പോത്തുണ്ടി ഡാം കുടിവെള്ള പദ്ധതി അവസാന ഘട്ടത്തിൽ
text_fieldsപോത്തുണ്ടിയിലെ സമഗ്ര കുടിവെള്ള പദ്ധതിയുടെ പമ്പിങ് സ്റ്റേഷനും ശുദ്ധീകരണശാലയും
ആലത്തൂർ: പോത്തുണ്ടി ഡാമിൽനിന്ന് ആറ് പഞ്ചായത്തുകളിലേക്ക് കുടിവെള്ളമെത്തിക്കുന്നതിന് നടപ്പാക്കുന്ന സമഗ്ര പദ്ധതിയുടെ പ്രവൃത്തി അവസാനഘട്ടത്തിലേക്ക് നിങ്ങുന്നു. 2024 മാർച്ചിൽ കമീഷൻ ചെയ്യാൻ കഴിയുമെന്ന വിശ്വാസത്തിലാണ് ജല അതോറിറ്റിയുടെ പദ്ധതി നിർവഹണ വിഭാഗം. രണ്ടു പഞ്ചായത്തുകളിലുണ്ടായിരുന്ന സാങ്കേതിക തടസ്സം പരിഹരിച്ചു. ഇപ്പോൾ എല്ലായിടത്തും പൈപ്പ് സ്ഥാപിക്കുന്ന പ്രവൃത്തി അവസാന ഘട്ട
ത്തിലാണ്. പൊതുമരാമത്ത് വകുപ്പിന്റെ റോഡ് പൊളിക്കുന്ന കാര്യത്തിലായിരുന്നു എലവഞ്ചേരി, പല്ലശ്ശേന പഞ്ചായത്തുകളിലെ തടസ്സം. അതാണ് ഇപ്പോൾ പരിഹരിച്ചത്. റോഡരികിൽ ചാലെടുക്കണമെങ്കിൽ പാത നിർമാണത്തിന് ശേഷം ഒരു വർഷം കഴിയണമെന്നതാണ് പൊതുമരാമത്ത് വകുപ്പ് ഏർപ്പെടുത്തിയ വ്യവസ്ഥ. ഇതാണ് പദ്ധതിക്ക് വിനയായത്. ഈ വർഷം മാർച്ചിൽ കമീഷൻ ചെയ്യേണ്ടതായിരുന്നു പദ്ധതി.
നെന്മാറ, അയിലൂർ, മേലാർക്കോട് പഞ്ചായത്തുകളിലേക്ക് നിലവിൽ നടപ്പാക്കിയ പദ്ധതിക്ക് പുറമെ എലവഞ്ചേരി, പല്ലശ്ശന, എരിമയൂർ, ആലത്തൂർ, കാവശ്ശേരി, പുതുക്കോട് പഞ്ചായത്തുകളിലേക്ക് കൂടി പദ്ധതി എത്തിക്കുന്ന കിഫ്ബിയുടെ 180 കോടിയുടേതാണ് പൊത്തുണ്ടി ഡാം കുടിവെള്ള പദ്ധതി. പൊതുമരാമത്ത് വകുപ്പിനും മറ്റും നൽകേണ്ട തുക ഉൾപ്പെടുത്തി 274 കോടിയാണ് ചെലവ് കണക്കാക്കിയിട്ടുള്ളത്.
ഹൈദരാബാദ് ആസ്ഥാനമായ കമ്പനിയാണ് നിർമാണ കരാർ എടുത്തിട്ടുള്ളത്. ഡാമിന് മുൻ ഭാഗത്ത് 17.58 കോടി ചെലവിൽ 26 ദശലക്ഷം ലിറ്റർ ജലശുദ്ധികരണശാലയുടെ നിർമ്മാണം ഏതാണ്ട് പൂർത്തിയായി. എലവഞ്ചേരി പഞ്ചായത്തിലേക്കുള്ള വെങ്കായപ്പാറയിലെ 10 ലക്ഷം ലിറ്റർ ശേഷിയുള്ള ജലസംഭരണിയിലേക്ക് വെള്ളം പമ്പ് ചെയ്ത് എത്തിച്ചു. പൈപ്പ് ശുദ്ധീകരണം പൂർത്തിയായാൽ ഒരു മാസത്തിനകം ജലവിതരണം നടത്താൻ കഴിയും.
പല്ലശ്ശന, എരിമയൂർ പഞ്ചായത്തുകളിലേക്കുള്ള പല്ലാവൂർ കുന്നിൻ മുകളിലെ 33 ലക്ഷം ലിറ്റർ ശേഷിയുള്ള ടാങ്കിലേക്ക് ഒരു മാസത്തിനകം വെള്ളത്തിന്റെ പമ്പിങ് തുടങ്ങും. അതിന്റെ മറ്റ് പ്രവൃത്തികളെല്ലാം അവസാന ഘട്ടത്തിലാണ്. ആലത്തൂർ, കാവശ്ശേരി, പുതുക്കോട് പഞ്ചായത്തുകളിലേക്കുള്ള ആലത്തൂർ വെങ്ങന്നൂർ നെരങ്ങാംപാറ കുന്നിൻമുകളിൽ നിർമാണത്തിലുള്ള 40 ലക്ഷം ലിറ്റർ സംഭരണിയുടെ പ്രവൃത്തി അവസാന ഘട്ടത്തിലാണ്.
വെങ്ങന്നൂർ-മരുതംതടം റോഡും ആലത്തൂർ ക്രസന്റ് ആശുപത്രി റോഡും പൊളിച്ചതിനെ തുടർന്ന് പൈപ്പ് സ്ഥാപിക്കാൻ സാങ്കേതിക തടസ്സം വന്നതാണ് കാലതാമസത്തിന് കാരണമായത്. തടസ്സം നീങ്ങിയതിനാൽ അതിന്റെ ടെൻഡർ നടപടി നടന്നുവരുന്നു. രണ്ടു മാസത്തിനകം വെങ്ങന്നൂർ ടാങ്കിലും വെള്ളം എത്തിക്കാൻ കഴിയും.
പൈപ്പ് ശുചീകരണം കൂടി കഴിഞ്ഞാൽ ജലവിതരണം ആരംഭിക്കാനാകും. ഇപ്പോൾ പദ്ധതിയിൽനിന്ന് ഒഴിവാക്കിയ തരൂർ പഞ്ചായത്തിനെ കൂടി പിന്നീട് ഉൾപ്പെടുത്തിയാലും നെരങ്ങാംപാറയിലെ സംഭരണി മതിയാകുമെന്നാണ് കണക്കുകൂട്ടുന്നത്.

