മലമ്പുഴയിലെ വെള്ളം വ്യാവസായിക ആവശ്യങ്ങള്‍ക്ക് എടുക്കുന്നതിൽ പ്രതിഷേധം
text_fieldsപാലക്കാട്: കാര്‍ഷികാവശ്യത്തിന് മാത്രമായി നിർമിച്ച മലമ്പുഴ അണക്കെട്ടിലെ വെള്ളം വ്യാവസായിക ആവശ്യങ്ങള്‍ക്കായി എടുക്കുന്നതിൽ കർഷകർക്ക് പ്രതിഷേധം. കഞ്ചിക്കോട്ടെ പെപ്സി കമ്പനിക്കും മദ്യനിര്‍മാണ കമ്പനികള്‍ക്കുമാണ് ചുരുങ്ങിയ വിലയ്ക്ക് വെള്ളം നല്‍കുന്നത്.
ജലസേചന വകുപ്പ് കുടിവെള്ള വിതരണത്തിനായി നല്കുന്ന 96 ദശലക്ഷം ലിറ്റര്‍ വെള്ളത്തില്‍നിന്ന് 38 ദശലക്ഷം ലിറ്റര്‍ ജല അതോറിറ്റി വ്യവസായ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്നുണ്ട്. കുടിവെള്ള വിതരണത്തിന് വേണ്ടി മാത്രമാണ് ജലസേചന വകുപ്പ് ജല അതോറിറ്റിക്ക് 96 ദശലക്ഷം ലിറ്റര്‍ വെള്ളം നല്‍കുന്നത്.
എന്നാല്‍, കുടിവെള്ളത്തിന് അനുവദിച്ച വെള്ളത്തില്‍നിന്നാണ് 38 ദശലക്ഷം ലിറ്റര്‍ കുപ്പിവെള്ള കമ്പനിയടക്കമുള്ള വിവിധ കമ്പനികള്‍ക്ക് നല്‍കുന്നത്. ഇത്തരത്തില്‍ 150 ഓളം വ്യാവസായിക കണക്ഷനുകളാണ് ജല അതോറിറ്റി നല്‍കിയിട്ടുള്ളത്.
ജില്ലയിലെ രണ്ടാം വിള ഭൂരിഭാഗവും മലമ്പുഴ ഡാമിലെ ജലത്തെ ആശ്രയിച്ചാണ്. ഇത്തവണ 26 ദിവസത്തേക്കുള്ള ജലം മാത്രമാണ് ഡാമിൽ നിലവിലുള്ളതെന്നാണ് അധികൃതർ പറയുന്നത്.
ഡാമിന്റെ സംഭരണ ശേഷിയും ആദ്യകാലത്തെ അപേക്ഷിച്ച് കുറവാണ്. 226 ക്യൂബിക് മീറ്റര്‍ ആയിരുന്നു ആദ്യകാല സംഭരണശേഷി. എന്നാല്‍, വര്‍ഷങ്ങളായി അടിത്തട്ടില്‍ ചെളിയും മണലും അടിഞ്ഞുകൂടിയതോടെ സംഭരണ ശേഷിയില്‍ 28.26 ക്യൂബിക് മീറ്ററിന്റെ കുറവുണ്ടായിട്ടുണ്ടെന്ന് പീച്ചിയിലെ കേരള എന്‍ജിനീയറിങ് റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

