സംഭരണത്തിന് നടപടിയില്ല; നെല്ലുമായി കർഷകർ കാത്തിരിക്കുന്നു
text_fieldsകർഷകയായ പ്രസന്നയുടെ വീട്ടുമുറ്റത്ത് അടുക്കി വെച്ച നെല്ല്
മണ്ണൂർ: പഞ്ചായത്തിലെ ചേറുംബാല പാടശേഖരത്തിലെ കർഷകർ ഒരു മാസത്തോളമായി കൊയ്തെടുത്ത നെല്ലുമായി സംഭരണത്തിന് ആളെത്തുന്നതും കാത്തിരിപ്പാണ്. ഒന്നാം വിളയിൽ കൊയ്ത നെല്ല് ഉണക്കി ചാക്കുകളിലാക്കി പ്ളാസ്റ്റിക് പൊതിഞ്ഞ് മുറ്റത്തും വയലിലുമാണ് സൂക്ഷിച്ചിട്ടുള്ളത്. കനത്ത മഴ പെയ്യുന്ന പക്ഷം അധ്വാനം പാഴാവുമെന്ന ആശങ്കയും കർഷകർക്കുണ്ട്. കാലതാമസമുണ്ടായാൽ ചാക്കുകളിലെ നെല്ലിന് നിറംമാറ്റമുണ്ടാകാനും സാധ്യതയുണ്ടെന്ന് കർഷകർ പറയുന്നു.
80ലധികം കർഷകരാണ് ചേറുംബാല പാടശേഖരത്തിൽ ഒന്നാം വിളയിറക്കിയത്. ഫീൽഡ് ഓഫിസറെത്തി പരിശോധിച്ച് കഴിഞ്ഞാൽ മാത്രമാണ് നെല്ല് സംഭരിക്കാൻ നടപടിയുണ്ടാകൂ. കൂടുതൽ പഞ്ചായത്തുകളിൽ ചുമതലയുള്ളതിനാലാണ് എത്താൻ കഴിയാത്തതെന്നാണ് ഫീൽഡ് ഓഫിസർ പറയുന്നതെന്ന് നാട്ടുകാർ പറയുന്നു.
രണ്ടാം വിളയിറക്കി തുടങ്ങിയെങ്കിലും കൂലി കൊടുക്കാൻ പോലും പലരുടെയും കൈയിൽ പണമില്ല. ഒന്നാം വിള സംഭരിച്ച് അതിന്റെ തുക ലഭിച്ചാലേ കൂലി ചെലവുകൾ നൽകാനാകൂ.
പലരും കടം വാങ്ങിയും സ്വർണാഭരണം പണയം വെച്ചുമാണ് കൃഷിയിറക്കിയിട്ടുള്ളത്. നെല്ല് സംഭരിക്കാൻ സപ്ലൈകോ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പാടശേഖര സമിതി കൺവീനർ കെ.രാധാകൃഷ്ണൻ, പ്രസിഡന്റ് വീരദാസ് എന്നിവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

