മുട്ടിയിട്ടും കാര്യമില്ല; തുറക്കാൻ നടപടിയാവാതെ കോട്ടയിലെ ശുചിമുറി കെട്ടിടം
text_fieldsനിർമാണം പൂർത്തിയായിട്ടും തുറക്കാത്ത പാലക്കാട് കോട്ടയിലെ ശുചിമുറി കെട്ടിടം
പാലക്കാട്: ഒന്നരവർഷത്തോളം തുറന്ന് പ്രവർത്തിച്ച് വീണ്ടും അടച്ചിട്ട കോട്ടയിലെ ശുചിമുറി കെട്ടിടം തുറക്കാൻ നടപടിയായില്ല. നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയിട്ടും സന്ദർശകർക്ക് ഉപകാരപ്പെടുന്നില്ല.
ഉപയോഗിക്കാത്തതിനാൽ കെട്ടിടം കാടുകയറി ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമായി. ടിക്കറ്റ് കൗണ്ടറിനുനേരെ മുൻവശത്താണ് കെട്ടിടം. കുടിവെള്ളം, സ്റ്റോർ റൂം, കഫെതേരിയ എന്നിവക്കും പ്രത്യേക കെട്ടിടങ്ങൾ ഇവിടെയുണ്ട്. ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാപാലക്കാട്യ കോട്ടയിൽ ദിവസവും ഒട്ടേറെ പേരാണ് എത്തുന്നത്. നിലവിൽ ഡി.ടി.പി.സിയുടെ പണം നൽകി ഉപയോഗിക്കാവുന്ന ശുചിമുറിയാണ് ആശ്രയം. അല്ലെങ്കിൽ ടിക്കറ്റ് എടുത്ത് കോട്ടക്കകത്തെ ശുചിമുറി ഉപയോഗിക്കണം. രാവിലെയും വൈകീട്ടുമായി ഒട്ടേറെ പേർ വ്യായാമത്തിനും ഇവിടെ വരുന്നുണ്ട്. കെട്ടിടം തുറന്നുകൊടുക്കുകയാണെങ്കിൽ ക്ലോക്ക് റൂം അടക്കമുള്ള സൗകര്യങ്ങൾ ഉപയോഗപ്പെടുത്താനാകും.
എന്നാൽ, അടച്ചിട്ട ശുചിമുറികൾ ഏപ്രിലിൽ തുറക്കുമെന്ന് ആർക്കിയോളജി സീനിയർ അസി. കൺസർവേറ്റർ മുഹ്സിന ‘മാധ്യമ’ത്തോടു പറഞ്ഞു. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കീഴിലാണു കോട്ട. തെരഞ്ഞെടുപ്പായതിനാൽ 2024-25 കാലയളവിൽ മതിയായ ഫണ്ട് ലഭിക്കാതിരുന്നതാണ് തടസ്സത്തിന് കാരണമായത്.
2025-26 കാലയളവിൽ ഫണ്ട് ലഭ്യമാവുമെന്നതിനാലാണ് ശുചിമുറി കെട്ടിടങ്ങൾ തുറക്കാൻ തീരുമാനിച്ചത്. ശുചീകരണമടക്കമുള്ള ജോലികൾക്ക് തൊഴിലാളികളെ വിതരണം ചെയ്യുന്നത് സ്വകാര്യ ഏജൻസികളാണ്. 2023-24 കാലയളവിൽ സെക്യൂരിറ്റി, നൈറ്റ് വാച്ച്മാൻ അടക്കം 17 പേർ കരാർ തൊഴിലാളികളായി ഉണ്ടായിരുന്നിടത്ത് ഫണ്ടിന്റെ കുറവുകൊണ്ട് 2024-25ൽ എട്ടുപേരേ ഉണ്ടായിരുന്നുള്ളൂ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.