മുതലമടയിലെ മാവുകളിൽ കീടങ്ങൾ വർധിക്കുന്നു; കീടനാശിനി പ്രയോഗത്തിൽ കർശന നിരീക്ഷണം വേണമെന്ന് വിദഗ്ധർ
text_fieldsകൊല്ലങ്കോട്: ചെറിയ മഴയും മൂടിക്കെട്ടിയ കാലാവസ്ഥയും മൂലം മുതലമട മേഖലയിലെ മാവുകളിൽ കീടങ്ങൾ വർധിക്കുന്നു. ഇതോടെ മാവുകളിൽ കീടനാശിനി പ്രയോഗിക്കുന്നത് വ്യാപകമായിട്ടുണ്ട്. പൂക്കാൻ ആരംഭിച്ച മാവിലും പൂത്ത മാവിലുമാണ് പട്ടാളപ്പുഴു, പച്ചപ്പുഴു എന്നിവയുടെ ആക്രമണമുണ്ടായിട്ടുള്ളത്. മുതലമട, പട്ടഞ്ചേരി, കൊല്ലങ്കോട്, എലവഞ്ചേരി പഞ്ചായത്തുകളിലായി 7200 ഹെക്ടറിലധികം മാങ്ങ കൃഷി ചെയ്യുന്ന കർഷകരും പാട്ട കർഷകരുമാണ് നിലവിലെ കാലാവസ്ഥ വ്യതിയാനം മൂലം പ്രതിസന്ധിയിലായത്. തമിഴ്നാട്ടിലെ വിതരണക്കാരും കമ്പനികളും നിർദേശിക്കുന്ന കീടനാശിനികൾ കണ്ണടച്ച് വാങ്ങി പ്രയോഗിക്കുന്നത് മാവിനും മണ്ണിനും ദോഷകരമാകുമെന്ന് പരിസ്ഥിതി പ്രവർത്തകർ പറഞ്ഞു.
കാർഷിക സർവകലാശാലയിലെ വിദഗ്ധരും കൃഷി വകുപ്പും സംയുക്തമായി മുതലമട പഞ്ചായത്ത് ഹാളിൽ നടത്തിയ കർഷകർക്കുള്ള അർധദിന പരിശീലന ക്യാമ്പിൽ അമിതമായ കീടനാശിനി മാവിന്റെ നാശത്തിന് വഴിവെക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടും പലരും ആറിലധികം തവണ കീടനാശിനി ഉപയോഗിക്കുന്നുണ്ട്. 2000ൽ അധികം കർഷകരുള്ള മുതലമടയിൽ പത്ത് ശതമാനം പേർ പോലും പരിശീലന ക്യാമ്പിൽ പങ്കെടുത്തിരുന്നില്ല. കീടങ്ങളുടെ സ്വഭാവം, മാവിന്റെ പ്രായം, ആക്രമണ തോത് എന്നിവ പരിശോധിച്ച് കീടനാശിനികളെ നിർദേശിക്കുന്ന സംവിധാനം മുതലമട, പട്ടഞ്ചേരി, കൊല്ലങ്കോട്, എലവഞ്ചേരി കൃഷിഭവനുകളിൽ ഇല്ലാത്തതിനാൽ കീടനാശിനി കമ്പനികൾ പറയുന്ന മരുന്ന് വാങ്ങി പ്രയോഗിക്കേണ്ട അവസ്ഥയും കർഷകർക്കുണ്ട്.
സാധാരണ രീതിയിൽ ഒരു സീസണിൽ നാല് തവണകളിലായി കീടനാശിനി പ്രയോഗം നടത്തിയ തോട്ടങ്ങളിൽ നിലവിൽ എട്ടിലധികം തവണകളായി പ്രയോഗിക്കുന്നുണ്ട്. 500, 1000 ലിറ്റർ പ്ലാസ്റ്റിക്ക് ജലസംഭരണികളിൽ കീടനാശിനി വെള്ളത്തിൽ കലർത്തി മിനിലോറികളിലാണ് മാവിൻ തോട്ടങ്ങളിൽ തളിക്കാൻ കൊണ്ടുപോകുന്നത്.
മൂന്ന് വർഷം മുമ്പ് കീടനാശിനികൾ കലർത്തി കൊണ്ടുപോകുന്ന വാഹനങ്ങളിലെ പരിശോധനക്ക് ശേഖരിക്കുകയും തോട്ടങ്ങളിൽ തളിക്കുമ്പോൾ നേരിലെത്തി സാമ്പിൾ ശേഖരിക്കുകയും ചെയ്യുന്ന സംവിധാനം മുതലമട കൃഷിഭവനിൽ തുടക്കം കുറിച്ചിരുന്നു. മറ്റു പഞ്ചായത്തുകളിലേക്ക് പരിശോധന വ്യാപിക്കുമെന്ന് ജില്ല കൃഷി ഓഫിസർ അറിയിച്ചെങ്കിലും രാഷ്ട്രീയ ഇടപെടൽ മൂലം മുതലമടയിലേത് നിർത്തിവെക്കേണ്ട അവസ്ഥയും ഉണ്ടായി.
തമിഴ്നാട്ടിലെ ഏജൻസികൾ മുതലമടയിലെത്തി മാവ് കർഷകർക്ക് കീട നിയന്ത്രണത്തിനുള്ള കീടനാശിനികളെക്കുറിച്ച് രഹസ്യമായി ക്ലാസെടുക്കുന്നതായി ചില കർഷകർ ആരോപിച്ചു. കേരള സർക്കാർ നിർദേശിക്കാത്ത മരുന്നുകൾ തമിഴ്നാട്ടിൽനിന്ന് വാങ്ങി ഉപയോഗിക്കുന്നത് തടയാൻ അതിർത്തിയിൽ കൃഷി വകുപ്പിന്റെ പരിശോധനയും വാർഡ് തലങ്ങളിൽ ബോധവത്കരണം, കീടനാശിനി സാമ്പിൾ ശേഖരണം എന്നിവ ജില്ല കൃഷി ഓഫിസറുടെ നേതൃത്വത്തിൽ നടത്തണമെന്നാണ് കർഷകരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

