കണ്ണിയംപുറം തോട്ടിൽ ഒഴുക്കിന് തടസ്സമായ മരങ്ങൾ മുറിച്ചുനീക്കി
text_fieldsഒഴുക്കിന് തടസ്സമായി കണ്ണിയംപുറം തോട്ടിൽ വീണുകിടന്ന മരങ്ങൾ തൊഴിലാളികൾ മുറിച്ചുനീക്കുന്നു
ഒറ്റപ്പാലം: കണ്ണിയംപുറം തോട്ടിൽ വെള്ളപ്പൊക്കത്തിന് കാരണമായി ഒഴുക്കിന് കുറുകെ കിടന്ന മരങ്ങൾ മുറിച്ചുനീക്കി. നഗരസഭ നിയോഗിച്ച തൊഴിലാളികളാണ് ഞായറാഴ്ച മരവും ശിഖരങ്ങളും മുറിച്ചുമാറ്റിയത്. ചൊവ്വാഴ്ചയുണ്ടായ ശക്തമായ മഴയിൽ ശാന്തി നഗറിൽ അമ്പതിലേറെ വീടുകളിൽ വെള്ളം കയറുകയും തുടർന്ന് കുടുംബങ്ങൾ ബന്ധുവീടുകളിലേക്കും മറ്റും മാറാൻ നിർബന്ധിതരാവുകയും ചെയ്തിരുന്നു. മരങ്ങളും മറ്റും കിടന്ന് കണ്ണിയംപുറം തോട്ടിലെ ഒഴുക്ക് തടസ്സപ്പെട്ടതാണ് വെള്ളപ്പൊക്കത്തിന് കാരണമായതെന്നാണ് ശാന്തിനഗർ നിവാസികൾ പറഞ്ഞു. ഇവരുടെ ദുരിതം കഴിഞ്ഞദിവസം ‘മാധ്യമം’ വാർത്തയാക്കിയിരുന്നു. ഇതേ തുടർന്നാണ് നഗരസഭ മരം മുറിക്കാൻ രംഗത്തെത്തിയത്. 2018 ലും 2019ലും സമാനരീതിയിലുണ്ടായ വെള്ളപ്പൊക്കത്തിൽ ശാന്തിനഗറിലും സമീപ പ്രദേശങ്ങളിലും വീടുകളിൽ വെള്ളം കയറുകയും കുടുംബങ്ങൾ വീട് പൂട്ടി ദിവസങ്ങളോളം മാറി താമസിക്കുകയും ചെയ്തിരുന്നു.

