പട്ടാമ്പിയിൽ മോഷണ പരമ്പര; ആശങ്കയോടെ ജനം
text_fieldsപട്ടാമ്പി: തുടർച്ചയായ മോഷണം പട്ടാമ്പിയുടെ സ്വസ്ഥത നഷ്ടപ്പെടുത്തുന്നു. ഒരാഴ്ചക്കിടെ മൂന്നിടങ്ങളിലാണ് മോഷണം നടന്നത്. പെരുമുടിയൂർ ഗവ. ഓറിയന്റൽ ഹൈസ്കൂളിലാണ് തുടക്കം. ഓഫിസ് തകർത്ത് അകത്തു കടന്ന മോഷ്ടാക്കൾ സി.സി.ടി.വിയുടെ ഹാർഡ് ഡിസ്ക് കവർന്നു.
മറ്റൊരു കാമറയുടെ ദിശ മാറ്റി വെക്കുകയും ചെയ്തു. അടുത്ത ദിവസം കൊടുമുണ്ട നിലാപറമ്പ് പൂഴിക്കുന്നത്ത് ഇസ്മായിലിന്റെ വീടിന്റെ പൂട്ട് തകർത്ത് ഏഴു പവൻ സ്വർണാഭരണവും 40,000 രൂപയും മോഷ്ടിച്ചു. വീട്ടുകാർ സ്ഥലത്തില്ലാത്ത തക്കത്തിൽ പകൽ സമയത്തായിരുന്നു മോഷണം. അലമാരയും പെട്ടികളുമൊക്കെ കുത്തിതുറന്നിരുന്നു.
സംഭവങ്ങളിൽ പൊലീസ് അന്വേഷണം നടക്കുന്നതിനിടെ വള്ളൂരിൽ വീട് കുത്തിത്തുറന്ന് 15 പവൻ സ്വർണാഭരണവും 80,000 രൂപയും കഴിഞ്ഞ ദിവസം കവർന്നു.
അവിഞ്ഞിക്കാട്ടിൽ ഇബ്രാഹിം കുട്ടിയുടെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാർ ആശുപത്രിയിൽ പോയതായിരുന്നു. രാത്രികാല പട്രോളിങ് ഉൾപ്പെടെ ശക്തമായ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.