ഒളിയമ്പിൽ കാലിടറി പ്രിയ അജയൻ; പ്രമീള ശശിധരന് രണ്ടാമൂഴം
text_fieldsപാലക്കാട്: മൂന്നു വർഷത്തെ ഇടവേളക്കുശേഷം നഗരസഭ സാരഥ്യം വീണ്ടും പ്രമീള ശശിധരന്റെ കൈകളിലേക്ക്. 2015-20 കാലയളവിൽ പ്രമീള ശശീധരനായിരുന്നു ചെയർപേഴ്സൻ. തുടർഭരണത്തിലും പ്രമീള ശശിധരൻ ചെയർപേഴ്സൺ സ്ഥാനത്തേക്ക് ശ്രമിച്ചെങ്കിലും ബി.ജെ.പിക്കുള്ളിലെ ജാതി രാഷ്ട്രീയവും സംഘടനക്കുള്ളിലെ ആർ.എസ്.എസിന്റെ പിടിമുറുക്കലും കാരണം ഫലം കണ്ടില്ല. ചെയർപേഴ്സനായി തെരഞ്ഞെടുക്കപ്പെട്ട പ്രിയ അജയന് നേരെയുള്ള പരോക്ഷമായും പ്രത്യക്ഷമായും നടത്തിയ ഒളിയമ്പുകൾക്ക് തുടക്കം മുതൽ കുറവുണ്ടായിരുന്നില്ല.
വ്യക്തിപരമായ കാരണങ്ങളാലാണ് രാജി എന്ന് പ്രിയ പറഞ്ഞെങ്കിലും ബി.ജെ.പിക്കുള്ളിലെ പടലപ്പിണക്കവും തൊഴുത്തിൽ കുത്തുമാണെന്ന് സംസാരമുണ്ട്. നഗരസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞ് പ്രിയ അജയന്റെ പേര് ചെയർപേഴ്സൻ സ്ഥാനത്തേക്ക് വന്നതു മുതൽ ബി.ജെ.പിയിലെ ഒരു വിഭാഗം എതിർത്തിരുന്നു. എന്നാൽ, ബി.ജെ.പിക്ക് വ്യക്തമായ ഭൂരിപക്ഷത്തോടെ തുടർ ഭരണം കിട്ടിയ ഏക നഗരസഭ ആയതിനാൽ സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടലും താക്കീതും ഉണ്ടായിരുന്നു.
ഇതിനാൽ എതിർപ്പ് ശക്തമാക്കാനോ പരസ്യമായി പ്രകടപ്പിക്കാനോ കഴിഞ്ഞില്ല. ഒരു വിഭാഗം ബി.ജെ.പി കൗണ്‍സിലര്‍മാരും പാര്‍ട്ടി പ്രവര്‍ത്തകരും പ്രിയ അജയന്റെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. പ്രിയ അജയന്റെ പ്രവര്‍ത്തന രീതികളോട് പാര്‍ട്ടിയിലെ ഒരു വിഭാഗം ശക്തമായി രംഗത്ത് വന്നിരുന്നു.
പാര്‍ട്ടിയിലെ ഈ വിഭാഗം പുറത്ത് മാത്രമല്ല, നഗരസഭക്കകത്തും ചെയര്‍പേഴ്സനോട് നിസ്സഹകരണം കാണിക്കുകയും ചെയ്തു. കൗണ്‍സില്‍ യോഗത്തില്‍ ചെയര്‍പേഴ്സന്റെ നിലപാടിനെതിരെ പ്രതിപക്ഷത്തോടൊപ്പം നിലയുറപ്പിച്ചതോടെ പല തീരുമാനങ്ങളും തിരുത്തേണ്ടി വന്നു. ഇത്തരമൊരു പശ്ചാത്തലത്തില്‍ നഗരസഭ യോഗം മാസങ്ങളോളം വിളിച്ച് കൂട്ടാതെ ഭരണ പ്രതിസന്ധി സൃഷ്ടിച്ചതിനൊപ്പം ഓണക്കാലത്ത് പത്ത് ദിവസത്തോളം അവധിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
തുടര്‍ന്ന് വീണ്ടും നഗരസഭ ഭരണം ഏറ്റെടുത്തുവെങ്കിലും ബി.ജെ.പി കൗണ്‍സിലര്‍മാര്‍ പരസ്യമായ രംഗത്ത് വന്നു. നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ നിന്നും സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാന് സ്മിതേഷ്, പ്രമീള ശശിധരന്, എല്‍.വി. ഗോപാലകൃഷ്ണന് എന്നിവര്‍ ഇറങ്ങിപ്പോയിരുന്നു. ഈ സംഭവങ്ങളുടെയെല്ലാം തുടര്‍ച്ചയാണ് പ്രിയ അജയന്റെ രാജിയിൽ കലാശിച്ചത്.
