സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് കൗതുകമായി
text_fieldsകടമ്പൂർ ബി.വി.എൽ.പി സ്കൂളിൽ നടന്ന പാർലമെൻറ് തെരഞ്ഞെടുപ്പിന് ഉപയോഗിച്ച വോട്ടിങ് യന്ത്രം
ഒറ്റപ്പാലം: സാങ്കേതികവിദ്യയുടെ സഹായത്തോടെ സ്കൂൾ പാർലമെൻറിലേക്ക് നടന്ന തെരഞ്ഞെടുപ്പ് കൗതുകമായി. കടമ്പൂർ ഭാസ്കര വിലാസിനി എൽ.പി സ്കൂളിലാണ് ഇലക്ട്രോണിക് വോട്ടു യന്ത്രത്തിന്റെ സഹായത്തോടെ ജനാധിപത്യരീതിയിൽ പാർലമെൻറ് തെരഞ്ഞെടുപ്പ് നടത്തിയത്. ആറ് കുട്ടികൾ സ്ഥാനാർഥികളായി മത്സരിച്ച തെരഞ്ഞെടുപ്പിൽ പോളിങ് ഓഫിസർമാരും കുട്ടികളായിരുന്നു.
അധ്യാപകൻ ശ്രീറാം റിട്ടേണിങ് ഓഫിസറായി. വാശിയേറിയ മത്സരത്തിൽ ബാഗ് ചിഹ്നത്തിൽ മത്സരിച്ച് കൂടുതൽ വോട്ട് നേടിയ കെ. ആരിഫിനെ സ്കൂൾ ലീഡറായി പ്രഖ്യാപിച്ചു. സ്ഥാനാർഥികളെയും ചിഹ്നങ്ങളും തെരഞ്ഞെടുക്കൽ, പ്രചാരണം, ലൈവ് റിപ്പോർട്ടിങ്, പോളിങ്, വോട്ടെണ്ണൽ തുടങ്ങിയ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾക്ക് അധ്യാപകർ മേൽനോട്ടം വഹിച്ചു.

