കുരുന്നു മനസ്സ് കാക്കാൻ കരുതൽ വേണം കൈ പിടിക്കാം... കൂട്ടുകാരാകാം
text_fieldsപാരന്റ്സ് കോഓഡിനേഷൻ ഫോറം വിദ്യാർഥികളിലെ ആത്മഹത്യക്കെതിരെ കൊല്ലങ്കോട്ട്
നടത്തിയ ചർച്ചാ സംഗമം
കൊല്ലങ്കോട്: കരുന്നുമനസ്സുകൾ താളംതെറ്റാതിരിക്കാൻ വിദ്യാർഥികളിൽ അമിത സമ്മർദ്ദം ചെലുത്തരുതെന്ന് പാരന്റ്സ് കോഓഡിനേഷൻ ഫോറം. ആത്മഹത്യ പ്രവണതയിൽനിന്നും വിദ്യാർഥികളെ സംരക്ഷിക്കുന്ന വിഷയത്തിൽ കൊല്ലങ്കോട് ബി.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളിൽ നടത്തിയ ചർച്ച സംഗമത്തിലാണ് വിവിധങ്ങളായ അഭിപ്രായങ്ങൾ ഉയർന്നത്. ചർച്ചകളിൽ ഉയർന്നുവന്ന 56 ൽ അധികം മികച്ച നിർദേശങ്ങൾ മന്ത്രിസഭയുടെ പരിഗണനക്ക് സമർപ്പിക്കും.
മക്കൾക്ക് മാനസിക സമ്മർദ്ദം വീടുകളിൽ ഉണ്ടാകാതിരിക്കണം. അതിന് എല്ലാം തുറന്നു പറയുന്ന അന്തരീക്ഷം വീടുകളിൽ സജ്ജമാക്കണം. മക്കളുടെ നല്ല കൂട്ടുകാരായി രക്ഷിതാക്കൾ മാറണം. വീടുകളിൽ സ്വാതന്ത്ര്യം നൽകുന്നതോടൊപ്പം രക്ഷിതാക്കളുടെ കരുതൽ ഉണ്ടെന്ന് മക്കൾ അറിയണം. ഹയർ സെക്കൻഡറി, കലാലയ പ്രായങ്ങളിൽ മക്കളുമായി നല്ല സുഹൃദ്ബന്ധം സ്ഥാപിക്കണം.
സാമൂഹിക മാധ്യമ ഇടപെടലുകളിൽ രക്ഷിതാക്കളുടെ നിരീക്ഷണം വേണം. വിദ്യാർഥികളുമായി സംവദിക്കുന്നവരും ക്ലാസുകൾ നൽകുന്നവരും വീടുകളിലും പൊതുഇടങ്ങളിലും റോൾ മോഡലാവണം. രക്ഷിതാക്കൾ ഡിജിറ്റൽ സാക്ഷരത നേടേണ്ടത് അത്യാവശ്യമാണ്. സൈബർ ഇടങ്ങളിലെ സുരക്ഷിത മാർഗങ്ങളെ കുറിച്ചും ചതിക്കുഴികളെ കുറിച്ചും വിദ്യാർഥികളും രക്ഷിതാക്കളും ബോധവാൻമാരാണ്ടേത് അത്യാവശ്യമാണ്.
പഠനത്തിൽ പിന്നിലാണ് എന്നതിന്റെ പേരിൽ വിദ്യാർഥികളെ തരംതാഴ്ത്തൽ, ക്ലാസ് മാറ്റൽ, മറ്റുള്ളവരുടെ മുന്നിൽ ഇകഴ്ത്തി സംസാരിക്കൽ എന്നിവ വിദ്യാലയങ്ങളിൽ ഉണ്ടാവരുത്. വിദ്യാലയ ങ്ങളിൽ മക്കളുടെ രക്ഷിതാക്കളായി മാറുന്ന അധ്യാപകർ നാടിന്റെ സമ്പത്താണ് തുടങ്ങിയ നിർദേശങ്ങൾ ‘ടേബിൾ ടോക്ക്’ യോഗത്തിലുണ്ടായി. പാരന്റ്സ് കോഓഡിനേഷൻ ഫോറം പ്രസിഡന്റ് സി. ആറുമുഖൻ അധ്യക്ഷത വഹിച്ചു.
എ.കെ. അജിത് കുമാർ മോഡറേറ്ററായി. കാക്കയൂർ ഡി.എം.എസ്.ബി സ്കൂൾ പ്രധാനാധ്യാപകൻ കെ.ജി. അനിൽ കുമാർ, എസ്. മനോജ്, ഹർഷറാണി, ആർ. രമ്യ, കെ. ശ്രീകല, രതി വിനയ ദാസ് , എ. സാദിഖ്, വി. ശശി, എസ്. ജൻസി, ലൈല മൈമൂൺ, പി. വേലു കുട്ടി, ടി.പി. നുസ്റത്ത്, എസ്. ഷിൻസി, യു. ബിന്ദു, ബേബി, വി.പി. നിജാമുദ്ദീൻ, ടി. സുരേഷ്, എ. ജമീല ,എം. രമേശ്, എൻ.യു. ബിജു, എം. ലത, എസ്. ജയ, കെ.യു. അബ്ദുൽ നാസർ, സി. വിനോദ് കുമാർ, പി.ആർ. രശ്മി എന്നിവർ സംസാരിച്ചു. എ കാജാ ഹുസൈൻ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

