട​ക്കി ഓ​ടു​ന്ന ടോ​റ​സ് ലോ​റി​ക​ൾ

ആലത്തൂർ: പ്രകൃതിഭംഗിയാൽ അനുഗൃഹീതമായ വെങ്ങന്നൂർ ഗ്രാമത്തിന്റെ നെഞ്ചകത്തിലൂടെ ഇപ്പോൾ ക്വാറി ലോറികൾ ഇടതടവില്ലാതെ ഓടിക്കൊണ്ടിരിക്കുകയാണ്. കരിങ്കൽ ക്വാറികൾ നിറഞ്ഞ ഈ ഗ്രാമത്തിലെ ജനങ്ങൾ വാഹനങ്ങളുടെ നിരന്തരമായ ശബ്ദമലിനീകരണത്തിലും അന്തരീക്ഷ മലിനീകരണത്തിലും അസ്വസ്ഥരാണ്. വായു പോലും മലിനപ്പെട്ടതിനാൽ ശരിയായി ശ്വസിക്കാൻ പോലും കഴിയുന്നില്ലെന്ന് ഗ്രാമവാസികൾ പരാതിപ്പെടുന്നു.

ആലത്തൂർ നഗരത്തിന്റെ വടക്ക് ഭാഗത്ത് ഗായത്രി പുഴക്ക് അക്കരെ അധികം ജനവാസമില്ലാത്ത, കുന്നുകളും നെൽവയലുകളും നിറഞ്ഞ ഭൂപ്രദേശമായിരുന്നു രണ്ട് പതിറ്റാണ്ട് മുമ്പ് വരെ വെങ്ങന്നൂർ. ആലത്തൂർ നഗരത്തിൽ പാർപ്പിടങ്ങൾ നിറഞ്ഞപ്പോൾ പ്രതിസന്ധി പരിഹാരത്തിനായി കണ്ടത് വെങ്ങന്നൂർ ഗ്രാമത്തെയായിരുന്നു.

ടൗണിൽനിന്ന് ഏകദേശം ഒരു കിലോമീറ്റർ സഞ്ചരിച്ച് പുഴകടന്നാൽ വെങ്ങന്നൂർ ഗ്രാമമായി. തിരക്കിൽനിന്ന് മാറി വീട് നിർമിച്ച് താമസം തുടങ്ങാൻ പലരും എത്തിയത് വെങ്ങന്നൂരിലേക്കായിരുന്നു. എന്നാൽ, ഇന്ന് പട്ടണത്തേക്കാൾ ദുരിതമാണ് ഈ ഗ്രാമത്തിൽ. കാവശ്ശേരി, കുത്തന്നൂർ, ആലത്തൂർ ഗ്രാമപഞ്ചായത്തുകളുടെ അതിർത്തിയാണ് വെങ്ങന്നൂർ. ധാരാളം പാറക്കെട്ടുകളും കുന്നുകളും ഇവിടെയുണ്ട്.

അതിനാൽ നിരവധി കരിങ്കൽ ക്വാറികളും എം സാൻഡ് യൂനിറ്റുകളും ഇവിടേക്ക് കടന്നുവന്നു. ഇതോടെ പൊടിപടലം, ശബ്ദമലിനീകരണം, റോഡുകളുടെ തകർച്ച, ഗതാഗത തടസ്സം തുടങ്ങിയ പ്രശ്നങ്ങൾ ഗ്രാമവാസികളെ കുഴക്കുകയാണ്. 10 മീറ്ററിൽ താഴെ മാത്രം വീതിയുള്ള റോഡിന്റെ എതിർ വശത്തുള്ള വീട്ടിലേക്ക് പോകാൻ പോലും ടോറസ് വാഹനങ്ങളുടെ നിരനിരയായുള്ള പോക്ക് കാരണം പലപ്പോഴും കഴിയുന്നില്ല എന്നതാണവസ്ഥ. ഗ്രാമപ്രദേശമായതിനാൽ പഴയകാല വീടുകളെല്ലാം റോഡിനോട് ചേർന്നാണുള്ളത്. ശബ്ദശല്യവും പൊടിപടലവും കാരണം കുട്ടികൾക്കും വയസ്സായവർക്കും രോഗാവസ്ഥയിലുള്ളവർക്കും ഉറങ്ങാനോ സമാധാനപരമായി ഭക്ഷണം കഴിക്കാനോ വിശ്രമിക്കാനോ കഴിയുന്നില്ല.

വർഷങ്ങളായി ഗ്രാമവാസികൾ അധികൃതരുടെ മുന്നിൽ നിവേദനങ്ങളുമായെത്തുന്നുണ്ടെങ്കിലും പ്രശ്നപരിഹാരമുണ്ടാകുന്നില്ല. ക്വാറി വാഹനങ്ങൾ ഒരുമിച്ച് ഒരു വഴിയിലൂടെ മാത്രം ഓടുന്നതാണ് വെങ്ങന്നൂരുകാരുടെ ദുരിതത്തിന് കാരണം. ഓരോ ക്വാറികളും അവരുടെ വാഹനങ്ങൾ ഓരോ വഴിക്ക് സമയക്രമത്തിൽ തിരിച്ചുവിടാൻ തയാറായാൽ ഒരു പരിധി വരെ പ്രശ്നം പരിഹരിക്കാമെന്നാണ് കരുതുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsquarryPalakkad NewsLorries
News Summary - Quarry lorries
Next Story