പോത്തുണ്ടി ഡാം കുടിവെള്ള പദ്ധതി ജൂലൈയിൽ കമീഷൻ ചെയ്യും
text_fieldsപോത്തുണ്ടി ഡാം കുടിവെള്ള പദ്ധതിയുടെ പല്ലാവൂർ കരിവേട്ട് മലയിലെ ജലസംഭരണി
ആലത്തൂർ: പോത്തുണ്ടി ഡാമിൽനിന്ന് ആറ് പഞ്ചായത്തുകളിലേക്ക് കുടിവെള്ളമെത്തിക്കുന്നതിന് കേരള ജല അതോറിറ്റി നടപ്പാക്കുന്ന ജൽ ജീവൻ മിഷന്റെ സമഗ്ര കുടിവെള്ള പദ്ധതിയാണ് ഇഴഞ്ഞുനീങ്ങുന്നത്. ആഗസ്റ്റിൽ തീർക്കാൻ ഉദ്ദേശിച്ച പദ്ധതിയാണ് ഡിസംബറിലും ഇപ്പോൾ 2025 ജൂലൈയിലും തീരുമെന്ന് പ്രതീക്ഷിക്കുന്നത്.
രണ്ടു പഞ്ചായത്തുകളിലുണ്ടായിരുന്ന സാങ്കേതികത തടസ്സങ്ങളാണ് ഒരുഘട്ടത്തിൽ വൈകാൻ കാരണമായത്. ഇപ്പോൾ പൈപ്പ് സ്ഥാപിക്കുന്ന അവസാന ഘട്ട പ്രവൃത്തികളാണ് പലയിടത്തും നടന്നുവരുന്നത്.
പൊതുമരാമത്ത് വകുപ്പിന്റെ റോഡ് പൊളിക്കുന്ന കാര്യത്തിലായിരുന്നു എലവഞ്ചേരി, പല്ലശ്ശേന പഞ്ചായത്തുകളിൽ തടസ്സം വന്നത്. റോഡ് വശത്ത് ചാലെടുക്കണമെങ്കിൽ പാതകൾ നിർമാണത്തിനുശേഷം ഒരു വർഷം കഴിയണമെന്ന പൊതുമരാമത്ത് വകുപ്പ് ഏർപ്പെടുത്തിയ വ്യവസ്ഥയാണ് പദ്ധതിക്ക് വിനയായത്. നെന്മാറ, അയിലൂർ, മേലാർക്കോട് പഞ്ചായത്തുകളിലേക്ക് നിലവിൽ നടപ്പാക്കിയിട്ടുള്ള പദ്ധതിക്കുപുറമെ എലവഞ്ചേരി, പല്ലശ്ശേന, എരിമയൂർ, ആലത്തൂർ, കാവശ്ശേരി, പുതുക്കോട് പഞ്ചായത്തുകളിലേക്ക് കൂടി പദ്ധതി എത്തിക്കുന്ന കിഫ്ബിയുടെ 180 കോടിയുടെതാണ് പോത്തുണ്ടി ഡാം സമഗ്ര കുടിവെള്ള പദ്ധതി. പൊതുമരാമത്ത് വകുപ്പിനും മറ്റും നൽകേണ്ട 94.45 കോടി ഉൾപ്പെടുത്തി 274.45 കോടിയാണ് ചെലവ്.
ഹൈദരാബാദിലെ കമ്പനിക്കാണ് നിർമാണ ചുമതല. ഡാമിന് മുൻ ഭാഗത്ത് 17.58 കോടി ചെലവിൽ 26 ദശലക്ഷം ലിറ്റർ ജലശുദ്ധീകരണശാലയുടെ നിർമാണവും എലവഞ്ചേരി പഞ്ചായത്തിലേക്കുള്ള വെങ്കായ പാറയിലെ 10 ലക്ഷം ലിറ്റർ ജലസംഭരണിയിലേക്ക് വെള്ളം പമ്പ് ചെയ്യുന്ന പ്രവൃത്തിയും നേരത്തേ പൂർത്തികരിച്ചിരുന്നു.
പല്ലശ്ശേന, എരിമയൂർ പഞ്ചായത്തുകളിലേക്കുള്ള പല്ലാവൂർ കരിവേട്ട് മലയിൽ നിർമിക്കുന്ന 33 ലക്ഷം ലിറ്റർ സംഭരണ ടാങ്കിലേക്കും ആലത്തൂർ, കാവശ്ശേരി, പുതുക്കോട് പഞ്ചായത്തുകളിലേക്കുള്ള ആലത്തൂർ വെങ്ങന്നൂരിലെ നെരങ്ങാംപാറ കുന്നിൻ മുകളിൽ നിർമാണത്തിലുള്ള 40 ലക്ഷം ലിറ്റർ സംഭരണിയിലേക്കും വെള്ളം എത്തിക്കേണ്ടതുണ്ട്. അതിന്റെ പ്രവൃത്തികളാണ് ഇപ്പോൾ നടന്നുവരുന്നത്.
പൈപ്പ് സ്ഥാപിക്കൽ കഴിഞ്ഞാൽ പൈപ്പ് ശുദ്ധീകരണം നടത്തി വേണം ജലവിതരണം നടത്താൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

