യാത്രക്കാർ ആശങ്കയുടെ ത്രിശങ്കുവിൽ
text_fieldsകല്ലടിക്കോട് ടി.ബിയിലെ വഴിയിട വിശ്രമകേന്ദ്രം
കല്ലടിക്കോട്: കരിമ്പ ഗ്രാമപഞ്ചായത്തിലെ വഴിയിട വിശ്രമകേന്ദ്രം അടഞ്ഞുകിടക്കുന്നതിനാൽ ദീർഘദൂര യാത്രക്കാരും മറ്റും പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ അടിസ്ഥാന സൗകര്യങ്ങളില്ലാതെ വലയുന്നു. കല്ലടിക്കോട് ടി.ബി. സെൻററിൽ ആറ് വർഷം മുമ്പ് ധിറുതി പിടിച്ച് ഉദ്ഘാടനം നിർവഹിച്ച വഴിയിട വിശ്രമകേന്ദ്രത്തിനാണ് ഈ ദുരവസ്ഥ.
ബ്ലോക്ക് പഞ്ചായത്ത് ഫണ്ടിൽനിന്ന് അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ച് നിർമിച്ച ടേക്ക് എ ബ്രേക്ക് കെട്ടിടമാണ് തുറന്ന് കൊടുക്കാത്തത്. ആദ്യം കെട്ടിടം പൂർണമായും പ്രവൃത്തികൾ നടത്തിയിരുന്നില്ല. വൈദ്യുതി കണക്ഷനും വെള്ള സൗകര്യത്തിനും പിന്നീട് വർഷങ്ങളുടെ കാത്തിരിപ്പ്. വനിതകൾക്കും പുരുഷന്മാർക്കും പ്രത്യേകം കുളിമുറി, ശുചിമുറി, ക്ലോക്ക് റൂം എന്നി സൗകര്യങ്ങളാണ് വിശ്രമകേന്ദ്രത്തിൽ ഒരുക്കിയിട്ടുള്ളത്. വെള്ളം ലഭ്യത ഉറപ്പ് വരുത്തിയിട്ടും വഴിയിട വിശ്രമകേന്ദ്രം നടത്തിപ്പിന് ആളെ കണ്ടെത്താനുള്ള ശ്രമങ്ങൾ പ്രാവർത്തികമായില്ല.
കെട്ടിടം ഉപയോഗിക്കാതെയായതോടെ വഴിയിട വിശ്രമകേന്ദ്രം സ്ഥിതി ചെയ്യുന്ന വളപ്പ് കാട് കയറിയതും മാലിന്യ ചാക്കുകളുടെ സൂക്ഷിപ്പ് കേന്ദ്രമായതും വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. കരിമ്പ ഗ്രാമപഞ്ചായത്തിലെയും സമീപ പഞ്ചായത്തുകളിലെ ഉൾനാടൻ ഗ്രാമങ്ങളിലെയും നിരവധി യാത്രക്കാർ വിദൂര ദിക്കുകളിലേക്ക് പോകുന്നതിന് കല്ലടിക്കോട്ട് ടി.ബി സെന്ററിനെയാണ് നിത്യേന ആശ്രയിക്കുന്നത്.
പാലക്കാട് -കോഴിക്കോട് ദേശീയപാതക്ക് സമീപം ടി.ബി കേന്ദ്രീകരിച്ചും അല്ലാതെയും ബസുകളിലും സ്വകാര്യ വാഹനങ്ങളിലും യാത്ര ചെയ്യുന്നവർക്ക് വഴിയിട വിശ്രമകേന്ദ്രം ഉപകാരപ്രദമാവുന്ന വിധത്തിലാണ് നിർമിച്ചത്. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് വഴിയിട വിശ്രമകേന്ദ്രം കരിമ്പ ഗ്രാമപഞ്ചായത്ത് ഭരണസമിതിക്ക് കൈമാറി കത്ത് അയച്ചിരുന്നെങ്കിലും കരിമ്പ പഞ്ചായത്ത് മറുപടി നൽകിയിരുന്നില്ല.
ടേക്ക് എ ബ്രേക്ക് കെട്ടിടം കരിമ്പ പഞ്ചായത്തിന് കൈമാറിയ കത്ത് വീണ്ടും നൽകിയതായി ബ്ലോക്ക് പഞ്ചായത്ത് അംഗം നവാസ് മുഹമ്മദ് പറഞ്ഞു. പുതിയ കരിമ്പ പഞ്ചായത്ത് ഭരണസമിതി വഴിയിട വിശ്രമകേന്ദ്രം ജനങ്ങൾക്ക് തുറന്ന് കൊടുക്കണമെന്നാണ് ജനകീയ ആവശ്യം.
കോട്ടായി: നാൽപതിൽപരം ബസ് സർവിസ് നടത്തുന്ന, ദിനേന ആയിരക്കണക്കിന് യാത്രക്കാർ എത്തുന്ന കോട്ടായി സെൻറിൽ പൊതു ശൗചാലയ സൗകര്യമില്ലാത്തത് യാത്രക്കാരെ വലക്കുന്നു. നിർമിച്ച പൊതു ശൗചാലയമാവട്ടെ വർഷങ്ങൾ കഴിഞ്ഞിട്ടും തുറന്നുകൊടുത്തിട്ടുമില്ല. പൊതു ശൗചാലയം തുറക്കാത്തതിനാൽ കോട്ടായി സെന്ററിൽ യാത്രക്കാരും മറ്റും ‘ശങ്ക’ തീർക്കുന്നത് പാതയോരത്തും പരിസരത്തെ വയോജന പാർക്കിലുമാണ്. ഇതുകാരണം ദുർഗന്ധത്താൽ വലഞ്ഞ് വ്യാപാരികളും നാട്ടുകാരും ദുരിതം പേറുകയാണ്.
കോട്ടായി പഞ്ചായത്തിന്റെ 2023 -24 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി വയോജന പാർക്കിനോട് ചേർന്ന് പ്രധാന പാതയോരത്ത് മലമ്പുഴ കനാൽ പുറമ്പോക്കിൽ ലക്ഷങ്ങൾ ചെലവഴിച്ച് പൊതു ശൗചാലയം നിർമിച്ച് രണ്ടു വർഷം കഴിഞ്ഞിട്ടും തുറന്നുകൊടുക്കാത്തതാണ് എല്ലാവർക്കും ദുരിതമായത്. സെന്ററിൽ എത്തുന്ന യാത്രക്കാർ ആവശ്യങ്ങൾ നിറവേറ്റുന്നത് വ്യാപാര സ്ഥാപനങ്ങളുടെ മറപറ്റിയും പാതയോരത്തുമാണ്. സ്ത്രീ യാത്രക്കാരാണ് ഏറെ വിഷമിക്കുന്നത്. ശൗചാലയം ഉടൻ തുറന്നുകൊടുത്ത് യാത്രക്കാരുടെ ക്ലേശം പരിഹരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

