വീട് കുത്തിത്തുറന്ന് മോഷണം; റിമാൻഡിലുള്ള പ്രതിയെ വിട്ടുകിട്ടാൻ പൊലീസ് കോടതിയെ സമീപിക്കും
text_fieldsജെയ്സൺ
ഒറ്റപ്പാലം: ചുനങ്ങാട് പിലാത്തറയിൽ പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് പണവും സ്വർണവും കവർന്ന കേസിലെ പ്രതിയെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ ഒറ്റപ്പാലം പൊലീസ് കോടതിയെ സമീപിക്കും. തെളിവെടുപ്പിനായി തൃശൂർ ചാലക്കുടി കോടശ്ശേരി ജെയ്സണെയാണ് (42) കോടതി മുഖേന വിട്ടുകിട്ടാൻ നടപടി ആരംഭിച്ചത്. മറ്റൊരു കേസിൽ കുന്നംകുളം പൊലീസ് പിടിയിലായി റിമാൻഡിൽ കഴിയുന്ന ഇയാളെ ഒറ്റപ്പാലം പൊലീസ് കഴിഞ്ഞ ദിവസം ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ചുനങ്ങാട് പിലാത്തറ ആന്തൂർക്കുന്നത്ത് മനയിൽ സുധീറിന്റെ വീട്ടിൽനിന്ന് ഫെബ്രുവരിയിലാണ് നാല് പവൻ സ്വർണവും രണ്ട് വെള്ളി പാദസരങ്ങളും 10,000 രൂപയും നഷ്ടമായത്.
ആറ്റുകാൽ പൊങ്കാലക്കായി 24നാണ് കുടുംബസമേതം സുധീർ വീടുപൂട്ടി പോയിരുന്നത്. മുൻവാതിലിന്റെ ഒരു ഭാഗം പൊളിച്ചെടുത്തായിരുന്നു ഇയാൾ അകത്തുകടന്നത്. മോഷണത്തിനിടയിൽ മൊബൈൽ ഫോൺ സംഭവസ്ഥലത്ത് നഷ്ടമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടന്ന അന്വേഷണത്തിലാണ് പ്രതി ജെയ്സൺ ആണെന്ന് കണ്ടെത്തിയത്. തുടരന്വേഷണത്തിലാണ് ഇയാൾ മറ്റൊരു കേസിൽ പിടിയിലായി റിമാൻഡിലാണെന്ന വിവരം പൊലീസ് കണ്ടെത്തിയത്. തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

