ചിനക്കത്തൂർ പൂരം, ചെട്ടിയാര്‍പാടം മാരിയമ്മന്‍ കോവിലിലെ പൊങ്കല്‍ വേല, മണലൂര്‍ ചിറതുറ കുമ്മാട്ടി ഉത്സവം വെടിക്കെട്ടിന് അനുമതി നിഷേധിച്ചു
text_fieldsഒറ്റപ്പാലം/പാലക്കാട്: ചിനക്കത്തൂർ പൂരാഘോഷത്തിന്റെ ഭാഗമായുള്ള വെടിക്കെട്ട് പ്രദര്‍ശനത്തിന് അനുമതി നിഷേധിച്ചു. പാലക്കാട് അഡീഷനല്‍ ജില്ല മജിസ്ട്രേറ്റ് ആണ് അനുമതി നിഷേധിച്ച് ഉത്തരവിട്ടത്. പൂരം ദിവസമായ മാര്‍ച്ച് 12ന് രാത്രി എട്ടിനും 9.30നും പിറ്റേന്ന് വൈകുന്നേരം ഏഴിനും വെടിക്കെട്ട് നടത്താന്‍ അനുമതി തേടി ചിനക്കത്തൂർ പൂരം ഏഴ് ദേശം കോഓര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ സമര്‍പ്പിച്ച അപേക്ഷയിലാണ് അഡീഷനല്‍ ജില്ല മജിസ്ട്രേറ്റ് കെ. മണികണ്ഠന് അനുമതി നിഷേധിച്ചത്. അനുമതിക്കായി ഹൈകോടതിയെ സമീപിക്കാനിരിക്കയാണ് കമ്മിറ്റി ഭാരവാഹികൾ.
പല്ലശ്ശന ചെട്ടിയാര്‍പാടം മാരിയമ്മന്‍ കോവിലിലെ പൊങ്കല്‍ വേല മഹോത്സവം, മണലൂര്‍ ചിറതുറ ഭഗവതി കുമ്മാട്ടി ഉത്സവം എന്നിവയുടെ ഭാഗമായുള്ള വെടിക്കെട്ട് പ്രദര്‍ശനത്തിനും പാലക്കാട് അഡീഷനല്‍ ജില്ല മജിസ്ട്രേറ്റ് അനുമതി നിഷേധിച്ചു. പല്ലശ്ശന ചെട്ടിയാർപാടം മാരിയമ്മൻ കോവിലിൽ മാര്‍ച്ച് 10ന് രാത്രിയും 11ന് പുലര്‍ച്ചെയും വെടിക്കെട്ട് നടത്താന്‍ അനുമതി തേടി പൊങ്കല്‍ വേല കമ്മിറ്റി പ്രസിഡന്റും മണലൂര്‍ ചിറതുറയിൽ മാര്‍ച്ച് 14ന് രാത്രി ഏഴിനും ഒമ്പതിനുമിടയില്‍ വെടിക്കെട്ട് നടത്താന്‍ അനുമതി തേടി കുമ്മാട്ടി മഹോത്സവ കമ്മിറ്റി പ്രസിഡന്റും സമര്‍പ്പിച്ച അപേക്ഷയിലാണ് അനുമതി നിഷേധിച്ചത്.
വെടിക്കെട്ടിനുള്ള സ്ഫോടക വസ്തുക്കള്‍ സൂക്ഷിക്കാൻ പെസോ (പെട്രോളിയം ആൻഡ് എക്സ്േപ്ലാസീവ്സ് സേഫ്റ്റി ഓര്ഗനൈസേഷന്) അനുശാസിക്കുന്ന നിബന്ധനക്കനുസൃതമായ സംഭരണ മുറി ഇല്ല, മതിയായ രേഖകള്‍ ഹാജരാക്കിയില്ല, സ്ഫോടക വസ്തു ചട്ടം (2008) പ്രകാരം പ്രദര്‍ശനത്തിനുപയോഗിക്കുന്ന സ്ഫോടക വസ്തുക്കളുടെ സാമ്പിള്‍ ശേഖരിച്ച് പരിശോധനക്കയച്ച് നിരോധിത രാസവസ്തുക്കളില്ലെന്ന് ഉറപ്പ് വരുത്തിയില്ല എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്. ജില്ല പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചും ജീവനും സ്വത്തിനും നാശനഷ്ടങ്ങള്‍ ഉണ്ടാകുന്നത് തടയുന്നതിനാവശ്യമായ നിയമപരമായ മാര്‍ഗ നിര്‍ദേശങ്ങള്‍ അപേക്ഷകന് പാലിച്ചിട്ടില്ലെന്ന് ബോധ്യപ്പെട്ടതിന്റെയും അടിസ്ഥാനത്തിലാണ് അനുമതി നിഷേധിച്ചതെന്നും ഉത്തരവില്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