അവസാനംവരെ സസ്പെൻസ്
പാലക്കാട്: പ്രിയ അജയൻ രാജി വെച്ചതിനെ തുടർന്ന് ഒഴിവ് വന്ന പാലക്കാട് നഗരസഭ ചെയർപേഴ്സൻ സ്ഥാനത്തേക്കുള്ള സ്ഥാനാർഥി പ്രഖ്യാപനം അവസാന നിമിഷം വരെ സസ്പെൻസ് ആക്കി ബി.ജെ.പി. ഡിസംബർ 18ന് രാജി വെച്ചെങ്കിലും ചെയർപേഴ്സൻ തെരഞ്ഞെടുപ്പ് നടന്ന തിങ്കളാഴ്ച രാവിലെയാണ് ബി.ജെ.പിയുടെ പാർലമെന്ററി യോഗം ചേർന്ന് പ്രമീള ശശിധരനെ ചെയർപേഴ്സൻ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. വി.എസ്. മിനിമോൾ, ടി. ബേബി എന്നിവരുടെ പേരുകൾ ഉയർന്നു വന്നെങ്കിലും അവസാനം പ്രമീള ശശിധരനെ തീരുമാനിക്കുകയായിരുന്നു.
ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാറിന്റെ ഭാര്യ കൂടിയായ വി.എസ്. മിനി മോളെ ചെയർപേഴ്സൻ ആക്കിയാൽ ബി.ജെ.പിക്ക് വ്യക്തമായി വേരോട്ടമുള്ള പാലക്കാട് നഗരസഭ പരിധിയിൽ എങ്ങനെ ബാധിക്കുമെന്ന ആശങ്ക നേതൃത്വം പ്രകടിപ്പിച്ചിരുന്നു. മാത്രമല്ല, 2015-20 വർഷത്തിൽ സി. കൃഷ്ണകുമാർ വൈസ് ചെയർമാനായിരുന്നു. വരാൻ പോകുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിലെ സ്ഥാനാർഥി സി. കൃഷ്ണകുമാർ ആകാനുള്ള സാധ്യത കൂടി കണക്കിലെടുത്താണ് അവരെ പരിഗണിക്കാതിരുന്നതെന്ന് അറിയുന്നു.
ടി. ബേബിയെ തീരുമാനിക്കുന്നതിലും സംഘടന നേതൃത്വത്തിന് താൽപര്യമുണ്ടായിരുന്നില്ല. ലോക്സഭ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ നഗരസഭയിലെ ചെറിയ വീഴ്ച പോലും പ്രതികൂലമായി ബാധിക്കുമെന്ന കണക്കുകൂട്ടലും നേതൃത്വത്തിനുണ്ട്. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ പ്രാവശ്യത്തെ ഭരണപാടവവും ഈ പ്രാവശ്യം സ്ഥിരം സമിതി അധ്യക്ഷയെന്ന പരിഗണനയും വെച്ച് പ്രമീള ശശീധരനെ ചെയർപേഴ്സൻ ആക്കാൻ തീരുമാനിച്ചത്.
സത്യപ്രതിജ്ഞ ബഹിഷ്കരിച്ച് പ്രതിപക്ഷം
പാലക്കാട്: നഗരസഭ ചെയർപേഴ്സനായി തെരഞ്ഞെടുക്കപ്പെട്ട പ്രമീള ശശിധരന്റെ സത്യപ്രതിജ്ഞ ചടങ്ങ് പ്രതിപക്ഷമായ യു.ഡി.എഫും എൽ.ഡി.എഫും വെൽഫെയർ പാർട്ടിയും ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി. നിലവിലെ ചെയർപേഴ്സനെ രാജിവെപ്പിച്ച് പഴയ ചെയർപേഴ്സന് ഭരണനേതൃത്വം നൽകി അഴിമതികൾ മറച്ചുവെക്കാനുള്ള ശ്രമം നടപ്പാവില്ലെന്ന് കോൺഗ്രസ് പാർട്ടി ലീഡർ സജോ ജോൺ, മുസ്ലിം ലീഗ് പാർട്ടി ലീഡർ സൈദ് മീരാൻ ബാബു എന്നിവർ പറഞ്ഞു.
അഴിമതിയും വികസന മുരടിപ്പും മറച്ചുവെച്ച് ജനശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമത്തിന്റെ ഭാഗമാണ് രാജിയും തുടർന്നുനടന്ന തെരഞ്ഞെടുപ്പുമെന്ന് വെൽഫെയർ പാർട്ടി അംഗം സുലൈമാൻ പറഞ്ഞു. ബി.ജെ.പി അംഗങ്ങൾക്കിടയിൽ ഭിന്നതയുണ്ടെന്നത് വ്യാജപ്രചാരണം മാത്രമാണെന്നും മുൻ ചെയർപേഴ്സൻ ആരോഗ്യകാരണങ്ങളാലാണ് രാജിവെച്ചതെന്നും ചെയർപേഴ്സൻ പ്രമീള ശശിധരൻ അഭിപ്രായപ്പെട്ടു. പൂർത്തീകരിക്കാത്ത പദ്ധതികൾക്ക് മുൻഗണന നൽകുമെന്നും പുതിയ നിരവധി പദ്ധതി കൊണ്ടുവരുമെന്നും ചെയർപേഴ്സൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

