വിദ്യാർഥികളുടെ യാത്രാക്ലേശം പരിഹരിക്കാൻ വാട്ട്സ് ആപ്പ് ഗ്രൂപ്പ്
text_fieldsപട്ടാമ്പി: വിദ്യാർഥികളുടെ യാത്രാക്ലേശം പരിഹരിക്കാൻ പട്ടാമ്പി പൊലീസ് വാട്സാപ് ഗ്രൂപ്പുണ്ടാക്കുന്നു. പൊലീസ് വിളിച്ച വിദ്യാർഥികളുടെയും സ്വകാര്യ ബസ് പ്രതിനിധികളുടെയും അധ്യാപകരുടെയും സംയുക്തയോഗത്തിലാണ് തീരുമാനം. വിദ്യാർത്ഥികൾക്ക് കയറാനുള്ള സമയം അനുവദിക്കുന്നില്ലെന്നും സ്റ്റോപ്പുകളിൽ നിർത്തുന്നില്ലെന്നും വിദ്യാർഥികൾ പരാതിപ്പെട്ടു.
സ്കൂൾ സമയത്തിൽ പത്തോ പതിനഞ്ചോ മിനുട്ടുകൾ വ്യത്യാസപ്പെടുത്തിയാൽ കുട്ടികളെ കൂടുതലായി കയറ്റാൻ കഴിയുമെന്നായിരുന്നു ബസ് പ്രതിനിധികളുടെ അഭിപ്രായം. കുട്ടികൾ ഓരോരുത്തരായല്ല, ഗ്രൂപ്പായാണ് ബസിൽ കയറാനെത്തുന്നതെന്ന് പൊലീസും പറഞ്ഞു. പ്രശ്നങ്ങൾ പരിഹരിക്കാൻ വാട്സ് ആപ്പ് ഗ്രൂപ് രൂപവത്കരിക്കുന്നതിൽ എല്ലാവർക്കും ഏകാഭിപ്രായമായിരുന്നു. എസ്.ഐ കെ. മണികണ്ഠൻ, എ.എസ്.ഐ രാമകൃഷ്ണൻ എന്നിവർ യോഗത്തിൽ സംസാരിച്ചു.

