ഊടുവഴികളിൽ പരിശോധനയില്ല; അതിർത്തി കടന്നുള്ള ലഹരിക്കടത്ത് സജീവം
text_fieldsഗോവിന്ദാപുരം: സംസ്ഥാന അതിർത്തിയിൽ ഊടുവഴികളിൽ ലഹരിക്കടത്തും അനധികൃത ചരക്കുനീക്കവും സജീവം. പരിശോധനകൾ പ്രഹസനമാകുന്ന ഗോവിന്ദാപുരം, ചെമ്മണാമ്പതി അതിർത്തി പ്രദേശങ്ങൾക്കിടയിലുള്ള അഞ്ച് ഊടു വഴികളാണ് ചരക്കു കടത്തുകാർക്ക് ചാകരയായിട്ടുള്ളത്. ഇവിടെ പരിശോധന ഇല്ലാത്തത് ചരക്കുകടത്തുകാർക്ക് അനുകൂല സാഹചര്യമാണ്.
ലഹരിവസ്തുക്കൾ സംസ്ഥാനത്തേക്ക് കടത്താൻ ഈ വഴികളാണ് ലഹരി മാഫിയ പ്രധാനമായും ഉപയോഗപ്പെടുത്തുന്നത്. ഇതറിഞ്ഞിട്ടും അധികൃതർ കണ്ണടക്കുകയാണ്. കിഴവൻ പുതൂർ - ചെമ്മണാംപതി പ്രദേശങ്ങൾക്കിടയിൽ മൂന്ന് കിലോമീറ്റർ പരിധിക്ക് അകത്താണ് അഞ്ച് വഴികൾ ഉള്ളത്. മിനി ലോറികൾ വരെ അനായാസം കടന്നുവരുവാനുള്ള വഴികളാണ് ഇവ. യാതൊരു പരിശോധനയും ഇല്ലാതെ തമിഴ്നാട്ടിലേക്കും തിരിച്ചു കേരളത്തിലേക്കും ഇതുവഴി വരാൻ കഴിയും.
കിഴവൻ പൂതൂർ - ഗോവിന്ദാപുരം വരെയുള്ള പ്രദേശങ്ങൾക്കിടയിലെ നാല് കിലോമീറ്റർ പരിധിക്ക് അകത്ത് രണ്ട് വഴികളാണ് ഉള്ളത്. ഗോവിന്ദാപുരത്തും മുച്ചങ്കുണ്ടിലും മാത്രമാണ് ചെക്ക് പോസ്റ്റ് സ്ഥാപിച്ചിട്ടുള്ളത്. ചെക്ക്പോസ്റ്റിനെ ബന്ധിപ്പിക്കാതെ പ്രധാന റോഡുമായി ബന്ധിപ്പിക്കാവുന്ന നിരവധി വഴികൾ ഉണ്ടായിട്ടും അവിടെയൊന്നും പരിശോധനയില്ല. ഓരോ രാത്രിയിലും നിരവധി വാഹനങ്ങളാണ് ഊടുവഴികളിലൂടെ അതിർത്തി കടക്കുന്നത്. കാമ്പ്രത്ത്ചള്ളയിലും ചെക്ക് പോസ്റ്റ് സ്ഥാപിച്ച് വാഹനങ്ങളുടെ പരിശോധന കർശനമാക്കണ മെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

