നായകൻ ജാസിം അലി; സുബ്രതോ കപ്പിലെ പട്ടാമ്പി സ്പർശം
text_fieldsപട്ടാമ്പി: ആറര പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ ആദ്യമായി സുബ്രതോ കപ്പ് ഫുട്ബാൾ കിരീടം കേരളത്തിലെത്തുമ്പോൾ അമരത്തുണ്ടൊരു പട്ടാമ്പിക്കാരൻ. പടിഞ്ഞാറെ കൊടുമുണ്ട പാറ്റപ്പുറത്ത് ജാഫർ അലി-റുഖിയ ദമ്പതികളുടെ മകൻ മുഹമ്മദ് ജാസിം അലി. ഫാറൂഖ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥിയായ മുഹമ്മദ് ജാസിം അലിയുടെ നായകത്വത്തിലാണ് ഉത്തരാഖണ്ഡ് അമിനിറ്റി സി.ബി.എസ്.ഇ പബ്ലിക് സ്കൂളിനെ രണ്ടു ഗോളിന് തോൽപ്പിച്ച് മോഹകിരീടത്തിൽ കേരളം മുത്തമിട്ടത്.
ഛത്തീസ്ഗഡിൽ നടന്ന ബി.സി റോയ് ചാമ്പ്യൻഷിപ്പിലൂടെയാണ് ജാസിം അലിയുടെ ജാതകം തെളിഞ്ഞത്. കളിയിലെ സെന്റർ ബാക്ക് കളിക്കാരനെ കളി കാണാനെത്തിയ ഫാറൂഖ് ഹയർ സെക്കൻഡറി സ്കൂൾ ഫുട്ബാൾ പരിശീലകൻ വി.പി. സുനീർ നോട്ടമിട്ടു. കാൽപന്തുകളി ലഹരിയായി കൊണ്ടു നടക്കുന്ന ജാസിം അലി സുനീറിന്റെ ക്ഷണം സ്വീകരിച്ച് ഫാറൂഖിന്റെ താരമായി. ജാസിം അലിയുടെ നേതൃഗുണം കണ്ടറിഞ്ഞ കോച്ച് ടീമിന്റെ നായകസ്ഥാനം തന്നെ താരത്തിന് സമർപ്പിച്ചു. പരിശീലകൻ അർപ്പിച്ച വിശ്വാസം പത്തരമാറ്റായി തിരിച്ചുകൊടുത്തിരിക്കുകയാണ് കൗമാരതാരം. പത്താം വയസ്സിൽ കൊപ്പം ആൾട്ടിയസ് അക്കാദമിയിലെ പരിശീലനത്തിലൂടെ പ്രഫഷണൽ ഫുട്ബാൾ രംഗത്തേക്ക് പിച്ചവെച്ച താരത്തിന് ഇന്ത്യൻ ഫുട്ബാളിന്റെ ഭാഗമാകണമെന്നതാണ് ആഗ്രഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

