3.840 കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശി പിടിയിൽ
text_fieldsപാലക്കാട്: ടൗൺ നോർത്ത് പൊലീസും, ജില്ല പൊലീസ് ലഹരി വിരുദ്ധ സ്ക്വാഡും നടത്തിയ പരിശോധനയിൽ 3.840 കിലോ കഞ്ചാവ് പിടികൂടി.
ട്രെയിൻ മാർഗമുള്ള ലഹരി കടത്ത് തടയാൻ നടത്തിയ പ്രത്യേക പരിശോധനയിലാണ് ഒലവക്കോട് റെയിൽവേ സ്റ്റേഷന് സമീപത്തുവെച്ച് ഒഡിഷ സ്വദേശി കൃഷ്ണ ചന്ദ്ര നായിക് (27) എന്നയാളിൽനിന്ന് കഞ്ചാവ് പിടികൂടിയത്. ഒഡിഷയിൽനിന്നാണ് പ്രതി കേരളത്തിലേക്ക് കഞ്ചാവ് എത്തിച്ചത്.
കഞ്ചാവിന്റെ ഉറവിടത്തെക്കുറിച്ചും, ആർക്ക് വേണ്ടിയാണ് എത്തിച്ചതെന്നും പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. പാലക്കാട് നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി അബ്ദുൽ മുനീറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ എം.ബി. രാജേഷ്, ടൗൺ നോർത്ത് പൊലീസ്, ജില്ല പൊലീസ് ലഹരി വിരുദ്ധ സ്ക്വാഡ് എന്നിവർ ചേർന്നാണ് കഞ്ചാവും പ്രതിയേയും പിടികൂടിയത്.

