പ്ലസ് വൺ; രണ്ടാം അലോട്ട്മെന്റ് 22,162 പേർ പട്ടികയിൽ
text_fieldsപാലക്കാട്: പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. ജില്ലയിൽ 22,162 പേർക്കാണ് അലോട്ട്മെന്റ് ലഭിച്ചത്. ഇവർക്ക് ചൊവ്വ, ബുധൻ ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകീട്ട് അഞ്ച് വരെ സ്കൂളിൽ നേരിട്ടെത്തി പ്രവേശനം നേടാം. ഇനി 5292 സീറ്റുകളാണ് ഒഴിവുള്ളത്.
2535 പേർക്ക് പുതുതായി അലോട്ട്മെന്റ് ലഭിച്ചപ്പോൾ 2326 പേർക്ക് ഹയർ ഓപ്ഷൻ ലഭിച്ചു. ജില്ലയിലാകെ 27,454 സീറ്റുകളിലേക്കായി 45,893 അപേക്ഷകളാണുള്ളത്. ആദ്യ അലോട്ട്മെന്റിൽ 22,652 വിദ്യാർഥികൾ പട്ടികയിൽ ഇടം പിടിച്ചു. ഇതിൽ 10,599 പേർ സ്ഥിരമായും 9028 പേർ താൽക്കാലികമായും പ്രവേശനം നേടിയിരുന്നു.
ജനറൽ വിഭാഗത്തിൽ 13,507 സീറ്റുകളുള്ളതിൽ 13,482 എണ്ണത്തിലേക്കും രണ്ടാംഘട്ടത്തിൽ അലോട്ട്മെന്റ് വന്നു. ഇനി 25 സീറ്റുകളാണ് ബാക്കിയുള്ളത്. മുസ്ലിം സംവരണ വിഭാഗത്തിൽ 1298 സീറ്റുകളാണ് ആകെയുള്ളത്. ഇതിൽ 1283 സീറ്റുകളിലേക്കാണ് അലോട്ട്മെന്റ് വന്നത്.
ഇനി 15 സീറ്റ് ബാക്കിയുണ്ട്. ഹിന്ദു ഒ.ബി.സി വിഭാഗത്തിൽ 542 സീറ്റുകളിൽ 533 എണ്ണത്തിലേക്ക് അലോട്ട്മെന്റായി. ഇനി ഒമ്പത് സീറ്റുകളിൽ ഒഴിവുണ്ട്. എസ്.സി സംവരണ വിഭാഗത്തിൽ 3,819 സീറ്റുകളുള്ളതിൽ 3,561 എണ്ണത്തിലേക്ക് അലോട്ട്മെന്റ് വന്നു. ഇനി 258 സീറ്റുകൾ ബാക്കിയുണ്ട്. എസ്.ടി വിഭാഗത്തിൽ 2493 സീറ്റുകളാണ് ജില്ലയിലാകെ ഉള്ളത്. ഇതിൽ 305 സീറ്റുകളിലേക്ക് മാത്രമാണ് സീറ്റ് അലോട്ട്മെന്റ് വന്നിട്ടുള്ളത്.
ഇനി 2,188 സീറ്റുകളിലേക്ക് കൂടി അലോട്ട്മെന്റ് നടക്കാനുണ്ട്.ഭിന്നശേഷി വിഭാഗത്തിൽ 552 സീറ്റാണ് ജില്ലയിലുള്ളത്. ഇതിൽ 245 എണ്ണത്തിലേക്ക് അലോട്ട്മെന്റ് വന്നു. ഇനി 307 സീറ്റ് ബാക്കിയുണ്ട്. മോഡൽ റസിഡൻഷ്യൽ സ്കൂളുകളിലേക്ക് 1886 അപേക്ഷകളാണ് ഉള്ളത്. ജില്ലയിൽ 267 സീറ്റുകളുള്ളതിൽ 207ലേക്കും അലോട്ട്മെന്റായി. ഇനി 60 സീറ്റുകളിലേക്ക് കൂടി അലോട്ട്മെന്റ് വരണം. മൂന്നാംഘട്ട അലോട്ട്മെന്റ് ജൂൺ 16ന് പ്രസിദ്ധീകരിക്കും. ജൂൺ 18നാണ് ക്ലാസുകൾ ആരംഭിക്കുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.