സാവിത്രിക്ക് പെൻഷൻ നൽകി പഞ്ചായത്തംഗം
text_fieldsമണ്ണൂർ സ്വദേശി സാവിത്രിക്ക് രണ്ട് ഗഡു പെൻഷൻ പഞ്ചായത്തംഗം വി.എം. അൻവർ സാദിക് വിതരണം ചെയ്തപ്പോൾ സന്തോഷം പങ്കിടുന്ന വീട്ടമ്മ
പത്തിരിപ്പാല: സാങ്കേതിക കാരണങ്ങൾ നിരത്തി പെൻഷൻ അപേക്ഷ പഞ്ചായത്ത് അധികാരികൾ നിരസിച്ചതോടെ സ്വന്തം കൈയിൽനിന്ന് വീട്ടമ്മക്ക് പെൻഷൻ വിതരണം ചെയ്ത് പഞ്ചായത്തംഗം. മണ്ണൂർ കോഴിച്ചുണ്ട സ്വദേശിയായ 62 കാരി സാവിത്രിക്കാണ് രണ്ടു മാസത്തെ പെൻഷൻ വാർഡംഗം വി.എം. അൻവർ സാദിക് വീട്ടിലെത്തി വിതരണം ചെയ്തത്.
ഇവർക്കുള്ള സാമൂഹ്യക്ഷേമപെൻഷനായി നിയമപോരാട്ടം നടത്തുമെന്നും സർക്കാർ പെൻഷൻ ഇവർക്ക് അനുവദിക്കുന്നത് വരെ പെൻഷൻ തുടർന്ന് നൽകുമെന്നും പഞ്ചായത്തംഗം വി.എം. അൻവർ സാദിക് ഉറപ്പ് നൽകി. രണ്ടുവർഷമായി സാവിത്രി മണ്ണൂർ പഞ്ചായത്തിൽ പെൻഷനായി കയറിയിറങ്ങുകയാണ്. രണ്ടു മക്കളുണ്ടെന്നും ഇവർ ഗൾഫിലാണെന്നും വീട്ടിൽ കാറുണ്ടെന്നും പറഞ്ഞാണത്രേ അധികൃതർ അപേക്ഷ നിരസിച്ചത്.
എന്നാൽ മക്കൾ വിവാഹം ചെയ്ത് പോയവരാണെന്നും 20 വർഷം മുമ്പ് മകൻ പഴയവിലക്കെടുത്ത കേടുവന്ന കാറാണ് വീട്ടിന് മുന്നിലുള്ളതെന്നും കർഷക തൊഴിലാളിയായ സാവിത്രി പറയുന്നു. ഇവർ പെൻഷന് അർഹതയുള്ളവരാണെന്നും ഇക്കാര്യം തനിക്ക് നേരിൽ ബോധ്യപ്പെട്ടതുകൊണ്ടാണ് സാവിത്രിക്ക് പെൻഷൻ നൽകുന്നതെന്നും വാർഡംഗം വി.എം. അൻവർ സാദിക് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

