ഓപറേഷൻ തണ്ടർ; ഒന്നര മാസം 113 എൻ.ഡി.പി.എസ് കേസുകൾ
text_fieldsപാലക്കാട്: ലഹരിക്കെതിരായ പോരാട്ടത്തിന്‍റെ ഭാഗമായി ജില്ലയിൽ എക്സൈസ് സംഘം ഒന്നര മാസത്തിനിടെ പിടികൂടിയത് 113 എൻ.ഡി.പി.എസ് കേസുകൾ. ഇത്രയും കേസുകളിലായി 90 പ്രതികളെ അറസ്റ്റ് ചെയ്തു. എക്സൈസ് നടത്തുന്ന ഓപറേഷൻ തണ്ടർ പരിശോധനയിലാണ് ഇത്രയും കേസുകൾ കണ്ടെത്തിയത്. മേയ് 28 മുതൽ ജൂലൈ 12 വരെയുള്ള കണക്കാണിത്. ഇക്കാലയളവിൽ 1764 പരിശോധനയിലാണ് ജില്ലയിലാകെ നടത്തിയത്. 125 പരിശോധനകൾ മറ്റ് വകുപ്പുകളുമായി സംയുക്തമായും നടത്തി.
28,377 വാഹനങ്ങൾ പരിശോധിച്ചു. 245 അബ്കാരി കേസുകൾ രജിസ്റ്റർ ചെയ്യുകയും 211 പേരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. അബ്കാരി കേസുമായി ബന്ധപ്പെട്ട് 15 വാഹനങ്ങളും 4900 രൂപയും പിടിച്ചെടുത്തു. പൊതുയിടത്തിൽ പുകവലിക്കുന്നതിനെതിരെയുള്ള കോട്പ നിയമപ്രകാരം 1636 കേസുകളാണ് രജിസ്റ്റർ ചെയ്തത്. പിടികൂടിയവരിൽനിന്ന് 3,27,200 രൂപ പിഴയിനത്തിൽ ഈടാക്കി. 332.755 കിലോ ഗ്രാം നിരോധിത പുകയില ഉൽപന്നങ്ങളും കണ്ടെത്തി. 736 ലിറ്റർ സ്പിരിറ്റും 65 ലിറ്റർ ചാരായവും 895.590 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യവും 1100 ലിറ്റർ കള്ളും 11 ലിറ്റർ ബിയറും 8506 ലിറ്റർ വാഷും പിടികൂടി. 45.457 കിലോ ഗ്രാം കഞ്ചാവും പിടികൂടിയിട്ടുണ്ട്. 25 കഞ്ചാവ് ചെടികൾ നശിപ്പിച്ചു. എം.എഡി.എം.എ 7.790 ഗ്രാമും മെത്താഫിറ്റമിൻ 0.826 ഗ്രാമും നൈട്രോസെഫാം ഗുളിക 9.740 ഗ്രാമും പിടികൂടി.
അതിർത്തി മേഖലകൾ കേന്ദ്രീകരിച്ചും കിഴക്കൻ മേഖലയിലെ തോപ്പുകളിലും പ്രത്യേക സ്ക്വാഡിന്‍റെ കർശന നിരീക്ഷണവും പരിശോധനയുമുണ്ട്. ഇതിനുപുറമേ ദേശീയപാതയിൽ പട്രോളിങ്ങും ചെക്ക്പോസ്റ്റുകളിലും ടോൾ പ്ലാസകളിലും പരിശോധനയും നടത്തുന്നുണ്ട്. ബസ് സ്റ്റാൻഡുകൾ, കള്ള് ഷാപ്പുകൾ, തൊഴിലാളി ക്യാമ്പുകൾ, കെട്ടിടങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, സ്കൂൾ പരിസരങ്ങൾ എന്നിവിടങ്ങളിലും പരിശോധനയും നിരീക്ഷണവും നടത്തുന്നുണ്ടെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

