ഓപ്പറേഷന് ഫോക്കസ്; 1676 വാഹനങ്ങൾക്ക് എതിരെ കേസ്
text_fieldsപാലക്കാട്: നിയമങ്ങള്‍ ലംഘിച്ച് സര്‍വിസ് നടത്തുന്ന വാഹനങ്ങള്‍ക്കെതിരെ ജില്ല മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ ഓപ്പറേഷന് ഫോക്കസ് പരിശോധനയില്‍ 12 ദിവസത്തിനിടെ 1676 വാഹനങ്ങള്‍ക്കെതിരെ കേസെടുത്തു. ഇത്രയും കേസുകളിലായി 28,99,040 രൂപ പിഴയും ചുമത്തി.
വാഹനങ്ങളുടെ രൂപമാറ്റം, അമിതവേഗത, ലൈറ്റ്, എയര്‍ഹോണ്‍, കളര്‍കോഡ് തുടങ്ങിയവയാണ് പരിശോധിക്കുന്നത്. ഒക്ടോബര്‍ ഏഴു മുതലാണ് ജില്ലയില്‍ പരിശോധന ആരംഭിച്ചത്. പരിശോധനയില്‍ രൂപമാറ്റം വരുത്തിയ 85ഉം സ്പീഡ് ഗവേണര്‍ ഇല്ലാത്ത 116ഉം അനധികൃതമായി ലൈറ്റുകള്‍ ഘടിപ്പിച്ച 1238ഉം വാഹനങ്ങൾക്കെതിരെയാണ് കേസെടുത്തത്.
എയര്‍ഹോണ്‍ ഘടിപ്പിച്ച 231 വാഹനങ്ങള്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 72 വാഹനങ്ങളുടെ ഫിറ്റ്നസ് റദ്ദാക്കി. എട്ട് പേരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.
ഇതില്‍ 21 ടൂറിസ്റ്റ് വാഹനങ്ങളും ഏഴ് കെ.എസ്.ആര്.ടി.സി ബസുകളും 44 സ്വകാര്യ ബസുകളും ഉള്‍പ്പെടുന്നു. ആര്.ടി.ഒ ടി.എം. ജേഴ്സണ്‍ന്റെയും എന്‍ഫോഴ്സ്മെന്റ് വിഭാഗം ആര്.ടി.ഒ എം.കെ. ജയേഷ് കുമാറിന്റെയും നേതൃത്വത്തിലാണ് പരിശോധനകള്‍ നടത്തുന്നത്.
സ്പീഡ് ഗവേണര്‍ ലംഘിക്കുന്ന വാഹനങ്ങളുടെ ഫിറ്റ്നസ് റദ്ദാക്കുന്നുണ്ട്. അത്തരം വാഹനങ്ങള്‍ക്ക് സ്പീഡ് ഗവര്‍ണര്‍ ഘടിപ്പിച്ച് വീണ്ടും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് എടുത്തശേഷം മാത്രമേ സര്‍വിസ് നടത്താവൂ എന്ന് നിര്‍ദേശിച്ചതായും ആര്.ടി.ഒ ടി.എം ജേഴ്സണ് അറിയിച്ചു.
അനധികൃതമായി അലങ്കാര ലൈറ്റുകള്‍, എല്‍.ഇ.ഡി ലൈറ്റുകള്‍ തുടങ്ങിയവ ഘടിപ്പിച്ച വാഹനങ്ങള്‍ക്ക് ലൈറ്റുകള്‍ മാറ്റിയതിന് ശേഷം മാത്രമാണ് സര്‍വിസ് അനുവദിക്കുന്നത്. ഒപ്പം പിഴയും ഈടാക്കുന്നുണ്ട്. വലിയ ശബ്ദമുണ്ടാക്കുന്ന സ്പീക്കറുകളും ഒഴിവാക്കാന്‍ നടപടി എടുക്കുന്നുണ്ടെന്നും ആര്.ടി.ഒ അറിയിച്ചു. പിഴ അടയ്ക്കാത്ത വാഹനങ്ങളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് ആര്.ടി.ഒ ടി.എം ജേഴ്സണ് അറിയിച്ചു.
വേഗപ്പൂട്ട് ഘടിപ്പിച്ചില്ല; കെ.എസ്.ആർ.ടി.സി ബസടക്കം തടഞ്ഞു
നെന്മാറ: പരിശോധനയിൽ വേഗപ്പൂട്ട് ഘടിപ്പിക്കാത്തതിനാൽ ബസുകൾ തടഞ്ഞിട്ട് മോട്ടോർ വാഹന വകുപ്പധികൃതർ. ചിറ്റൂർ ആർ.ടി. ഓഫിസിലെ പരിശോധന സംഘമാണ് ബുധനാഴ്ച രാവിലെ പതിനൊന്നോടെ നെന്മാറ ബസ് സ്റ്റാൻഡിനടുത്ത് നെല്ലിയാമ്പതിയിലേക്കുള്ള കെ.എസ്.ആർ.ടി.സി. ബസും കൊഴിഞ്ഞാമ്പാറയിൽനിന്ന് വടക്കഞ്ചേരിയിലേക്കുള്ള സ്വകാര്യ ബസും തടഞ്ഞിട്ടത്. തുടർന്ന് ബസുകൾ യാത്രക്കാരെയിറക്കി തിരിച്ചു പോവുകയായിരുന്നു. വേഗപ്പൂട്ടു ഘടിപ്പിച്ചതിനു ശേഷം മാത്രം സർവിസ് നടത്തിയാൽ മതി എന്ന മോട്ടോർ വാഹന വകുപ്പിന്റെ നിർദേശമനുസരിച്ച് കെ.എസ്.ആർ.ടി.സി ബസ് പാലക്കാട് ഡിപ്പോയിലേക്ക് തിരിച്ചുപോയി.
ഇതോടെ നെന്മാറയിൽ നിന്നു നെല്ലിയാമ്പതിയിലേക്ക് തിരിച്ച യാത്രക്കാർ പെരുവഴിയിലായി. ഉച്ചക്ക് ഒന്നരയ്ക്കാണ് നെല്ലിയാമ്പതിയിലേക്കുള്ള അടുത്ത ബസ്. അതുവരെ യാത്രക്കാർ ബസ് സ്റ്റാൻഡിൽ കാത്തിരിക്കേണ്ട സ്ഥിതിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

