ട്രെയിനുകളിൽനിന്ന് 10.4 കിലോ കഞ്ചാവ് പിടികൂടി
text_fieldsട്രെയിനിൽ കഞ്ചാവ് കടത്തവെ പിടിയിലായ ഒഡിഷ സ്വദേശി ഉദ്യോഗസ്ഥർക്കൊപ്പം
ഒറ്റപ്പാലം: ആർ.പി.എഫ് ക്രൈം ഇൻറലിജൻസ് ബ്രാഞ്ചും ഒറ്റപ്പാലം എക്സൈസ് റേഞ്ചും ചേർന്ന് ഒറ്റപ്പാലം റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ രണ്ട് ട്രെയിനുകളിൽനിന്നായി 10.4 കിലോ കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ഒഡിഷ സ്വദേശിയെ അറസ്റ്റ് ചെയ്തു. കോർബ - കൊച്ചുവേളി എക്സ്പ്രസിലെ ജനറൽ കമ്പാർട്ട്മെൻറിൽനിന്നാണ് 8.1 കിലോ കഞ്ചാവ് കണ്ടെടുത്തത്. ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാഗിലായിരുന്നു കഞ്ചാവ്.
ധൻബാദ് - ആലപ്പി എക്സ്പ്രസിൽ കഞ്ചാവ് കൊണ്ടുവരവെ ഒഡിഷ സ്വദേശി മിഖായേൽ പ്രധാൻ (21) പിടിയിലായി. പരിശോധന സംഘത്തെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ പിടികൂടിയ ശേഷം നടത്തിയ പരിശോധനയിലാണ് തുണികൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ ബാഗ് കണ്ടെടുത്തത്. ഇതിൽനിന്നാണ് 2.3 കിലോ കഞ്ചാവ് പിടികൂടിയത്. അതിഥി തൊഴിലാളികൾക്ക് ലഹരി എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ് അറസ്റ്റിലായതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കോർബ - കൊച്ചുവേളി എക്സ്പ്രസിൽനിന്ന് ലഭിച്ച കഞ്ചാവ് കടത്തിയ പ്രതിക്കായി അന്വേഷണം ഊർജിതമാക്കി.
പിടികൂടിയ കഞ്ചാവിന് വിപണിയിൽ അഞ്ച് ലക്ഷം രൂപക്ക് മുകളിൽ വില വരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. മിഖായേൽ പ്രധാനെ കോടതി റിമാൻഡ് ചെയ്തു.

