പാലക്കാട് നഗരസഭ കൗൺസിലർമാർ ചുമതലയേറ്റു
text_fieldsപാലക്കാട് നഗരസഭ കൗൺസിലർമാർ സത്യപ്രതിജ്ഞയും ആദ്യ കൗൺസിൽ യോഗവും കഴിഞ്ഞശേഷം ഒത്തുചേർന്നപ്പോൾ
പാലക്കാട്: നഗരസഭ കൗൺസിലർമാർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. നഗരസഭക്ക് സമീപത്തെ അനക്സ് ഹാളിൽ രാവിലെ 10ന് നടന്ന ചടങ്ങിൽ 53 അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്തു. മുതിർന്ന അംഗമായ എട്ടാം വാർഡ് വലിയപാടത്തെ സി.പി.എം കൗൺസിലർ പി. ലീലാധരന് റിട്ടേണിങ് ഓഫിസർ എസ്. കിരൺ സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് ബാക്കി അംഗങ്ങൾക്ക് ലീലാധരൻ സത്യവാചകം ചൊല്ലിക്കൊടുത്തു.
ബി.ജെ.പി -25, കോൺഗ്രസ് -13, ലീഗ് -അഞ്ച്, സി.പി.എം -ഒമ്പത് എന്നിങ്ങനെയാണ് നഗരസഭയിലെ കക്ഷിനില. ബി.ജെ.പി അംഗങ്ങളെല്ലാവരും ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തപ്പോൾ സി.പി.എം അംഗങ്ങൾ ദൃഢപ്രതിജ്ഞയാണ് ചെയ്തത്. യു.ഡി.എഫിലെ ചില അംഗങ്ങൾ ഈശ്വര നാമത്തിലും അല്ലാഹുവിന്‍റെ നാമത്തിലും സത്യപ്രതിജ്ഞ ചെയ്തു. സത്യപ്രതിജ്ഞക്ക് ശേഷം മുതിർന്ന അംഗം പി. ലീലാധരന്‍റെ അധ്യക്ഷതയിൽ ആദ്യ കൗൺസിൽ യോഗം ചേർന്നു.
പുതുതായി എത്തിയ അംഗങ്ങളെ നഗരസഭ സെക്രട്ടറി സ്വാഗതം ചെയ്തു. നഗരസഭ ചെയർപേഴ്സൻ, ഡെപ്യൂട്ടി ചെയർപേഴ്സൻ സ്ഥാനങ്ങളിലേക്ക് ഡിസംബർ 26ന് തെരഞ്ഞെടുപ്പ് നടത്തുന്നതുമായി ബന്ധപ്പെട്ട അറിയിപ്പ് സെക്രട്ടറി വായിച്ചു. നഗരസഭ ഓഫിസിൽ രാവിലെ 10.30ന് ചെയർപേഴ്സൻ തെരഞ്ഞെടുപ്പും ഉച്ചക്ക് 2.30ന് ഡെപ്യൂട്ടി ചെയർപേഴ്സൺ തെരഞ്ഞെടുപ്പും നടക്കും. എന്തെങ്കിലും കാരണവശാൽ അന്നേദിവസം അവധിയായാൽ തൊട്ടടുത്ത ദിവസം തെരഞ്ഞെടുപ്പ് നടക്കുമെന്നും സെക്രട്ടറി അറിയിച്ചു.
നഗരസഭയുടെ സമഗ്രമായ വികസനത്തിന് കക്ഷിഭേദമില്ലാതെ എല്ലാവരും സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യോഗത്തിൽ അധ്യക്ഷത വഹിച്ച പി. ലീലാധരൻ പറഞ്ഞു. തുടർന്ന് കൗൺസിലർമാരായ ഇ. കൃഷ്ണദാസ്, സാജോ ജോൺ, വി. രാധാകൃഷ്ണൻ, ബഷീർ പൂളക്കാട്, എം. ശശികുമാർ, പി. സ്മിതേഷ്, മോഹൻ ബാബു, പി.എസ്. വിപിൻ, ജനാർദനൻ, എം. അബ്ദുൾ സുക്കൂർ, എ. കുമാരി, റിസ്വാന, മിനി കൃഷ്ണകുമാർ, ടി. ബേബി, എ. ചെമ്പകം എന്നിവർ സംസാരിച്ചു. സത്യപ്രതിജ്ഞ ചടങ്ങ് കാണാൻ മുന്നണികളുടെ പ്രവർത്തകരും കൗൺസിലർമാരുടെ കുടുംബാംഗങ്ങളും ഉൾപ്പെടെ നിരവധി പേർ എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

